കാട്ടിലെ പാട്ട് കേട്ടോളൂ...പാട്ടുയര്‍ത്തുന്ന ചോദ്യങ്ങളും


ശ്രീഷ്മ എറിയാട്ട്

' വേദിയില്‍ അവതരിപ്പിച്ച പാട്ടുകള്‍ എഴുതിയതും സംഗീതം നല്‍കിയതും ഞാന്‍ തന്നെയാണ്. പണിയ ഭാഷയില്‍ പാട്ടുകളെഴുതി പാടുന്നതും അവതരിപ്പിക്കുന്നതും ആ ഭാഷയെ പ്രതിനിധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്'

വിനു കിളിച്ചുള്ളൻ, ദേവനന്ദ എന്നിവർ അക്ഷരോത്സവ വേദിയിൽ പാടുന്നു. | photo: mathrubhumi

പാട്ട് കേള്‍ക്കുമ്പോള്‍ ഏവരും ആടും. അറിയാതെപോലും പാട്ടിനൊത്ത് താളം പിടിക്കും. മണ്ണറിഞ്ഞ, മനസ്സുകൊണ്ടുള്ള ഈണങ്ങള്‍ക്ക് ജീവന്റെ ഊര്‍ജം ഇരട്ടിയാകും. അക്ഷരോത്സവ അങ്കണത്തില്‍ ആദ്യദിനത്തിലെ സായാഹ്നത്തില്‍ കാടിന്റെ സംഗീതമൊഴുകിയത് കാണികളുടെ കാതുകളെയും മനസ്സിനെയും ഒരുപോലെ തൊട്ടുണര്‍ത്തികൊണ്ടായിരുന്നു. വയനാട്ടിലെ ഗോത്രഭാഷയില്‍ വിനു കിളിച്ചുള്ളനും ദേവനന്ദയും തുടികൊട്ടി കാടിന്റെയുള്ള് പാടിയത് വേദി 'ബാംബൂ ഗ്രൂവി'ലായിരുന്നു.

ഭാഷയും ജീവനും നിലനിര്‍ത്താന്‍ ഒരു അതിജീവന സംഗീതം

കാടിനുള്ളിലെ മനുഷ്യരുടെയുള്ളില്‍ ഒരൊറ്റ ആഗ്രഹമേയുള്ളു. നിലനില്‍പ്പ്! സ്വന്തം ഭാഷയില്‍ പറയാനും പാടാനും പഠിക്കാനും അങ്ങനെ ജീവിതാന്ത്യംവരെ തുടരാനുമുള്ള ഒരേയൊരു അഭിലാഷം. ഗോത്രസമൂഹത്തില്‍ നിന്നുള്ള ഈരടികളും മൊഴികളും സംസ്‌കാരവും നിലനിര്‍ത്താനുള്ള യാത്രയുടെ ഭാഗമായാണ് കലാകാരനായ വിനു കിളിച്ചുള്ളന്‍ വേദികള്‍തോറും പാടിയും പറഞ്ഞും സഞ്ചരിക്കാനിറങ്ങിത്തിരിച്ചത്.

' വേദിയില്‍ അവതരിപ്പിച്ച പാട്ടുകള്‍ എഴുതിയതും സംഗീതം നല്‍കിയതും ഞാന്‍ തന്നെയാണ്. പണിയ ഭാഷയില്‍ പാട്ടുകളെഴുതി പാടുന്നതും അവതരിപ്പിക്കുന്നതും ആ ഭാഷയെ പ്രതിനിധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. ഭാഷ സംസ്‌കാരത്തിന്റെ ഭാഗമാണ് അത് ഇല്ലാതായിക്കൂടാ. ഗോത്രഭാഷയ്ക്ക് പ്രാധാന്യം നല്‍കി അത് ആളുകള്‍ക്ക് പരിചയപ്പെടുത്തുക അവര്‍ക്ക് പരിചിതമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്' - വിനു പറഞ്ഞു. കമല്‍ കെ.എം. സംവിധാനം ചെയ്ത 'പട' എന്ന ചിത്രത്തിലേതടക്കം മ്യൂസിക് ആല്‍ബങ്ങളിലും വിനു കിളിച്ചുള്ളന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിനു കിളിച്ചുള്ളന്റെയും ദേവനന്ദയുടേയും പാട്ട് ആസ്വദിക്കുന്നവര്‍ | photo: mathrubhumi

'' പാടുമ്പോള്‍ പറയുകകൂടി ചെയ്യുന്ന രീതി തനിയെ ഉണ്ടാക്കിയെടുത്തതാണ്. ആളുകള്‍ക്ക് കുറേക്കൂടി പണിയ ഭാഷയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ അപ്പോള്‍ എളുപ്പമാകും. പല വരികളും അതിന്റെ ആഴവും അങ്ങനെ വ്യക്തമാകും' - വേദിയില്‍ പാട്ടിനിടയ്ക്ക് സദസ്സിനെ അഭിസംബോധന ചെയ്ത് വയനാടിനും കാടിനും കാട്ടിലെ മനുഷ്യര്‍ക്കും വേണ്ടി സംസാരിക്കുന്ന ശൈലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വിനു പ്രതികരിച്ചു.

ആണ്ടില് വരുന്നവര്‍ക്ക് അറുത്ത് മാറ്റാനുള്ളതല്ല കാട്

ഗോത്രജനതയുള്‍പ്പെടെ കാടിന്റെ ജീവനാഡികളോരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്തെ ആധികള്‍ പങ്കുവെച്ചുകൊണ്ടാണ് 'മുളങ്കാട്ടില്‍' പാട്ട് തുങ്ങിയത്. കാട് തുരന്ന് വരുന്ന അധിനിവേശങ്ങളാല്‍ ഇല്ലാതാകുന്ന ഒരു സംസ്‌കാരത്തെയോര്‍ത്ത്, ജീവിതത്തെയോര്‍ത്ത് പ്രതീക്ഷയറ്റ ഒരു ജനത തങ്ങളുടെ നിരാശകള്‍ പറഞ്ഞു. പുറംനാട്ടില്‍നിന്നും വരുന്നവര്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ മണ്ണും പെണ്ണും മരുന്നുമെല്ലാം തങ്ങളില്‍നിന്നകന്നുപോകുന്ന കാഴ്ച നിസ്സഹായതയോടെ അവര്‍ക്ക് നോക്കിനില്‍ക്കേണ്ടി വരുന്നു.

വിനു കിളിച്ചുള്ളന്‍, ദേവനന്ദ | photo: mathrubhumi

' നാടിനൊപ്പമെത്താന്‍ കാട്ടില്‍ ജീവിക്കുന്നവര്‍ക്കുമാകും. ഒന്നൊപ്പമെത്താന്‍ നാട് ഒരല്‍പ്പം കാത്തുനില്‍ക്കണമെന്ന് മാത്രം. ഗോത്രജനതക്ക് മലയാളം പഠിച്ചെടുക്കാന്‍ പ്രയാസമാണ്. അത് മനസ്സിലാക്കി അവരുടെ ഭാഷയില്‍ പഠിപ്പിക്കാം, രണ്ട് സംസ്‌കാരത്തില്‍നിന്നുള്ള മനുഷ്യരുടെ ഇടപെടല്‍ കുറേക്കൂടി അനുകമ്പയോടെയാക്കാം, ഗോത്രവിഭാഗങ്ങളെ അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇടത്തില്‍തന്നെ ജീവിക്കാന്‍ അനുവദിക്കാം തുടങ്ങി ചെയ്യാവുന്ന കാര്യങ്ങള്‍ ലളിതമാണ്. അവരവരാകാന്‍, അവനവന്റെ സംസ്‌കാരം പിന്തുടര്‍ന്ന് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി'- പാട്ടില്‍ പറഞ്ഞതുതന്നെ വിനു ആവര്‍ത്തിക്കുന്നു.

മാറ്റിനിര്‍ത്താനല്ല, ഉള്‍ക്കൊള്ളാന്‍ പഠിക്കാം

ആര്‍ക്കും ഇടപെടാന്‍ പറ്റാത്ത ഒരു വിഭാഗമായി ഗോത്രജനതയെ മാറ്റിനിര്‍ത്തേണ്ടതില്ല. പി.എച്ച്.ഡി. പ്രബന്ധങ്ങള്‍ക്ക് മാത്രമല്ലാതെയും കാടുകയറാമെന്നും ഊരില്‍ച്ചെന്ന് ആര്‍ക്കും വെള്ളം കുടിക്കാമെന്നും വേദിയില്‍വെച്ച് വിനു പറഞ്ഞിരുന്നു. വയനാട്ടില്‍നിന്നും കുടകിലേക്ക് പണിക്ക് പോകുന്ന എത്രയോ ഗോത്രവിഭാഗക്കാരുടെ ജീവനറ്റ ശരീരങ്ങള്‍ മാത്രം തിരിച്ചുവരുന്നു.

കാടിന്റെ തണുപ്പും തേനും നഷ്ടപ്പെട്ട് ഹൃദയമിടിപ്പ് ശോഷിക്കുന്നു. അങ്ങനെ നിരവധി ആശങ്കകള്‍ എണ്ണിയെണ്ണിപ്പറയുന്ന ഗോത്രസമൂഹത്തോട്, അവരുടെ ചോദ്യങ്ങളോട് ഉത്തരങ്ങള്‍ പറയേണ്ടേ?' അക്ഷരോത്സവവേദിയിലൂടെ കടന്നുപോയവരില്‍ ഈ പാട്ടുകള്‍ കേട്ട, ചിലരെങ്കിലും അതേക്കുറിച്ച് ആലോചിച്ചു കാണണം. താളബോധമുള്ള, കലകളുടെയും ജീവന്റെയും ഉറവ വറ്റാത്ത കുറേ മനുഷ്യര്‍ സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പാട്ട് കേട്ട പോലെ ആ ചോദ്യങ്ങളും നാം കേട്ടേ തീരു എന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: mbifl 2023 vinu kilichullan and devananda song at bamboo grove kanakakunnu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented