പ്‌ളാച്ചിമടയിലെ  പാഠം


ഇ. കുഞ്ഞികൃഷ്ണന്‍



ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

രു ബഹുരാഷ്ട്രകുത്തകക്കമ്പനി, പ്രവര്‍ത്തനം തുടങ്ങി അഞ്ചുകൊല്ലത്തിനകം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച ഐതിഹാസിക സമരമായിരുന്നു പ്‌ളാച്ചിമടയിലെ ആദിവാസികളുടെയും അശരണരുടെയും ഭാഗത്തുനിന്നുമുണ്ടായത്. സമരവുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധികള്‍, പഞ്ചായത്ത് ഭരണസമിതിയുടെ അധികാരങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍- ഇവയെക്കുറിച്ചൊക്കെ ധാരാളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സര്‍ക്കാരിന്റെയും മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെയും വികസനസങ്കല്പത്തിനുതകുന്ന വ്യവസായ സ്ഥാപനത്തിനെതിരേ പ്രദേശത്തെ ജനങ്ങള്‍ പരിസ്ഥിതി സംരക്ഷണന്യായങ്ങള്‍ നിരത്തി പ്രതിരോധ സമരത്തിനിറങ്ങിയപ്പോള്‍, 'വികസനമോ പരിസ്ഥിതി സംരക്ഷണേമാ' എന്ന പതിവ് ചോദ്യവും സംവാദവുമായി അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്- അതും സമരം അതിശക്തനായ ഒരു ബഹുരാഷ്ട്ര കുത്തകക്കമ്പനിക്കെതിരേ. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രാദേശിക-സംസ്ഥാന ഭരണകൂടങ്ങളുമൊക്കെ ആദ്യം സമരം അത്ര കാര്യമായി എടുത്തില്ല. കാര്യമായ മാധ്യമശ്രദ്ധയും ആദ്യകാലത്ത് ഉണ്ടായില്ല. ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും ചലനങ്ങളും നടക്കുന്ന കാലമായിരുന്നു. പ്‌ളാച്ചിമടയിലെ വികസനത്തിന്റെ ഇരകളാകുന്നത് പ്രധാനമായും ആദിവാസികളായതിനാല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സി.കെ. ജാനു. കമ്പനി വളപ്പിലെ ആറു കുഴല്‍ക്കിണറുകളില്‍നിന്ന് ദിവസവും എട്ടുലക്ഷം തൊട്ട് 15 ലക്ഷം ലിറ്റര്‍വരെ വെള്ളമൂറ്റി പാനീയക്കുപ്പികള്‍ നിറച്ച് ഭീമമായ ലാഭമമുണ്ടാക്കുന്ന ബഹുരാഷ്ട്രകുത്തകക്കമ്പനിക്ക് 'വെള്ളം' എന്ന പൊതുവിഭവത്തിന്മേലുള്ള അവകാശത്തെക്കുറിച്ച് ചിന്തകളുയര്‍ന്നു. പൊതുവിഭവങ്ങള്‍, സാധാരണ ജനങ്ങളുടെ നീതിയുക്തമായ ഉപയോഗത്തിനും നിലനില്പിനും വേണ്ടി, ഭരണഘടനാപ്രകാരവും നാട്ടിലെ നിയമസംഹിതാപ്രകാരവും പരിരക്ഷിക്കേണ്ടകാര്യത്തില്‍ ഭരണകൂടങ്ങളുടെയും നീതിന്യായ കോടതികളുടെയും ഉത്തരവാദിത്തങ്ങളും ചര്‍ച്ചയായി. സമരത്തിന് ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും പിന്തുണയേറി.

കമ്പനികാരണം നേരിട്ട് കഷ്ടതയനുഭവിക്കുന്ന, ഒരു പ്രദേശത്തെ ദുര്‍ബലരായ ആദിവാസികളുടെ ശബ്ദം ഒരു ജനതയുടെ വികാരമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. ബി.ബി.സി. റേഡിയോയില്‍, കമ്പനി മാലിന്യത്തിലെ അധികരിച്ചതോതിലുള്ള മാരകവിഷ പദാര്‍ഥങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. അമേരിക്കയിലെയും ബ്രിട്ടനിലെയും കാമ്പസുകളില്‍ കൊക്കകോള നിരാകരണത്തിനുള്ള തീരുമാനമുണ്ടായി. അമേരിക്കയില്‍ നടന്ന കമ്പനി ഓഹരി ഉടമകളുടെ കൂടിച്ചേരലില്‍ പ്‌ളാച്ചിമടയിലെ അതിജീവനസമരം ചര്‍ച്ചാവിഷയമായി. കോടിക്കണക്കിന് ഡോളറിന്റെ വാണിജ്യത്തകര്‍ച്ചയിലേക്ക് കമ്പനി നീങ്ങുെമന്നുറപ്പായി. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സമരത്തിന് പിന്തുണയുമായെത്തി.

