സുധ വർഗീസ്.ഫോട്ടോ:രാഹുൽ ജി.ആർ
കോട്ടയം കാഞ്ഞിരത്താനത്തെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുധാ വര്‍ഗീസ് എന്ന കുട്ടിക്ക് ഒരു മാഗസിന്‍ കയ്യില്‍ കിട്ടുന്നത്. പുസ്തകം വെറുതെ മറച്ചുനോക്കുന്നതിനിടെ ബിഹാറിലെ പൊളിഞ്ഞുവീഴാറായ ഒരു കുടിലിന്റെ ചിത്രം സുധയുടെ കണ്ണിലുടക്കി. അവിടേയുള്ള മുസഹര്‍ വിഭാഗത്തിന്റെ ചിത്രമായിരുന്നു അത്. ഈ കുടിലിലും മനുഷ്യര്‍ ജീവിക്കുന്നുണ്ടല്ലോയെന്ന
ചിന്തയില്‍ പിന്നീട് അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനൊരുങ്ങുകയായിരുന്നു സുധ. അവിടെ നിന്ന് തുടങ്ങിയ യാത്ര അവരെ സൈക്കില്‍ ദീദിയാക്കി. ആശയറ്റ നിരവധി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാക്കി. ഒടുവില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയപ്പോള്‍ സൈക്കിള്‍ ദീദി മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
- കോട്ടയം കാഞ്ഞിരത്താനത്തെ പെണ്‍കുട്ടി ബിഹാറിലെ സൈക്കിള്‍ ദീദി
1965-ല്‍ അന്ന് പാട്‌നയില്‍ നിന്നെത്തിയ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പമാണ് ആദ്യം ബിഹാറില്‍ പോവുന്നത്. അന്ന് റോഡരികില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. ബിഹാറിലെ മുസാഹര്‍ ആദിവാസി വിഭാഗങ്ങളായിരുന്നു അത്. കുടിലെന്ന് പോലും പറയാന്‍ പറ്റാത്തയിടത്ത് ജീവിക്കുന്നവര്‍, വിശപ്പടക്കാന്‍ എലിയെ പോലും തിന്നുന്നവര്‍, ഒരു നേരം ഇടാനുള്ള വസ്ത്രം പോലുമില്ലാത്തവര്‍. എന്തിന് തങ്ങള്‍ക്ക് നേരേ ലൈംഗിക പീഡനം നടക്കുമ്പോള്‍ അത് കുറ്റമാണെന്ന തിരിച്ചറിവ് പോലും ഇല്ലാത്തവരായിരുന്നു. ആദ്യം കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് നോട്ടര്‍ഡാം അക്കാദമയില്‍ ചേര്‍ന്നു. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെടുത്തു. ഉന്നത വിദ്യാഭ്യാസം നേടി. അവിടെ തന്നെ ജോലികിട്ടിയെങ്കിലും 1986-ല്‍ ജോലി രാജിവെച്ച് മുസഹര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നു. അവരുടെ ഭാഷ പഠിച്ചെടുക്കലായിരുന്നു വലിയ വെല്ലുവിളി. ഒരു കുഞ്ഞു ബാഗുമെടുത്ത് ഈ വിഭാഗത്തിനൊപ്പം താമസിക്കാന്‍ തുടങ്ങി. അവരുടെ കുടിലുകളില്‍ ഉറങ്ങി. അവരിലൊരാളായി മാറി. അവിടെ നിന്നാണ് ഇവര്‍ക്കൊപ്പമുള്ള ജീവിതം തുടങ്ങിയത്. അവര്‍ എനിക്കുമൊരു കുടില്‍ പണിത് തന്നു.

