മാതൃഭൂമി-ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാം പതിപ്പിനു തുടക്കംകുറിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ശശി തരൂർ എം.പി.യും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കോളേജ് ബർസാർ ഫാ.സോജി മാത്യു, പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ.തോമസ്, മാതൃഭൂമി മീഡിയ സൊലൂഷൻസ് എ.ജി.എം. വിഷ്ണു നാഗപ്പള്ളി, ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വി.നന്ദകുമാർ, ഫെഡറൽ ബാങ്ക് സോണൽ ഹെഡ്ഡ് രഞ്ജി അലക്സ്, മാതൃഭൂമി ജനറൽ മാനേജർ - പബ്ലിക് റിലേഷൻസ് കെ.ആർ.പ്രമോദ്, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ് എന്നിവർ സമീപം
തിരുവനന്തപുരം: ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്തു സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംവാദ പരിപാടിയായ 'സ്പീക്ക് ഫോർ ഇന്ത്യ'യുടെ ഏഴാം പതിപ്പിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ തുടക്കമായി. .
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായാണ് സ്പീക്ക് ഫോർ ഇന്ത്യ സംവാദം.
ഡോ. ശശി തരൂർ എം.പി.യും കാഴ്ചപരിമിതിയെ അതിജീവിച്ച് സിവിൽ സർവീസിന്റെ തിളക്കം നേടിയ തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളായി. സ്പീക്ക് ഫോർ ഇന്ത്യ മത്സരത്തിലെ മുൻ ഫൈനലിസ്റ്റും പോപ്പുലർ ചോയ്സ് വിന്നറുമാണ് ഗോകുൽ.തനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനം സംവാദമായിരുന്നെന്നും നമ്മുടെ ന്യായവും വാദവുമൊക്കെ ശക്തിപ്പെടുത്താൻ സംവാദം സഹായിക്കുമെന്നും ശശി തരൂർ പറഞ്ഞു.
സ്പീക്ക് ഫോർ ഇന്ത്യയിൽ സംസാരിച്ചാൽ വേറൊരു വേദിയിൽ സംസാരിക്കാൻ നിങ്ങൾക്ക് അവസരം കിട്ടും. വിദ്യാർഥിക്കാലത്തുതന്നെ സംവാദത്തിന്റെ കാര്യക്ഷമത തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമുക്കു സംവദിക്കേണ്ടിവരുന്നുണ്ട്. സൗഹൃദത്തിലൂടെയും മാന്യതയോടെയും ആശയങ്ങൾ പങ്കുവെയ്ക്കുക. അധിക്ഷേപമോ അപമാനിക്കലോ പാടില്ല. സംവാദം ഒരു യുദ്ധമല്ല - അദ്ദേഹം കൂട്ടിച്ചേർത്തു.
12-ാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ മാനസികനിലയോടെ വന്ന ഒരാളിനെ ഇതുപോലൊരു സ്റ്റേജിൽ സംസാരിക്കാൻ പ്രാപ്തിയുള്ള ഒരാളാക്കി എന്നതാണ് സ്പീക്ക് ഫോർ ഇന്ത്യ സംവാദത്തിന്റെ വിജയമെന്ന് തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുൽ പറഞ്ഞു.
ശക്തവും വ്യക്തവുമായി നമ്മുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനാവുമെന്നതാണ് സംവാദത്തിന്റെ പ്രത്യേകത. സ്വന്തം നിലപാടാണ് സംവാദത്തിലൂടെ പ്രതിനിധീകരിക്കുന്നത്. വാക്കാണ് സത്യം. സദസ്സിനു മുന്നിൽ നാം പറഞ്ഞുപോയതിൽ നിന്നു പിന്നീട് ഒളിച്ചോടാനാവില്ല. ഏറെ സൗഹൃദങ്ങളും വാർത്തെടുക്കപ്പെട്ടതാണ് വ്യക്തിപരമായി മറ്റൊരു അനുഭവം - ഗോകുൽ പറഞ്ഞു.
ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ മേധാവി രഞ്ജി അലക്സ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് നന്ദകുമാർ വി., മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ.തോമസ്, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റർ പി.അനിൽ കുമാർ എന്നിവരും സംസാരിച്ചു. രാജേഷ് കേശവ് മോഡറേറ്ററായി.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..