ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ‘സ്പീക്ക് ഫോർ ഇന്ത്യ കേരളാ എഡിഷൻ’ ഏഴാം പതിപ്പിന്റെ ബ്ലോക്ക്തല മത്സരം കണ്ണൂർ എസ്.എൻ. കോളേജിൽ ഫെഡറൽ ബാങ്ക് അസോസിയറ്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് മേധാവിയുമായ വി.വിവേക് ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ.പി.പ്രശാന്ത്, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സമീപം
തോട്ടട: ഫെഡറൽ ബാങ്ക് ‘മാതൃഭൂമി'യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ 'ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ബ്ലോക്കുതല മത്സരം കണ്ണൂർ എസ്.എൻ. കോളേജിൽ നടന്നു. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിലായിരുന്നു സംവാദം. ഒരു മിനിട്ടിനുള്ളിൽ വിദ്യാർഥികൾ ആശയങ്ങളുടെ വിശാലലോകം തുറന്നു.
സ്വാതന്ത്ര്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്നവർക്ക് എന്തിനാണ് ഹോസ്റ്റലുകളിൽ സമയനിയന്ത്രണമെന്ന വാദവും ഭാവിയിലെ തിളങ്ങുന്ന ജീവിതത്തിന്റെ വഴികാട്ടിയാണ് ഹോസ്റ്റലെന്നുമുള്ള വാദവും ചിലർ മുന്നോട്ടുവെച്ചപ്പോൾ ജിവിതത്തിൽ കൃത്യനിഷ്ഠ അനിവാര്യമാണെന്ന് മറ്റു ചിലർ വാദിച്ചു.
കേരളത്തിലെ പീഡനങ്ങളുടെ കണക്കുകൾ നിരത്തിയാണ് വിഷയത്തെ ചിലർ അനുകൂലിച്ചത്. പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി സദസ്യരെ പങ്കെടുപ്പിച്ച് നടത്തിയ ചോദ്യോത്തര മത്സരവും കുട്ടികൾക്ക് ആവേശമായി. ചിലരുടെ കലാപ്രകടനും പരിപാടിക്ക് മാറ്റുകൂട്ടി.
മത്സരം ഫെഡറൽ ബാങ്ക് അസോസിയറ്റ് വൈസ് പ്രസിഡൻറും കണ്ണൂർ ബ്രാഞ്ച് ഹെഡുമായ വി.വിവേക് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ.പി. പ്രശാന്ത്, അസി. പ്രൊഫസർ ടി.വി.ശ്രീനിഷ്, മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടമായാണ് നടത്തുന്നത്.
Content Highlights: speak for inda 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..