- ആദ്യം പരിഹാരം കണ്ടത് വിദ്യാഭ്യാസത്തിന്
പെണ്‍കുട്ടികള്‍ക്ക് പുറമെ യുവാക്കളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അവിടേയുള്ള യുവാക്കളെല്ലാം മദ്യപിച്ചും പാന്‍മസാലകള്‍ ഉപയോഗിച്ചുമെല്ലാം സമയം പോക്കി ഒരു പണിയും ചെയ്യാതെ നടക്കുന്നവരായിരുന്നു. ക്രമേണ ക്രിമിനലിസത്തിലേക്കും മറ്റും മാറും. ഇതിനൊരു പരിഹാരം കാണണമെന്ന ചിന്തയുണ്ടായിരുന്നു. അങ്ങനെ എന്റെ കൂടേയുള്ള ചിലരെ അവരുടെ അടുത്തേക്കയച്ചു. നിങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് ആഗ്രഹമെന്ന് ചോദിച്ചു. അവരുടെ ഉത്തരം വിചിത്രമായിരുന്നു. ക്രിക്കറ്റ് കളിക്കണം. ആദ്യം 11 അംഗ സംഘത്തിന് ക്രിക്കറ്റ് കിറ്റ് നല്‍കി. അത് കണ്ടപ്പോള്‍ മറ്റ് സ്ഥലത്തെ കുട്ടികളും കിറ്റ് ചോദിച്ചു. ഒരു ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നോ മറ്റോ കിട്ടിയ തുകകൊണ്ട് അവര്‍ക്കും കിറ്റ് വാങ്ങിച്ചുകൊടുത്തു. ഇപ്പോള്‍ 35 ടീമായി. ഇന്ന് ഗ്രാമത്തില്‍ 500 ഓളം മികച്ച കളിക്കാരുണ്ട്. അവര്‍ പല ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. വിജയിക്കുന്നു.
.jpeg?$p=8646f55&&q=0.8)
- കൃഷിയിലേക്കിറക്കി, ഒടുവിലവര്‍ സ്വന്തം ഭൂമി വാങ്ങി
പത്ത് സ്ത്രീകള്‍ വീതം ചേര്‍ന്ന് വയലുകള്‍ പാട്ടത്തിനെടുത്തു. ഗോതമ്പ്, നെല്ല്, ഉള്ളി എന്നിവയെല്ലാം കൃഷി ചെയ്തു. ഇത് വലിയ വിജയമായിരുന്നു. അവര്‍ക്കും ആവേശമായി. നമുക്ക് എല്ലാ വര്‍ഷവും കൃഷി ചെയ്യണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, എല്ലാ വര്‍ഷവുമല്ല. ഇന്ന് മുതല്‍ എല്ലായ്‌പ്പോഴും കൃഷി ചെയ്യാമെന്ന്. സവാളയ്ക്ക് വലിയ വില വര്‍ധനവുണ്ടായിരുന്ന കാലത്ത് വമ്പിച്ച ലാഭമാണ് ഇവര്‍ക്ക് കൃഷിയില്‍ നിന്നും ലഭിച്ചത്. പലര്‍ക്കും നാലും അഞ്ചും ലക്ഷം രൂപ ലാഭം കിട്ടി. അഞ്ചുരൂപ കൂലികിട്ടിയിരുന്നിടത്ത് നിന്നാണ് ഇതെന്ന് ഓര്‍ക്കണം. മാത്രമല്ല ഇവരുടെ കുടിലുകളില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പോലും അരിയും നെല്ലും നിറഞ്ഞു. ഈ സ്ത്രീകളുടെ വിജയത്തില്‍ ആവേശം ഉള്‍ക്കൊണ്ട് ഇപ്പോള്‍ 5000 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ലാഭം കിട്ടിയ പണം കൊണ്ട് എട്ട് മുസഹര്‍ സ്ത്രീകള്‍ സ്വന്തമായി ഭൂമി വാങ്ങി. അവരുടെ മുതുമുത്തച്ഛന്‍മാര്‍ക്ക് പോലും സാധിക്കാത്ത കാര്യമാണ് ഈ സ്ത്രീകള്‍ നേടിയെടുത്തത്. മാത്രമല്ല എലിയെ പിടിച്ച് തിന്ന് വിശപ്പടക്കിയവരിലാണ് ഈ മാറ്റമുണ്ടായത്.