വെള്ളമുള്‍പ്പെടെയുള്ള പൊതുവിഭവങ്ങളുടെ പരിരക്ഷണവും അതിന്റെ നീതിയുക്തമായ ഉപഭോഗവും ദുര്‍ബല-സമ്പന്ന ഭേദമില്ലാതെ, ഒരു ജനാധിപത്യക്രമത്തില്‍, എങ്ങിനെയായിരിക്കണമെന്ന് ചര്‍ച്ച ചെയ്യേണ്ട ഘട്ടമുണ്ടായി. പബ്ലിക് ട്രസ്റ്റ് ഡോക്ട്രിന്‍ (Public Trust Doctrine) എന്ന ആശയം നമ്മുടെ നിയമവ്യവസ്ഥയില്‍ അന്തര്‍ലീനമാണ്. എം.സി. മേത്ത V/s. കമല്‍നാഥ കേസിന്റെ (ഡബ്ല്യു.പി. 182/1996) വിധിയില്‍, നമ്മുടെ, പരമോന്നത കോടതി, പൊതുവിഭവങ്ങളുടെ 'ട്രസ്റ്റി' എന്ന നിലയില്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി ഓര്‍മപ്പെടുത്തുന്നുണ്ട്. പൊതുവിഭവസംരക്ഷണത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പ്‌ളാച്ചിമടക്കാരുടെ സമരവും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. കോടതിവിധികള്‍ക്ക് വിധേയമായും പഞ്ചായത്തിന്റെയും സംസ്ഥാനഭരണകൂടത്തിന്റെയും തീരുമാനങ്ങള്‍ പ്രകാരവും പ്‌ളാച്ചിമടയിലെ കുത്തകകമ്പനി അടച്ചുപൂട്ടിയപ്പോള്‍ സമാനതകളില്ലാത്ത ജനകീയസമരം വിജയംകണ്ടു.

ലാഭം പെരുപ്പിക്കാനായി കമ്പനി പ്രദേശത്തെ വെള്ളമൂറ്റുകയും മാരകമായി മലിനപ്പെടുത്തുകയും ചെയ്താല്‍, ഇന്ത്യന്‍ ഭരണഘടന വകവെച്ചുതരുന്നു ''ജീവിക്കാനുള്ള അവകാശം'' ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആരുടേതാണ്? ''Pollutor Pay Principle' എങ്ങനെ പ്രാവര്‍ത്തികമാക്കണം? മലിനീകരണത്തിനും ജലദൗര്‍ലഭ്യത്തിനും ഉത്തരവാദി ആരാണ്? കമ്പനിയോ അതോ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായത്ത് ഭരണകൂടമോ? ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ നിലപാട് എന്തായിരിക്കണം? വി.ആര്‍. കൃഷ്ണയ്യര്‍, എം.പി. വീരേന്ദ്രകുമാര്‍, വന്ദനാശിവ, ഒ.ജി.ബി. നമ്പ്യാര്‍ തുടങ്ങിയവരുടെ ലേഖനങ്ങളും പത്തോളം മുഖപ്രസംഗങ്ങളും സമരകാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് തീര്‍ച്ചയായും അഭിമാനിക്കാം.
കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും മണ്ണ്, വെള്ളം തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ക്കുമേലും ഒരു ജനതയുടെ ആരോഗ്യത്തിന്മേലും ജീവിക്കാനുള്ള അവകാശത്തിന്മേലും കമ്പനി ഏല്‍പ്പിച്ച ആഘാതത്തിനുള്ള നഷ്ടപരിഹാരത്തിന് പ്‌ളാച്ചിമടയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തിലെ മൗനം കുറ്റകരമാണ്.

Content Highlights: mathrubhumi 100 years evolution of kerala e kunhikkannan writes about plachimada struggle

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented