ആലുവ യു.സി. കോളേജിൽ ‘സ്പീക് ഫോർ ഇന്ത്യ’ സംവാദം ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് റോസ്മിൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി റീജണൽ മാനേജർ പി. സിന്ധു, യു.സി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, കോളേജ് യൂണിയൻ ഡിബേറ്റ് ക്ലബ്ബ് കൺവീനർ ജെസ്ലി ജോഷി എന്നിവർ സമീപം
ആലുവ: ശതാബ്ദി പിന്നിട്ട ആലുവ യു.സി. കോളേജിലെ ഓഡിറ്റോറിയത്തിൽ ഉയർന്നത് യുവത്വത്തിന്റെ ശബ്ദം. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ബ്ലോക്ക് തല മത്സരമാണ് ആലുവയിൽ നടന്നത്. 'കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമുണ്ട്' എന്ന വിഷയത്തിലായിരുന്നു സംവാദം. വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാർഥികൾ വാക്കുകളാൽ ഏറ്റുമുട്ടി.
ജീവിതത്തിന്റെ സുവർണകാലമായ യൗവനത്തിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്ന് ആദ്യം വേദിയിലെത്തിയ യു.സി. കോളേജ് വിദ്യാർഥി റോമി വാദിച്ചു. നിയന്ത്രണം നൽകി വിദ്യാർഥികളെ ഉപദ്രവിക്കുകയാണെന്ന് റോമി പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും സുരക്ഷ മുൻനിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നല്ലതാണെന്നും യു.സി. കോളേജിലെ അനീറ്റ അജിയുടെ വാദം.
നിയമങ്ങളില്ലാത്ത രാജ്യത്തെ ജനങ്ങൾ എങ്ങും എത്തില്ലെന്ന് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ നവീന ഷൈൻ പറഞ്ഞു. നിയമത്തെ അനുസരിക്കുക എന്നത് നാഗരിക ജനതയുടെ ഉത്തരവാദിത്വമാണെന്ന് നവീന ഓർമിപ്പിച്ചു. സ്ത്രീ പുരുഷ ഭേദമില്ലാതെ നിയന്ത്രണങ്ങൾ വിദ്യാർഥികൾക്കുമേൽ അടിച്ചേൽപ്പിച്ച് അവരുടെ മൗലികാവകാശത്തിൽ കടന്നുകയറാനുള്ള ശ്രമം ഉചിതമല്ലെന്ന് കളമശ്ശേരി സെയ്ന്റ് പോൾസ് കോളേജിൽനിന്നെത്തിയ ടെസി പ്രിൻസ് വാദിച്ചു.
ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും തോട്ടയ്ക്കാട്ടുകര ബ്രാഞ്ച് ഹെഡുമായ റോസ്മിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. യു.സി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, മാതൃഭൂമി റീജണൽ മാനേജർ പി. സിന്ധു എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ബ്ലോക്ക് തല മത്സരങ്ങൾക്കു പിന്നാലെ ജില്ല, സോണൽ, സെമി, ഫൈനൽ എന്നിങ്ങനെ വിവിധ റൗണ്ടുകളിൽ കോളേജ് വിദ്യാർഥികൾ സംവാദത്തിലേർപ്പെടും. തിരഞ്ഞെടുത്ത 50 കോളേജുകളാണ് ആദ്യ ഘട്ടത്തിന് വേദിയാവുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..