സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ നടന്ന ‘ഫെഡറൽബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ പരിപാടി ഫെഡറൽ ബാങ്ക് ബത്തേരി ബ്രാഞ്ച് മാനേജർ പി.എസ്. ശ്രീജിത്ത് ഉദ്ഘാടനംചെയ്യുന്നു. ഫാ. എൻ.ബി. ജിൻസ്, കെ.എ. സനുഷ്കുമാർ, ഡോ. പി.സി. റോയ് എന്നിവർ സമീപം
സുൽത്താൻബത്തേരി: സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങൾ ചോദ്യംചെയ്തും നിലപാടുകൾ ഉറക്കെപ്പറഞ്ഞും കലാലയയുവത്വം തിളച്ചുമറിഞ്ഞപ്പോൾ കേൾവിക്കാരിലും ആവേശം അലയടിച്ചു. ആശയങ്ങളുടെ വാക്മുനയിൽ, തീപാറുന്ന സംവാദപ്പോരിനായിരുന്നു ചൊവ്വാഴ്ച ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ വേദിയായത്.
അച്ചടക്കമുള്ള തലമുറ വളർന്നുവരാൻ കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണെന്ന് വാദിച്ചവർ ഒരുവശത്ത്. പ്രായപൂർത്തിയായ യുവത്വത്തെ മുറിക്കുള്ളിൽ തളച്ചിടുന്നത് അനാവശ്യമാണെന്നു വാദിച്ചവർ മറുവശത്ത്. കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി നിശ്ചയിക്കണോ? എന്നവിഷയത്തിൽ അനുകൂലിച്ചും എതിർത്തും വിവിധ കോളേജുകളിൽനിന്നെത്തിയ വിദ്യാർഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ വേദിയിൽ പങ്കുവെച്ചു. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിനാണ് ബത്തേരി സെയ്ന്റ് മേരീസ് കോളേജ് വേദിയായത്.
ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യമാണ് സമയപരിധി ആവശ്യമില്ലെന്ന് വാദിച്ചവരുടെ പ്രധാന ആയുധം. സുരക്ഷയുടെയും അച്ചടക്കത്തിന്റെയും ചട്ടക്കൂടുകളെ മുൻനിർത്തിയായിരുന്നു മറുഭാഗത്തിന്റെ വാദം. ലോകരാഷ്ട്രങ്ങളിലെ വിദ്യാർഥികൾ പുതിയ കണ്ടെത്തലുകൾക്ക് പിന്നാലെപോകുമ്പോൾ ഇവിടുത്തെ വിദ്യാർഥികളെ രാത്രിയെക്കുറിച്ച് ഭയപ്പെടുത്തി പൂട്ടിയിടുകയാണെന്നായിരുന്നു മാളവികയുടെ വാദം. സ്വാതന്ത്ര്യ ത്തിനൊപ്പം സുരക്ഷയ്ക്കും പ്രാധാന്യംനൽകണമെന്നും അത് പ്രിയപ്പെട്ടവരുടെ കരുതലായി കാണണമെന്നും ഉയർത്തിക്കൊണ്ട് ദീപാ ശശി അനുകൂലവാദങ്ങളെ എതിർത്തു. സമയനിയന്ത്രണത്തിൽ ആണിനും പെണ്ണിനും രണ്ട് നീതിയാണെന്ന് ഡെൽന ബിജു വാദിച്ചു.
സംവാദപരിപാടി ഫെഡറൽ ബാങ്ക് ബത്തേരി ബ്രാഞ്ച് മാനേജർ പി.എസ്. ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.സി. റോയ്, ഫാ. എൻ.ബി. ജിൻസ്, മാതൃഭൂമി കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ് കെ.എ. സനുഷ്കുമാർ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ചുഘട്ടങ്ങളിലായാണ് നടക്കുക.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..