കെ. എസ്.രതീഷ്. ചിത്രം കടപ്പാട്; ഫെയ്സ്ബുക്ക്
'കഥയുടെ കാലങ്ങള്‍' എന്ന വിഷയത്തിലാണ് ചര്‍ച്ച. മൂന്നു കഥാകാരന്മാരുള്ള പാനല്‍. അക്ഷരങ്ങളുടെ വേരുതേടി ആഴത്തിലുള്ള ചര്‍ച്ച തുടങ്ങി. രണ്ടാമതായി കെ.എസ് രതീഷിന്റെ ഊഴമാണ്. ആകര്‍ഷകമായി ചിരിക്കുന്ന ഒരാള്‍. ആ ചിരി മറ്റുള്ളവരിലേക്കും നിറയുന്ന കാഴ്ചാനുഭവം. മുഖം വിടരുമ്പോള്‍ മിഴികള്‍ കൂടുതല്‍ ചെറുതാകുന്നു. അപ്പോഴും, കണ്ണാഴങ്ങളില്‍ നിറയെ കഥകള്‍ ഒളിപ്പിച്ച പോലെ തോന്നും.
'എനിക്ക് ഇത്രമേല്‍ ആഴത്തില്‍ കഥയെക്കുറിച്ച് പറയാനറിയില്ല. പകരം ഞാനൊരു കഥ പറയാം'...
'അന്നും പതിവുപോലെ കോടമഞ്ഞിറങ്ങി കാറ്റില്‍ പടര്‍ന്നു ഒഴുകുന്നുണ്ട്. വിശപ്പ് സഹിക്കാനാവാതെ രാവിലെതന്നെ വാവിട്ട് കരയുന്ന മൂന്ന് കുഞ്ഞുങ്ങള്‍. മക്കളുടെ ആമാശയം നിറക്കാനാവാതെ അമ്മ വിങ്ങി. പച്ചവെള്ളം കുടിച്ച് ഇങ്ങനെ എത്രനാള്‍?, ഇനിയും വയ്യ. ആ അമ്മയുടെ മനസാകെ കൈവിട്ടുപോകുന്നു. ഇളയ കുട്ടിയെ ഒക്കത്തുവച്ച് മറ്റു രണ്ടുപേരെയും വിളിച്ച് കൂരക്ക് പുറത്തിറങ്ങി. ഐസ്‌ക്രീം വാങ്ങിതരാമെന്ന് പറഞ്ഞപ്പോള്‍ കണ്ണുതുടച്ചു. വിശപ്പിന്റെ വേദനയിലും എന്നോ കഴിച്ച ഐസ്‌ക്രീമിന്റെ തണുപ്പ് വയറ്റില്‍ കിട്ടി. കരയാതെ അമ്മയോട് ചേര്‍ന്ന് നടന്നു...
ഒരു പൊതി പൊരിയും വാങ്ങി തന്ന് നേരെ നടന്നത് ഡാമിന് മുകളിലേക്കാണ്. ഏറെ നേരം അവിടെ നടന്നിട്ടും അമ്മ ഐസ്‌ക്രീം വാങ്ങുന്നില്ല. ആ വിഷമത്തില്‍ രണ്ടാമന്‍ വാവിട്ട് കരയാന്‍ തുടങ്ങി. അത് കേട്ടാണ് കടലക്കാരന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മൂന്നു മക്കളെയും ഡാമിലേക്കെറിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച അമ്മയെ അയാള്‍ പിന്തിരിപ്പിച്ചു. അടുത്ത ദിവസം ഒരാള്‍ വന്ന് കുട്ടികളെ അനാഥാലയത്തില്‍ ചേര്‍ക്കാനുള്ള കടലാസുകള്‍ കൊടുത്തു. മക്കളും അമ്മയും പലവഴിക്കായി. വിശപ്പിന്റെ അസുഖമുള്ള രണ്ടാമന്‍ പഠിച്ച് അധ്യാപകനായി. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നു'...
ജീവിതം പറഞ്ഞ കഥാകാരന് മുന്നില്‍ ഈറന്‍ കണ്ണുകളോടെ വേദി നിശ്ശബ്ദമായി. ഇലയനക്കം പോലുമില്ലാത്ത അവസ്ഥ. അപ്പോഴും രതീഷ് എന്ന കഥാമനുഷ്യന്റെ മുഖത്ത് അതേ ചിരിയുണ്ട്. പൊടുന്നനെ പിറകില്‍ നിന്ന് വലിയ ശബ്ദത്തില്‍ ഒരു കയ്യടി, അത് സദസ്സാകെ പടര്‍ന്നു. കഥകള്‍ക്കുള്ളിലെ ജീവിതത്തിന്റെ ചൂര് അനുഭവങ്ങളാണെന്ന് അറിഞ്ഞപ്പോള്‍ അത് വായിച്ചവര്‍ക്ക് നെഞ്ചു പൊള്ളിക്കാണും. കടന്നുവന്ന വഴികള്‍ അത്രമേല്‍ ഉള്ളുരുക്കുന്നതാണ്. അതൊക്കെയും ഇന്ന് പലകഥകളായി പുസ്തകരൂപത്തിലുണ്ട്. പ്രിയപ്പെട്ട കഥാകാരന്‍ വീണ്ടും മൈക്ക് ചുണ്ടോടടുപ്പിച്ചു. വേദിയാകെ ഉള്ളിലൊളിപ്പിച്ച വേദനയോടെ ചെവിയോര്‍ത്തു.
വിശപ്പും പാഠങ്ങളും
തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിനോട് ചേര്‍ന്നുള്ള ചെറുഗ്രാമം, പന്ത. അവിടെയാണ് കഥാനായകന്‍ പരുവപ്പെടുന്നത്. നെയ്യാറിന്റെ ഇരമ്പല്‍ കേട്ട് വളര്‍ന്ന ബാല്യം. നോക്കെത്താത്ത ആഴമുണ്ട് നെയ്യാറ്റിന്. പലവഴി ഒലിച്ചുവന്നു ചേരുന്നതിന്റെ കരുത്ത്. മുകളിലെ നിശബ്ദത അകം ചികയുമ്പോള്‍ പാടെ ഇല്ലാതാകും, മനുഷ്യന് സമാനം.
ആത്മഹത്യാശ്രമം കാട്ടുതീ പോലെ പന്തയില്‍ പടര്‍ന്നു. പലരും പല രീതിയില്‍ അതിനെ വ്യാഖ്യാനിച്ചു. അപരിചിതന്‍ കൊണ്ടുവന്ന അനാഥാലയത്തിലെ ഫോമില്‍ ഒപ്പുവക്കുന്ന തിരക്കിലായിരുന്നു സുമംഗല. മക്കളെങ്കിലും അന്നമുണ്ട് കഴിയട്ടെ. ദിവസങ്ങള്‍ക്കകം മൂന്നു മക്കളും പലവഴിക്കായി. മാനസിക അസ്വസ്ഥത കൂടിയ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ തളയ്ക്കപ്പെട്ടു.
ഹോമിലെ ജീവിതം അക്ഷരങ്ങളാല്‍ പ്രതിഫലിപ്പിക്കാനാവാത്തതാണ്. സുന്ദര ജീവിതം അന്യമായ കുറേ കുരുന്നുകള്‍, അവര്‍ക്കുള്ളിലേക്ക് കൊണ്ടുവന്ന് തള്ളി. കുടിക്കുന്ന വെള്ളം പോലും അളന്നേ കൊടുക്കൂ. അന്ന്, രണ്ട് ഇഡ്ഡലി കഴിച്ചിട്ട് വിശപ്പു തീര്‍ന്നില്ല. ഒന്നുകൂടി ചോദിച്ചു. മുഖമടച്ച് ഒറ്റ അടിയാണ് കിട്ടിയത്. ആ വേദന ഇന്നും രതീഷിന്റെ കണ്ണുകളില്‍ ആഴത്തിലുണ്ട്. പിന്നീട് ഓരോ തവണ ഇഡ്ഡലി കാണുമ്പോഴും തലച്ചോറിലേക്ക് വേദന പടരും. മറ്റ് മുതിര്‍ന്ന കുട്ടികളുടെ ശാരീരിക അക്രമങ്ങള്‍ അതിനും അപ്പുറമാണ്.
