'അയ്യപ്പനും കോശിയിലും മറ്റൊരാളായിരുന്നെങ്കിൽ അവര്‍ക്ക് പിന്നെ യഥേഷ്ടം അവസരം ലഭിച്ചിട്ടുണ്ടാകും'


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.in



Premium

പഴനി സ്വാമിയും അനു പ്രശോഭിനിയും

നു പ്രശോഭിനി. ഗോത്രവിഭാഗത്തില്‍ നിന്ന് ആദ്യമായി മിസ് കേരള മത്സരത്തിന്റെ റാമ്പിലെത്തിയ പെണ്‍കുട്ടി. ഇരുള ഗോത്രവിഭാഗത്തില്‍ നിന്ന മോഡലിങ് രംഗത്തേക്കുള്ള അവളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. മുന്‍വിധികളേയും ഒറ്റപ്പെടുത്തലുകളേയും മറികടന്നായിരുന്നു വെള്ളിവെളിച്ചത്തിലേയ്ക്കുള്ള അവളുടെ യാത്ര. ആ യാത്രയില്‍ അവള്‍ക്ക് താങ്ങും തണലുമായി ഒപ്പം നിന്നത് ഗോത്രകലാകാരനും ചലച്ചിത്ര താരവുമായ പിതാവ് പഴനി സ്വാമിയായിരുന്നു. മുഖ്യധാരയിലേയ്ക്കുള്ള ഇരുവരുടേയും യാത്ര ഏറെ ശ്രമകരമായിരുന്നു. ആ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് അനു പ്രശോഭിനിയും പിതാവ് പഴനി സ്വാമിയും.

എങ്ങനെയായിരുന്നു മിസ് കേരള മത്സരത്തിലേക്കുള്ള യാത്ര ?

അനു പ്രശോഭിനി: അട്ടപ്പാടിയിലെ തനത് കലാരൂപങ്ങളൊന്നും സമൂഹം അറിയാതെപോകുകയായിരുന്നു. അവ സമൂഹത്തിന് മുന്നിലേക്ക് എത്തിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് അട്ടപ്പാടിക്കാരി എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആ ചാനലിലൂടെ അട്ടപ്പാടിയിലെ നൃത്തവും പാരമ്പര്യഭക്ഷണവുമെല്ലാം പരിചയപ്പെടുത്തിയിരുന്നു. ഇതെല്ലാം കണ്ടിട്ടാണ് മിസ് കേരളയിലേക്ക് അവസരം ലഭിക്കുന്നത്. മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് എത്തിയപ്പോള്‍ ടൈറ്റില്‍ വിന്നറാകാനും സാധിച്ചു. പിന്നെ, മോഡലിങ് മേഖലയിലേക്ക് എത്തണം, മിസ് കേരള മത്സരത്തില്‍ പങ്കെടുക്കണം എന്നതെല്ലാം ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു. ചെറുപ്പത്തില്‍ ടിവിയിലെ മോഡലുകള്‍ ഹീലുള്ള ചെരുപ്പ് ഉപയോഗിക്കുന്നത് കാണുമ്പോള്‍ അത് പോലെ നടക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതെല്ലാം ജീവിതത്തില്‍ നടക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. എന്റെ നേട്ടം സമുദായത്തിലെ മറ്റ് പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃക കൂടിയാണ്. എനിക്ക് ഇതുപോലെ ഒരു വേദിയിലേക്ക് എത്താന്‍ സാധിക്കുമെങ്കില്‍ നാളെ അവര്‍ക്കും അത് സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം.

അത്രയ്ക്ക് ലളിതമായിരുന്നോ ആ യാത്ര, എന്തെല്ലാം വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്?

അനു പ്രശോഭിനി: മിസ് കേരള പോലുള്ള ഒരു വേദിയിലേക്ക് ആദ്യമായിട്ടാണ് ഗോത്രവിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി എത്തുന്നത്. തുടക്കത്തില്‍ ഊരിലുള്ളവര്‍ക്കിത് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. മോഡലിങ് വളരെ മോശപ്പെട്ട എന്തോ ഒന്നായിട്ടാണ് അവര്‍ കണ്ടിരുന്നത്. അതിനാല്‍തന്നെ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ പിന്തുണച്ചത് മാതാപിതാക്കള്‍ മാത്രമായിരുന്നു. ഊരിലായാലും പൊതുസമൂഹത്തിലായാലും പിന്തിരിപ്പിക്കാന്‍ മാത്രമായിരുന്നു പലരും ശ്രമിച്ചത്. മകളെ മോഡലിങ്ങിന് വിട്ടല്ലോ എന്ന ചോദ്യം പലപ്പോഴും മാതാപിതാക്കള്‍ക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴും മാതാപിതാക്കള്‍ വലിയ പിന്തുണയാണ് നല്‍കിയത്. പറയുന്നവര്‍ പറഞ്ഞോട്ടെ എന്നായിരുന്നു അവരുടെ നിലപാട്. സ്‌കൂളില്‍ അധ്യാപകര്‍ നല്ല പിന്തുണയാണ് നല്‍കിയത്. പക്ഷേ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല.

പഴനി സ്വാമി: മകളുടെ കഴിവുകള്‍ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞത് അവളുടെ അമ്മയായിരുന്നു. ഇങ്ങനെ ഒരു മേഖലയിലേക്ക് എത്തുമ്പോള്‍ ആളുകള്‍ നിരുത്സാഹപ്പെടുത്തുമെന്ന് എനിക്കറിയാമായിരുന്നു. പതിനാറാം വയസ് മുതല്‍ സിനിമയില്‍ ആഭിനയിക്കാന്‍ ആഗ്രഹിച്ചു നടന്നയാളാണ് ഞാനും. ഒരുപാട് സിനിമകളില്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. എത്രയോ വര്‍ഷത്തിന് ശേഷമാണ് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ഒരു നല്ല വേഷം ചെയ്യാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഈ മേഖലയെക്കുറിച്ച് നന്നായിട്ട് അറിയാം.

മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു, ടൈറ്റില്‍ വിന്നറുമായി. എങ്കിലും ഏതെങ്കിലും തരത്തിലുള്ള വിവേചനം എന്തിന്റെ എങ്കിലും പേരില്‍ ഉണ്ടായിട്ടുണ്ടോ?

അനു പ്രശോഭിനി: മുമ്പ് ഒരുപാട് മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അത് പൊതുസമൂഹത്തില്‍നിന്നും വന്നിട്ടുണ്ട്, സ്വന്തം സമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നടക്കം മാറ്റിനിര്‍ത്തലികള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. സഹപാഠികളുടെ ഭാഗത്ത് നിന്നുണ്ടായ അത്തരം മാറ്റിനിര്‍ത്തലുകള്‍ ആ പ്രായത്തിലുള്ളവരുടെ ഈഗോ പ്രശ്‌നമായാണ് കാണുന്നത്. പക്ഷേ, അതെല്ലാം എനിക്ക് ഗുണകരമായി മാറി. അതുകൊണ്ട് മാറ്റിനിര്‍ത്തിയവരോട് വളരെ നന്ദിയുണ്ട്. മുമ്പ് ഇത്തരം സാഹചര്യങ്ങളില്‍ വിഷമമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആരുമില്ലെങ്കിലും പ്രശ്‌നമില്ല എന്ന സ്ഥിതിയാണ്. ഊരുകളില്‍ നിന്ന് വലിയ പ്രതികൂല പ്രതികരണമാണ് നേരിടേണ്ടിവന്നത്. പക്ഷേ മത്സരത്തില്‍ പങ്കെടുത്തതോടെ അതെല്ലാം ആളുകള്‍ മാറ്റിപ്പറയാന്‍ തുടങ്ങി. സിനിമയിലെല്ലാം അഭിനയിച്ച ശേഷം ആളുകള്‍ ഒരുപരിധിവരെ അംഗീകരിക്കാന്‍ തുടങ്ങി.

എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചത്?

അനു പ്രശോഭിനി: മുമ്പെല്ലാം വളരെ വിഷമം തോന്നിയിരുന്നു. ജീവിതത്തില്‍ അത്രത്തോളം ഒറ്റപ്പെടല്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ എത്രത്തോളം എന്നെ ഒറ്റപ്പെടുത്തുന്നുവോ അത്രത്തോളം ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. എന്നിലുള്ള കഴിവുകള്‍ എന്തെല്ലാമാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. ഒറ്റപ്പെടുത്തുന്നത് നല്ലതാണ്, നമ്മുടെ ജീവിതവിജയത്തിന് നല്ലൊരു വഴിയാണെന്ന് മനസിലായി. നമ്മുടെ സമൂഹത്തില്‍ ഏതൊരു പെണ്‍കുട്ടിയായാലും സ്ത്രീ ആയാലും ഇതുപോലെ ഒരു വേദിയിലേക്ക് എത്തുമ്പോള്‍ എന്തായാലും എതിര്‍പ്പുകള്‍ ഉണ്ടാകും. അതെല്ലാം മറികടന്ന്, വിജയിച്ച് കാണിക്കണം എന്ന വാശിയുണ്ടായിരുന്നു.

പഴനി സ്വാമി: മകള്‍ ഒരു പെണ്‍കുട്ടിയാണ്, അവള്‍ ഈ രംഗത്ത് വരുമ്പോള്‍ ഒരുപാട് വിമര്‍ശനം ഉണ്ടാകും, പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. കൂടുതല്‍ വായിക്കുകയും പുറത്ത് ഒരുപാട് സഞ്ചരിക്കുകകയും ചെയ്യുമ്പോള്‍ നമ്മുടെ കാഴ്ച്ചപ്പാട് ഒരുപാട് മാറും, ചിന്താഗതി മാറും. ഞങ്ങളുടെ ആളുകള്‍ക്ക് വായനാശീലം പൊതുവേ കുറവാണ്. അട്ടപ്പാടിക്ക് ഉള്ളില്‍ തന്നെ ഒതുങ്ങി ജീവിക്കുന്നത് കൊണ്ട്, ഇടുങ്ങിയ ചിന്താഗതികൊണ്ടാണ് വിമര്‍ശിക്കുന്നതെന്നറിയാം. അട്ടപ്പാടിക്ക് പുറത്തേക്ക് വന്നപ്പോള്‍ എനിക്ക് മനസിലായി അങ്ങനെയൊന്നുമില്ലെന്ന് മനസിലായി. ഞങ്ങളുടെ സമുദായത്തില്‍ പെണ്‍കുട്ടികളെ 18, 19 വയസില്‍ തന്നെ കല്യാണം കഴിഞ്ഞ് പോകുകയാണ് പതിവ്. അതോടെ കഴിഞ്ഞു. ഞാനെങ്കിലും എന്റെ മകളെ പിന്തുണ നല്‍കി, ഒരു പ്രചോദനമായി മാറണം എന്ന് ആഗ്രഹിച്ചിരുന്നു.

എല്ലാക്കാര്യങ്ങളും അനുവിനോട് ആശയവിനിമയം ചെയ്തിരുന്നു. എല്ലാത്തരത്തിലുള്ള പ്രശ്‌നങ്ങളും പങ്കുവെച്ചിരുന്നു. പ്രശ്‌നങ്ങള്‍ എങ്ങനെ ഉണ്ടായിയെന്നും അതെങ്ങനെ പരിഹരിച്ചുവെന്ന് കൃത്യമായി പങ്കുവെച്ചിരുന്നു. അതുവഴി അവള്‍ക്ക് ഒരു ധൈര്യം ലഭിച്ചിരുന്നു. പിന്നെ അവള്‍ ഒറ്റക്ക് തന്നെ ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖികരിച്ചിരുന്നു. മുതിര്‍ന്നപ്പോള്‍ കൂട്ടുകാരില്‍ നിന്നും മറ്റും അവള്‍ക്കും പ്രശ്‌നമുണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലെല്ലാം അവള്‍ക്ക് ധൈര്യം കൊടുത്തിരുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ് മുന്നോട്ട് വരാന്‍ സാധിക്കുക. എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നാല്‍ ബുദ്ധി പ്രവര്‍ത്തിക്കില്ല.

ഒരുതരത്തില്‍ നിങ്ങളുടെ കലാപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയല്ലേ?

