സ്പീക്ക് ഫോർ ഇന്ത്യ പരിപാടി ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഇ. സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ, പി.ടി.എം. ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫൈസൽ എന്നിവർ സമീപം
പെരിന്തൽമണ്ണ: കാലികപ്രസക്തമായ ചോദ്യത്തിന്റെ ചുവടുപിടിച്ചായിരുന്നു പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിലെ സംവാദവേദിയിൽ ആവേശം നിറച്ചത്. കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമോ എന്നതായിരുന്നു ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദപരിപാടിയിലെ വിഷയം. ഫെഡറൽബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ 'ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ' കേരള എഡിഷൻ ഏഴാംപതിപ്പിലെ നാലാം ബ്ലോക്ക് തല മത്സരമാണ് തിങ്കളാഴ്ച പെരിന്തൽമണ്ണയിൽ നടത്തിയത്. നാലാം വർഷവും തുടർച്ചയായി സംവാദപരിപാടിയിൽ പങ്കെടുക്കുന്ന എം.ഇ.എസ്. കെ.വി.എം. കോളേജിലെ വിദ്യാർഥി കാവ്യയാണ് സംവാദവിഷയത്തിൽ ആദ്യം സംസാരിച്ചത്. വിദ്യാലയത്തിൽ വരുന്നത് പഠിക്കാനാണെന്നും അതിന് കൃത്യനിഷ്ഠയോടെ മുന്നോട്ടുപോകുന്നതിന് ഹോസ്റ്റലുകളിലെ സമയനിയന്ത്രണം ആവശ്യമാണെന്നുമായിരുന്നു കാവ്യയുടെ പക്ഷം. ഇതിനെ അനുകൂലിച്ചായിരുന്നു തുടർന്നെത്തിയ പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിലെ ശ്രുതിയും പറഞ്ഞുവെച്ചത്. കുട്ടികളുടെ താമസ സൗകര്യത്തിനൊപ്പം അവരുടെ ശാരീരികവും മാനസികവുമായ കാര്യങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സമയനിഷ്ഠ ഇല്ലാതെവന്നാൽ വൈകിയെത്തുന്ന കുട്ടികൾ ലഹരിയടക്കമുള്ള മാഫിയകളുടെ പിടിയിലേക്ക് വീഴാൻ സാധ്യതയേറെയാണെന്നും പറഞ്ഞു. ഇതിന് മറുവാദവുമായി കെ.ആർ. ശ്രീനാരായണ കോളേജ് വിദ്യാർഥി അതുൽ എത്തി. ഹോസ്റ്റലുകൾ താമസിക്കുന്നവർക്ക് അവർ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ രാത്രിയോ പകലോ എന്നില്ലാതെ ചെയ്യാൻ കഴിയുകയെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തിന്മനിറഞ്ഞ കാര്യങ്ങൾ കൂടുതലും നടക്കുന്നത് രാത്രിയിലാണെങ്കിൽ അതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നും അതുൽ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ സമയനിയന്ത്രണം ആവശ്യമാണെന്നും സ്വതന്ത്ര ചിന്തകൾക്ക് നിയന്ത്രണമില്ലെങ്കിൽ എന്തുസംഭവിക്കുമെന്ന് എല്ലാവർക്കുമറിയാമെന്നുമായിരുന്നു അൽജാമിഅ ആർട്സ് കോളേജിലെ ഷൈമ ബിൻത് ഉദാഹരണസഹിതം പറഞ്ഞത്. ഹോസ്റ്റലുകൾ എല്ലാവരെയും ഒരു കുടുംബമായി കാണാൻ പ്രാപ്തമാക്കുന്നതിനൊപ്പം നല്ല ജീവിതത്തെ ചിട്ടപ്പെടുത്താനും സഹായിക്കുന്നുണ്ടെന്നും അവിടെ സമയനിയന്ത്രണം ആവശ്യമാണെന്നും പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിലെ വിദ്യാർഥിനി നൗഫ് പറഞ്ഞു. പകൽസമയങ്ങളെ അംഗീകരിക്കാൻ കഴിയുന്ന പെൺകുട്ടികൾക്ക് രാത്രിയെയാണോ ഭയപ്പെടേണ്ടതെന്നായിരുന്നു റിതു സുൽത്താനയുടെ ചോദ്യം.
പെരിന്തൽമണ്ണ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഇ. സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. പി.ടി.എം. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫൈസൽ, മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..