.jpg?$p=84c89f6&&q=0.8)
- പീഢനം കുറ്റമാണെന്ന് മനസ്സിലാവാത്തവര്‍
സ്‌റ്റേഷനിലെത്തി ഞാന്‍ പറഞ്ഞു. കേസെടുക്കണമെന്ന്. അപ്പോള്‍ എന്റെ കൂടെയുള്ള പെണ്‍കുട്ടിയെ നോക്കി അവര്‍ ചോദിച്ചു. ഇത്രയും മുഷിഞ്ഞ വേഷത്തിലുള്ള വൃത്തികെട്ട ഈ പെണ്‍കുട്ടിയെ ആര്‍ക്കെങ്കിലും പീഡിപ്പിക്കാന്‍ തോന്നുമോ?എന്നിട്ട് ചിരിച്ചു. പക്ഷെ ഞാന്‍ നിര്‍ബന്ധിച്ചു. എന്നിട്ടും അവര്‍ തയ്യാറായില്ല. ഒടുവില്‍ ഒരൂ കൂട്ടം സ്ത്രീകളെ കൂട്ടി ഞങ്ങള്‍ റോഡ് സ്തംഭിപ്പിച്ച് സമരം നടത്തി. അത് വലിയ വാര്‍ത്തയായി. മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതോടെ പോലീസുകാര്‍ കേസെടുക്കാന്‍ നിര്‍ബന്ധിതരായി. ഇവരുടെ കാര്യത്തില്‍ വലിയ രീതിയില്‍ ഇടപെടുന്നുവെന്നത് കൊണ്ടുതന്നെ വലിയ ഭീഷണിയായിരുന്നു എനിക്കുണ്ടായിരുന്നത്. കൊല്ലാന്‍ വരെ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ മുസഹര്‍ വിഭാഗത്തിന് വേണ്ടി മാത്രമായി വലിയ രീതിയില്‍ ഇടപെടുന്നത് കൊണ്ട് മറ്റ് വിഭാഗക്കാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു.
.jpeg?$p=40c3a96&&q=0.8)
- മുസഹര്‍ മാത്രം, ഒടുവില്‍ സൈക്കിള്‍ ദീദിയായി
പല കാരണങ്ങളാല്‍ വീടുവിട്ടുപോവേണ്ടി വന്ന നിരവധി പെണ്‍കുട്ടികളുണ്ടായിരുന്നു ഗ്രാമത്തില്‍. അവരെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഒപ്പം പെണ്‍കുട്ടികളായാല്‍ കുറ്റിക്കാട്ടിലും മറ്റും ആരും കാണാതെ എറിഞ്ഞ് കളയുന്ന പ്രവണതയും ഇവിടെയുണ്ടായിരുന്നു. അവരേയും പുനരധിവസിപ്പിക്കേണ്ടിയിരുന്നു. ഇത് രണ്ടിനും അവിടെ പ്രത്യേക സെന്ററുകള്‍ ഞാന്‍ തുടങ്ങിയിട്ടുണ്ട്. 1987-ല്‍ നാരീഗുഞ്ജ് എന്ന സംഘടനയാണ് വീട് വിട്ടുപോവുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയത്. കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന സംഘടന സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയുള്ളതാണ്. ഒരേ സമയത്ത് 25 പെണ്‍കുഞ്ഞുങ്ങളെവരെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. തന്റെ ഇവരോടൊപ്പമുള്ള പ്രവര്‍ത്തനം കണ്ട് ബിഹാര്‍ സര്‍ക്കാര്‍ മൈനോറിറ്റി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ആയി നിയമിച്ചിരുന്നു. രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.
Content Highlights: Cycle deedi sudha vargese from bihar mbifl2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..