ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദങ്ങളുടെ ബ്ലോക്ക്തല മത്സരം കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് എം.ആർ. മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു. പ്രിൻസിപ്പൽ ഷാജി തദ്ദേവൂസ് സമീപം
കല്പറ്റ: ഒരുമിനിറ്റിനുള്ളിൽ വേറിട്ട ആശയങ്ങളുടെ സമഗ്രമായ അവതരണമായി യുവത്വം വേദിയെ കീഴടക്കിയപ്പോൾ, ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദപരിപാടിക്ക് ആവേശത്തുടക്കം. ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയുടെ ബ്ലോക്ക്തല മത്സരങ്ങളാണ് ജില്ലയിൽ തുടങ്ങിയത്. ആദ്യവേദിയായ കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ വിവിധ കലാലയങ്ങളിൽനിന്നെത്തിയ 50-ഓളം വിദ്യാർഥികളാണ് മാറ്റുരച്ചത്.
‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ’ എന്നവിഷയത്തിലായിരുന്നു സംവാദം. വിദ്യാർഥിനികളെ രാത്രിസമയങ്ങളിലും പൊതുഇടങ്ങളിലേക്ക് സ്വീകരിക്കുന്നരീതിയിലേക്ക് സമൂഹം പരുവപ്പെട്ടിട്ടില്ലെന്ന പി. മിഥുന്റെ വാദത്തോടെയായിരുന്നു സംവാദം തുടങ്ങിയത്. പൗരാവകാശങ്ങളെ ഉയർത്തി മുഹമ്മദ് അഷ്ലം അനുകൂലവാദങ്ങളെ എതിർത്തു. പുരുഷാധിപത്യമൂല്യങ്ങളാണ് ഹോസ്റ്റൽനിയമത്തിലെ വിവേചനത്തിന് അടിസ്ഥാനമെന്ന് അലീന സോജൻ വാദിച്ചു. വടകരഭാഷയിൽ ‘സാറുമാര് തോന്ന്യോലേ കുട്ടികളെ അഴിച്ചുവിട്ടേക്കരുതെന്ന്’ വാദിച്ച് നന്ദിത മോഹൻ സദസ്സിന്റെ കൈയടിനേടി. സ്ത്രീസുരക്ഷയും ജനാധിപത്യവും ലിംഗസമത്വവും മെഡിക്കൽകോളേജ് സമരവും ഹൈക്കോടതിവിധിയുമെല്ലാം പലകുറി വാദങ്ങളിൽ പരാമർശിക്കപ്പെട്ടു.
സംവാദപരിപാടി ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് എം.ആർ. മുരളീധരൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഷാജി തദ്ദേവൂസ്, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ നീനു മോഹനൻ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ചുഘട്ടങ്ങളിലായാണ് നടക്കുക.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..