വേദനകളാണ് അക്ഷരം പഠിക്കാനുള്ള ഇന്ധനമായത്. ജീവിതത്തെ അതിജയിക്കാന്‍ അക്ഷരങ്ങള്‍ക്ക് സാധിക്കുമെന്ന് തിരിച്ചറിഞ്ഞതാണ്. അത് പത്താം തരത്തിലെ ഉയര്‍ന്ന വിജയം സമ്മാനിച്ചു. സാധാരണഗതിയില്‍ മറ്റ് കൈതൊഴില്‍ പഠിപ്പിക്കുന്നതാണ് ഹോമിലെ രീതി. എന്നാല്‍ അക്ഷരങ്ങളെ കീഴ്പ്പെടുത്താനുള്ള രതീഷിന്റെ വ്യഗ്രത പ്ലസ് ടു പഠനത്തിന് വഴിവച്ചു. ഭൂമിയില്‍ ഒന്നും പാഴാകില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വലിയ മാര്‍ക്കോടെ ജയിച്ചു. നെയ്യാറിലേക്ക് ഒഴുകി വന്നു പൊട്ടുന്ന ജല കുമിളകള്‍ പോലെ തകര്‍ന്നു പോകേണ്ട ജീവിതത്തിന് കരുത്തുവന്നു.

വിലകൊടുത്തു വാങ്ങിയ അച്ഛന്‍
പ്ലസ് ടു കഴിഞ്ഞതോടെ ഹോമില്‍ നിന്ന് ഇറങ്ങി. വലിയ കുടുംബം തീര്‍ത്തും അന്യമായി. മതിലിന് പുറത്തുനിന്നു മാത്രമുള്ള കാഴ്ചയായി ആ ജീവിതം മാറി. ചെയ്യാന്‍ സാധിക്കുന്ന സകല ജോലികളിലും പരിചയ സമ്പന്നനായി. അക്ഷരങ്ങള്‍ കീഴടക്കാനുള്ള പോരാട്ടത്തില്‍ ഒന്നും തടസ്സമായില്ല.
പഠനം സ്വപ്നങ്ങള്‍ക്കൊപ്പം മുന്നോട്ടുപോയ കാലമാണത്. എന്നാല്‍ പ്രതിസന്ധികളുടെ പെയ്തു തീരാത്ത പേമാരി വീണ്ടും വഴിമുടക്കി. ബിഎഡിന് പോയപ്പോള്‍ മാതാപിതാക്കള്‍ വരാതെ ചേരാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അന്നത്തെ വലിയൊരു തുക ആദ്യ പ്രവേശനത്തിനായും വേണ്ടിവന്നു. അന്നത്തിനായി വേവലാതിപ്പെടുന്നവന് തീണ്ടാപ്പാടകലെയാണ് പറഞ്ഞതൊക്കെയും. പക്ഷെ പിന്മാറാന്‍ തയ്യാറല്ലാത്ത മനസ്സിന് മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ പലത് തെളിഞ്ഞു.
300 രൂപ കൊടുത്ത് വാടകക്ക് ഒരു മനുഷ്യനെ അച്ഛനാക്കി. കോളേജില്‍ കൊണ്ടുപോയി അച്ഛനെന്ന് പറയുമ്പോള്‍ നെഞ്ച് പൊട്ടി ചോര കിനിയുന്ന അവസ്ഥ. കാണാനും അറിയാനും പോകുന്ന പുതിയ കാലത്തെ ഓര്‍ത്ത് എല്ലാം ഉള്ളിലൊതുക്കി. ജീവിതാവസ്ഥകളെല്ലാം അടുത്ത ബാറിലെ ഒരു മനുഷ്യനോട് പറഞ്ഞപ്പോള്‍ ജോലിയും കിടക്കാനിടവും നല്‍കി. രാവിലെ ബാറാകെ തുടച്ചു വൃത്തിയാക്കണം രാത്രി വീണ്ടും തുടരണം. അതിനിടക്ക് ഏതൊക്കെയോ സമയത്ത് പഠനം.
പരീക്ഷാ സമയത്ത് കൂടുതല്‍ പണം അവശ്യമായി വന്നു. കക്കൂസ് ടാങ്ക് വൃത്തിയാക്കുന്ന പണിക്കു പോകാന്‍ പിന്നീടൊന്ന് ആലോചിച്ചില്ല. മറ്റൊന്നിനും ആവശ്യത്തിനുള്ള പണം കിട്ടുമായിരുന്നില്ല. ശരീരമാകെ എണ്ണ തേച്ച് സെപ്റ്റിക്ക് ടാങ്കിലേക്ക് ഇറങ്ങുമ്പോള്‍ വായിച്ചു പഠിച്ച അക്ഷരങ്ങളാണ് മനസ്സു കൈവിടാതെ പിടിച്ചത്. അനുഭവങ്ങളുടെ പൊള്ളലില്‍ പരീക്ഷ എഴുതി. അക്ഷരങ്ങള്‍ക്ക് കൂടുതല്‍ മിഴിവുവന്നത് അതുകൊണ്ടാകണം. സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കുന്ന വിജയത്തോടെ പഠനം പൂര്‍ത്തിയാക്കി.
കീഴ്പ്പെടാതെ ജീവിക്കണം
ചെറിയ കൂര കെട്ടി അച്ഛന്‍ വീണ്ടും വിളിച്ചു. അമ്മയ്ക്കൊപ്പം കൂടെപിറപ്പുകളെയും പലയിടത്തുനിന്നായി തേടിപ്പിടിച്ചു. ജീവിതം വീണ്ടെടുത്ത സന്തോഷത്തില്‍ പുതിയ സ്വപ്നം കണ്ടു. എന്നാല്‍ വാറ്റുചാരയം ഉണ്ടാക്കാന്‍ സാധ്യമായ ഒരിടവും കുറെ സഹായികളുമായിരുന്നു അച്ഛന്റെ ലക്ഷ്യം. അത് സാധിക്കാതെ വന്നപ്പോള്‍ ആ മനുഷ്യന്‍ ഹൃദയമില്ലാത്ത ഒരുവനെപോലെ പിന്നെയും ഒളിച്ചോടി. ആ കെട്ട കാലത്താണ് വെളിച്ചമായി അധ്യാപകന ജോലി കിട്ടിയത്. അനിയത്തിയെ കല്യാണം കഴിപ്പിച്ചു, വീടുകെട്ടി. ബബിഹ ജീവിതത്തിന്റെ കൈപിടിച്ചു. യഥാര്‍ത്ഥ കഥ അവിടെയാണ് തുടങ്ങുന്നത്.
അന്നേവരെ കടന്നു വന്ന വഴികള്‍ പലപ്പോഴായി എഴുതിയെങ്കിലും അച്ചടി മഷി പുരണ്ടില്ല. കാലം അതെല്ലാം കൂടുതല്‍ തീവ്രമാക്കി മനസ്സില്‍ തുന്നിവെച്ചു. വൈകാതെ തന്നെ ആ കഥാ മനുഷ്യനെ വായനാ ലോകം ചേര്‍ത്ത് പിടിച്ചു. പിന്നീട് ഇന്നേവരെ അക്ഷരങ്ങള്‍ക്ക് വിരാമമിട്ടിട്ടില്ല. എഴുതി തീര്‍ക്കുന്നത് ഒക്കെയും വേദനയാണ്. നടന്നു തീര്‍ത്ത വഴികളിലെ വായന ആരെയും പൊള്ളിക്കും. പ്രതിസന്ധികളെ എങ്ങനെയൊക്കെ കീഴടക്കാമെന്ന് രതീഷ് മാഷിന്റെ ജീവിത പുസ്തകങ്ങളിലുണ്ട്. അദ്ദേഹം വേദിയിലിരുന്ന് ചിരിക്കുന്നതിന്റെ കാരണവും ആ വരികളില്‍ വായിച്ചെടുക്കാം. രതീഷ് മാഷ് തന്റെ പുസ്തകത്തിന്റെ ആദ്യ പുറങ്ങളില്‍ ഇങ്ങനെ എഴുതി,...
'ഒരു കഥയിലെന്തിരിക്കുന്നു?
ഞാനതില്‍ നൊന്തിരിക്കുന്നു'...
Content Highlights: ks ratheesh mbifl life story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..