രാജഗിരി കോളേജിൽ സ്പീക് ഫോർ ഇന്ത്യ സംവാദം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു. രാജഗിരി ഇൻസ്റ്റിറ്റ്യൂട്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ,മാതൃഭൂമി റീജണൽ മാനേജർ പി. സിന്ധു എന്നിവർ സമീപം
കൊച്ചി: അച്ചടക്കമുള്ള തലമുറ വളർന്നുവരാൻ കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണെന്ന് വാദിച്ചവർ ഒരു വശത്ത്. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യത്ത് കൂച്ചുവിലങ്ങുകൾ അനാവശ്യമാണെന്ന് വാദിച്ചവർ മറുവശത്ത്. ആശയങ്ങളുടെ വാക്മുനയിൽ സംവാദങ്ങളുടെ പൊരിഞ്ഞ പോരിന് എറണാകുളത്ത് തുടക്കമായി.
ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിലെ ജില്ലയിലെ ബ്ലോക്കുതല മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങി. കാക്കനാട് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസാണ് ആദ്യ മത്സരത്തിന് വേദിയൊരുക്കിയത്.
‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിലായിരുന്നു സംവാദം. 18-ാം വയസ്സിൽ വോട്ടവകാശവും 21-ാം വയസ്സിൽ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും അവകാശമുള്ള രാജ്യത്ത് ഹോസ്റ്റലുകളിൽ സമയപരിധി വേണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണെന്ന് വരിക്കോലി മുത്തൂറ്റ് കോളേജിലെ അതുൽ കൃഷ്ണ വാദിച്ചു. രാത്രിയായാൽ കൂടണയുക എന്നത് പ്രകൃതി നിയമമാണെന്നും ബുദ്ധിയുള്ളവർ അതിനെ അനുകൂലിക്കുമെന്നും വിഡ്ഢികൾ എതിർക്കുമെന്നും ഇതേ കോളേജിലെ നന്ദന വാദിച്ചു.
കോളേജ് ഹോസ്റ്റലുകളിൽ നിയന്ത്രണം കൊണ്ടുവരാൻ ആർക്കാണ് തിടുക്കമെന്നായിരുന്നു കാക്കനാട് രാജഗിരി കോളേജിലെ റെജിൻ ജോസിന്റെ സംശയം.
കുട്ടികളിൽ അച്ചടക്കമുണ്ടാകാനും കഴിവു കൂട്ടാനും ചില നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു മുത്തൂറ്റ് കോളേജിലെ സേതുലക്ഷ്മിയുടെ വാദം.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..