സ്‌പീക്ക് ഫോർ ഇന്ത്യ പരിപാടി ഫെഡറൽ ബാങ്ക് മഞ്ചേരി സീനിയർ മാനേജർ കെ. ശ്രീകാന്ത് ഉദ്ഘാടനംചെയ്യുന്നു. മാതൃഭൂമി മലപ്പുറം റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, യൂണിറ്റി വനിതാ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് എ. അനിതാബീഗം എന്നിവർ സമീപം
മഞ്ചേരി: കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമോ എന്ന സ്‌പീക്ക് ഫോർ ഇന്ത്യ സംവാദ പരിപാടി വീറും വാശിയുമുള്ള പ്രതികരണങ്ങളാൽ ആവേശകരമായി. മഞ്ചേരി യൂണിറ്റി വനിതാ കോളേജിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് സ്‌പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാംപതിപ്പിലെ മൂന്നാം ബ്ലോക്കുതല മത്സരമാണ് വെള്ളിയാഴ്‌ച യൂണിറ്റി കോളേജിൽ നടന്നത്.
സൂര്യൻ അസ്തമിച്ചാൽ കൂട്ടിൽ കയറാൻ കുട്ടികളോട് ആജ്ഞാപിക്കാനാവില്ല എന്നായിരുന്നു കിഴിശ്ശേരി റീജണൽ കോളേജിലെ ലുലു ഹസ്‌നയുടെ അഭിപ്രായം. ഡൽഹിയിലും പോണ്ടിച്ചേരിയിലുമുള്ള സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കൊന്നും ഇത്തരം ഹോസ്റ്റൽ നിയന്ത്രണങ്ങളില്ല.
എന്നാൽ സമയനിഷ്ഠ വേണമെന്നും അത്രയ്ക്ക് നല്ലതല്ല ഇക്കാലമെന്നും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ ഹൃദ്യാരാജ് അഭിപ്രായപ്പെട്ടു.ഹോസ്റ്റൽ പഠനലക്ഷ്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളോടെയുള്ള ഇടത്താവളമാണ്.
നഗരങ്ങളിലെ രാത്രികാല തെരുവുകളിൽ പാർട്ടികളുടെയും പബ്ബിന്റെയും ലഹരിയിൽ മുങ്ങിയ നേരമ്പോക്കുകളുടെയും മങ്ങിയ കാഴ്‌ചകളാണ് എങ്ങും കാണുക.
പഠനപ്രവർത്തനങ്ങൾക്കുള്ള അന്തരീക്ഷം തന്നെയാണ് ഹോസ്റ്റലുകളിലുമുണ്ടാകേണ്ടതെന്ന് യൂണിറ്റി കോളേജിലെ ജാസിറാ ബീഗം.
അക്രമികളെയാണ് പൂട്ടിയിടേണ്ടത്, അല്ലാതെ അക്രമത്തിനിരയാകുന്നവരെയല്ല എന്നാണ് മറ്റൊരഭിപ്രായമായി ഉയർന്നത്.
ഒരുഭാഗത്ത് ലോകോത്തര നിലവാരത്തിന് വാദിക്കുന്ന കേരളം ലോകത്തെവിടെയുമില്ലാത്ത ഹോസ്റ്റൽ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുന്നത് വൈരുധ്യമാണെന്നാണ് ഒരു കുട്ടി ചൂണ്ടിക്കാട്ടിയത്. ഭരണഘടനയും സ്വാതന്ത്ര്യത്തിന്റെ മഹത്ത്വവും ചൂണ്ടിക്കാട്ടിയാണ് ചിലർ നിയന്ത്രണങ്ങളെ എതിർത്തത്.
മഞ്ചേരി ഫെഡറൽ ബാങ്ക് സീനിയർ മാനേജർ എം. ശ്രീകാന്ത് ഉദ്‌ഘാടനംചെയ്തു. യൂണിറ്റി വനിതാ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് എ. അനിതാബീഗം സ്വാഗതംപറഞ്ഞു.
മാതൃഭൂമി മലപ്പുറം റീജണൽ മാനേജർ സി. സുരേഷ്‌കുമാർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..