ഫോട്ടോ: മധുരാജ്
എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ മാതൃഭൂമിയിലൂടെ പുറംലോകത്ത് എത്തിച്ച ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് എഴുതുന്നു.
2001 മാര്‍ച്ച് 21-നാണ് 'വിഷമഴ പെയ്യുന്നു, ദീനം പരക്കുന്നു' എന്ന പരമ്പര മാതൃഭൂമി പത്രത്തില്‍ തുടങ്ങുന്നത്. ഒമ്പതുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ കളര്‍ ഫോട്ടോ 'തലയുടെ ഭാരം താങ്ങാന്‍ ആവാതെ' എന്ന തലക്കെട്ടില്‍ നല്‍കിക്കൊണ്ടായിരുന്നു അത്. തന്റെ ഉടലിനെക്കാള്‍ വലിയ തലയുമായി വാവിട്ടു നിലവിളിക്കുകയാണവള്‍... പത്രത്തിന്റെ മുകള്‍വശത്തായിരുന്നു ചിത്രത്തിന്റെ സ്ഥാനം. 'കാസര്‍കോട് ജില്ലയില്‍ ബോവിക്കാനത്തിനടുത്ത് മൂലട്ക്ക ലക്ഷംവീട് കോളനിയിലെ എട്ടുമാസം പ്രായമായ സൈനബ അനക്കാന്‍ പറ്റാത്ത തലയുമായി വേദനയോടെ...' എന്ന് അടിക്കുറിപ്പ്. ഇളം നിറത്തിലുള്ള ബോക്‌സിന് അകത്താണ് ചിത്രവും വാര്‍ത്തയും ലേഔട്ട് ചെയ്തിരുന്നത്. തലയുടെ ഭാരം നിമിത്തം കുഞ്ഞിന് പാല് കൊടുക്കാനാകാത്ത അമ്മ ജമീലയുടെ സങ്കടം റിപ്പോര്‍ട്ടര്‍ എസ്.ഡി. വേണുകുമാര്‍ വാക്കുകളിലൂടെ വരച്ചിട്ടപ്പോള്‍ വായനക്കാരന് ഞെട്ടലും വേദനയുമായി. രാവിലെമുതല്‍ കേരളമൊട്ടാകെയുള്ള ന്യൂസ് ബ്യൂറോകളില്‍ അതിന്റെ അലയൊലി മുഴങ്ങി. ഇത്തരം ഒരു ചിത്രം കണ്ടതിന്റെ അസ്വസ്ഥതയോടൊപ്പം ആ മനുഷ്യാവസ്ഥ അവരില്‍ സൃഷ്ടിച്ച വേദനയും അത് ഉണ്ടാക്കിയവരോടുള്ള പ്രതിഷേധവും ആ വാക്കുകളില്‍ നിറഞ്ഞു.
കാല്‍നൂറ്റാണ്ടുകാലം ആകാശത്തിലൂടെ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിച്ചതിനാല്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളില്‍ പിടയുന്ന ഒരു ഭൂഭാഗത്തിന്റെ നിലവിളിയായിരുന്നു അന്ന് കുഞ്ഞുസൈനബയുടെ ചിത്രത്തിലൂടെ പുറംലോകം കേട്ടത്. കെ. ഗോപാലകൃഷ്ണനായിരുന്നു അന്ന് പത്രത്തിന്റെ എഡിറ്റര്‍. ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ് അന്ന് കണ്ണൂര്‍ ന്യൂസ് എഡിറ്ററായിരുന്നു. രാവിലെ നടക്കുന്ന യോഗത്തില്‍ ഈ സംഭവത്തെ ആസ്പദമാക്കി ഒരു പരമ്പര തയ്യാറാക്കാനായി ഞങ്ങളെ ചുമതലപ്പെടുത്തിയത് അദ്ദേഹമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള എന്ന പൊതുമേഖലാ സ്ഥാപനം അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് നടത്തുന്ന കശുമാവ് കൃഷിത്തോട്ടത്തില്‍ മരുന്ന് എന്നു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണ് ഈ ദുരിതങ്ങള്‍ വിതയ്ക്കുന്നത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
കാസര്‍കോട് ജില്ലയിലെ 11 സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ തോട്ടങ്ങളുടെ സമീപം താമസിക്കുന്ന നാട്ടുകാരായിരുന്നു വിഷപ്രയോഗത്തിന്റെ ഇരകള്‍. കേന്ദ്ര നാഡീവ്യൂഹത്തെയും പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കുന്ന ഈ വിഷം തലമുറകളുടെ കണ്ണികളുടെ തുടര്‍ച്ചയെ അവതാളത്തിലാക്കാന്‍ കെല്‍പ്പുള്ള ഘോരവിഷമാണെന്ന് ഇതിനകം ശാസ്ത്രം തിരിച്ചറിഞ്ഞിരുന്നു. പഠനങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ ജനങ്ങളുടെ തിരിച്ചറിവിന്റെ ദശാസന്ധിയിലാണ് മാതൃഭൂമിയും അവരുടെ പോരാട്ടങ്ങളോട് കൈകോര്‍ത്തത്. അതിനുശേഷം വിഷം തീണ്ടിയ ഭൂമിയിലേക്കുള്ള നിരന്തര യാത്രകള്‍, റിപ്പോര്‍ട്ടുകള്‍, ഫോട്ടോ പ്രദര്‍ശനങ്ങള്‍ എന്നിവ നടന്നു.
എം.എ. റഹ്‌മാന്‍, അംബികാസുതന്‍മാങ്ങാട് തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഈ പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നു. 2011 ഏപ്രിലില്‍ നടന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കുന്ന ഘട്ടംവരെയുള്ള പോരാട്ടത്തില്‍ മാതൃഭൂമി മുന്നണിപ്പോരാളിയും സഹയാത്രികനും വഴികാട്ടിയുമായി കൂടെയുണ്ടായിരുന്നു. ഈ യാത്രയില്‍ പത്രത്തിനൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും പങ്കുചേര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദി ഭരണകൂടമാണ് എന്ന് തുറന്നുപറയാന്‍ അന്ന് കേരളം ഭരിച്ചിരുന്ന ഇടത് ഗവണ്‍മെന്റിന്റെ നായകന്‍ വി.എസ്. അച്യുതാനന്ദന്‍ ആര്‍ജവം കാട്ടി. 2006-ല്‍ ദുരന്തത്തിന്റെ ഇരകളായി ജീവിക്കുന്ന മനുഷ്യര്‍ക്ക് നാമമാത്രമായെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ആഗോള നിരോധനത്തിനുമുമ്പ് ഈ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഴ്ചപ്പതിപ്പ് ഇറക്കിയ 'ജീവനാശിനി' എന്ന ലക്കം സ്മരണീയമാണ്. സ്വന്തം ജനത നേരിടുന്ന ദുഃഖത്തോടും പ്രതിരോധങ്ങളോടും സാത്മ്യം പ്രാപിച്ച് ഒരു പ്രത്യേക പതിപ്പ് ഇറക്കുക എന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്തതാവാം. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനു ശേഷവും സ്വന്തം ജനത നേരിടുന്ന വെല്ലുവിളികള്‍ക്കും അതിജീവന ശ്രമങ്ങള്‍ക്കും മാതൃഭൂമി ഉത്തരവാദിത്വത്തോടെ ജനങ്ങള്‍ക്കൊപ്പം നിന്നു.
Content Highlights: mathrubhumi 100 years evolution of kerala mathrubhumi chief photographer madhuraj writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..