ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ഭാഗമായി കോട്ടയം മാന്നാനം കെ.ഇ.കോളേജിൽ നടന്ന ബ്ലോക്ക് തല മത്സരം ഫെഡറൽ ബാങ്ക് സീനിയർ മാനേജരും ഗാന്ധിനഗർ ബ്രാഞ്ച് മേധാവിയുമായ ഇമ്മാനുവൽ റ്റി.പാണ്ടിയാമാക്കൽ ഉദ്ഘാടനം ചെയ്യുന്നു
മന്നാനം: ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ജില്ലയിലെ രണ്ടാമത് ബ്ലോക്ക് തല മത്സരം മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിൽ നടന്നു.
കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ് എന്ന വിഷയത്തിലാണ് സംവാദം നടത്തിയത്. വിഷയത്തിൽ വിദ്യാർഥികൾ അവരുടെ നിലപാടുകൾ വ്യക്തമാക്കി. സമയപരിധിയെ എതിർക്കുന്നവരാണ് കൂടുതലുണ്ടായിരുന്നതെങ്കിലും രക്ഷിതാക്കളുടെ അശങ്കയും രാത്രികാലങ്ങളിലെ സ്ത്രീ സുരക്ഷയുടെ പരിമിതിയും ഉൾക്കൊണ്ട് നിയന്ത്രണം വേണമെന്ന നിലപാട് അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായി.
ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്നാണ് സമയക്രമത്തെ എതിർക്കുന്നവരുടെ വാദം. 18 വയസ്സിൽ വോട്ടവകാശമുള്ള, 21-ാം വയസ്സിൽ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുള്ള നാട്ടിൽ എന്തിനാണ് സമയ നിയന്ത്രണമെന്നും അവർ ചോദിക്കുന്നു. എന്നാൽ, സമൂഹം സുരക്ഷിതമല്ലാത്ത അവസ്ഥയിൽ പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്താണ് നിബന്ധനകളെന്നും സമൂഹത്തിൽ ജീവിക്കുമ്പോൾ നിബന്ധനകൾ പാലിക്കണമെന്ന് വാദിച്ചവരും ഏറെയായിരുന്നു.
ഫെഡറൽ ബാങ്ക് സീനിയർ മാനേജരും ഗാന്ധിനഗർ ബ്രാഞ്ച് ഹെഡുമായ ഇമ്മാനുവൽ ടി.പാണ്ടിയാമാക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി.വഞ്ചിപുരയ്ക്കൽ, മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി.സുരേഷ്, കോളേജ് ബർസാർ ഫാ.ബിജു തെക്കെക്കുറ്റ്, റോണി ജോർജ് എന്നിവർ പ്രസംഗിച്ചു. ഫെഡറൽ ബാങ്ക് ഹോർമീസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ.പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..