പഴനി സ്വാമി: ഇതില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ട്. കുറച്ച് കഴിയുമ്പോള്‍ ആളുകള്‍ക്ക് വ്യക്തമായി മനസിലാകും. പണ്ട് നമ്മള്‍ സാമൂഹിക പ്രവര്‍ത്തനമാണ് ചെയ്തിരുന്നത്. അത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കും. എന്നാല്‍ കലാമേഖയിലൂടെ വരുമ്പോള്‍ ആ പ്രശ്‌നമില്ല, കല എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താന്‍ താരതമ്യേമ എളുപ്പമാണ്. ഒരു സാമുദായിക സംഘടനയ്ക്ക് ഒപ്പം നിന്ന് പോരാടി മുന്നോട്ട് വരവ് അത്ര എഴുപ്പമല്ല. അത്തരത്തിലുള്ള ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ കലാമേഖലയില്‍ മത്സരമുണ്ടെങ്കിലും കുഴപ്പമില്ല, സമൂഹം അംഗീകരിക്കും. എല്ലാവരും അംഗീകരിക്കും.

അര്‍ഹിക്കുന്ന അംഗീകാരമോ അവസരമോ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? കൂടുതല്‍ അവസരങ്ങള്‍ തേടിയെത്താറുണ്ടോ ?

പഴനി സ്വാമി: ലഭിക്കുന്നില്ല. മകള്‍ മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു, ടൈറ്റില്‍ വിന്നറായി, മോഡലിങ് ചെയ്യുന്നു. പക്ഷേ, മറ്റൊരു പെണ്‍കുട്ടിക്ക് ലഭിക്കുന്ന അത്രയും അവസരങ്ങള്‍ അവള്‍ക്ക് ലഭിക്കുന്നില്ല. പൊതുസമൂഹത്തിലുള്ള ഒരു പെണ്‍കുട്ടിയെ പിന്തുണയ്ക്കാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ അത്തരത്തിലൊരു പിന്തുണ നമുക്ക് ലഭിക്കുന്നില്ല. നമുക്ക് അവസരങ്ങള്‍ വളരെ കുറവാണ്. ആരെങ്കിലും വിളിച്ച് അവസരം തന്നാല്‍ തന്നു. മറ്റുള്ളവരെ പ്രമോട്ട് ചെയ്യാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ ഗോത്രവിഭാഗത്തില്‍ നിന്ന് വന്നതിനാല്‍ തന്നെ നമുക്കത് വളരെ കുറവാണ്. തീര്‍ച്ചയായും വലിയ ബുദ്ധിമുട്ട് തോന്നാറുണ്ട്. നമ്മള്‍ ഇതുവരെ വന്നിട്ടും അതിന് അപ്പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. പക്ഷേ ഇവിടെ നിന്ന് മുന്നോട്ട് പോകാന്‍ സാധിക്കിന്നില്ല. അങ്ങനെ നോക്കുമ്പോള്‍, ഗോത്രവിഭാഗത്തില്‍ നിന്ന് വരുന്നതിനാല്‍ മാറ്റിനിര്‍ത്തപ്പെടുകയാണ് എന്ന് തോന്നുന്നുണ്ട്.

ആദ്യം നമ്മള്‍ എവിടെ തുടങ്ങിയോ അവിടെ തന്നെ ഇപ്പോഴും നില്‍ക്കുകയാണ്. പ്രതിസന്ധിഘട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കന്നത്. ഇത്രയും നമ്മള്‍ ചെയ്തിട്ടും മുന്നോട്ട് സഞ്ചരിക്കാന്‍ പറ്റുന്നില്ല. അതൊരു വലിയ വെല്ലിവിളിയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രം മറ്റൊരാളാണ് ചെയ്തിരുന്നതെങ്കില്‍ അവര്‍ക്ക് ഇഷ്ടംപോലെ അവസരം ലഭിച്ചിട്ടുണ്ടാകും. പക്ഷേ എനിക്ക് ഒന്നോ രണ്ടോ സിനിമ മാത്രമാണ് കിട്ടിയത്. മോള്‍ക്കും വലിയ അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. നല്ല സിമികകളും വലിയ ബ്രാന്‍ഡിന്റെ അവസരങ്ങളും ലഭിക്കേണ്ടതാണ്. പക്ഷേ അതുണ്ടായില്ല. ഇതെല്ലാം മറികടക്കാന്‍ നമ്മള്‍ സ്വയം സിനിമ സംവിധാനം ചെയ്യേണ്ട സ്ഥിതിയാണ്.

Content Highlights: interview with anu prasobhini and palani swami

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented