യുദ്ധം നിറഞ്ഞ താളുകള്‍


6 min read
Read later
Print
Share

Indian Border Security Force (BSF)

75-വര്‍ഷത്തിനിടെ രാജ്യം കണ്ടത് അഞ്ച് പ്രധാന യുദ്ധങ്ങള്‍. എതിര്‍പക്ഷത്ത് പാകിസ്താനും ചൈനയും. ഇന്ത്യാ ചരിത്രത്തിലെ യുദ്ധങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

1947-48 ഇന്ത്യ -പാക് യുദ്ധം

ബ്രിട്ടീഷ് ഇന്ത്യയെ വിഭജിച്ചുകൊണ്ടാണ് 1947 ഓഗസ്റ്റ് 14-ന് ഇന്ത്യ, പാകിസ്താന്‍ എന്നീ രണ്ടുരാജ്യങ്ങള്‍ നിലവില്‍വന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശം പാകിസ്താനായിമാറി. രണ്ടുരാജ്യങ്ങളായി മാറിയ കാലംതൊട്ടേ ഇന്ത്യയും പാകിസ്താനും തമ്മില്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും തുടങ്ങി. അതിര്‍ത്തിത്തര്‍ക്കങ്ങളും തീവ്രവാദവുമായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങള്‍. ജമ്മുകശ്മീരിനെ സ്വന്തംരാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം പാകിസ്താന്‍ അന്നേ തുടങ്ങി. അതിര്‍ത്തിപ്രദേശങ്ങളെ അസ്ഥിരപ്പെടുത്താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.

വിഭജനസമയത്ത് ഇന്ത്യയുടെയോ പാകിസ്താന്റെയോ ഭാഗമാകാതെ സ്വതന്ത്രരാജ്യമായി നില്‍ക്കാനായിരുന്നു അന്നത്തെ ജമ്മുകശ്മീര്‍ ഭരണാധികാരി മഹാരാജ ഹരിസിങ്ങിന്റെ തീരുമാനം. വസീറിസ്താനില്‍നിന്നുള്ള ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങളാണ് ആദ്യത്തെ യുദ്ധത്തിന് അരങ്ങൊരുക്കിയത്. 1947 ഒക്ടോബര്‍ 22-ന് ആദ്യയുദ്ധം തുടങ്ങി. തുടക്കത്തില്‍ കശ്മീര്‍ നാട്ടുരാജ്യവും പാകിസ്താനിലെ ഗോത്രവര്‍ഗക്കാരും തമ്മിലായിരുന്നു കലാപം. പാകിസ്താന്‍പിന്തുണയുള്ള കലാപകാരികള്‍ കശ്മീര്‍ അതിര്‍ത്തി കടന്നതോടെ മഹാരാജ ഹരിസിങ് ഇന്ത്യന്‍സൈന്യത്തിന്റെ സഹായം തേടി.

കശ്മീര്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് ഇന്ത്യ മറുപടിനല്‍കി. ജമ്മുകശ്മീരിന്റെ പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ പാകിസ്താന്‍ പിടിമുറുക്കിയതോടെ, 1947 ഒക്ടോബര്‍ 26-ന് ജമ്മുവിനെ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ക്കാനുള്ള കരാറില്‍ ഹരിസിങ് ഒപ്പുവെക്കുകയും ഇന്ത്യന്‍സൈന്യം യുദ്ധമുഖത്തെത്തുകയുംചെയ്തു. ഈയുദ്ധം ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്നു.

ഐക്യരാഷ്ട്രസഭയും സോവിയറ്റ് യൂണിയനും അമേരിക്കയും ഇടപെട്ടാണ് യുദ്ധം അവസാനിപ്പിച്ചത്. 1949 ജനുവരി ഒന്നിന് വെടിനിര്‍ത്തല്‍ നിലവില്‍വന്നു. ഉഭയകക്ഷിസമ്മതത്തോടെ പുതിയ നിയന്ത്രണരേഖ നിലവില്‍വന്നു. പുതിയ അതിര്‍ത്തിനിര്‍ണയത്തോടെ, കശ്മീരിന്റെ മൂന്നിലൊന്നുഭാഗം പാകിസ്താന്‍ സ്വന്തമാക്കി. ശേഷിക്കുന്നവ ഇന്ത്യയുടെ ഭാഗവുമായി.

യുദ്ധം മാതൃഭൂമിയിലൂടെ

1947 ഒക്ടോബര്‍ ഒന്നിന് പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ 'യുദ്ധം തടയാനാണ് എന്റെ ശ്രമം -ഗാന്ധിജി' എന്ന തലക്കെട്ടില്‍ വാര്‍ത്തയുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം സംഭവ്യമാണെന്ന ഗാന്ധിജിയുടെ പ്രസ്താവന പാശ്ചാത്യദേശങ്ങളില്‍ പരിഭ്രമം ഉളവാക്കിയെന്നും അതിന് ഗാന്ധിജി വിശദീകരണം നല്‍കിയെന്നുമാണ് വാര്‍ത്ത. ഗാന്ധിജി പറഞ്ഞു: 'എന്റെ ഒരു പ്രസംഗവും യുദ്ധത്തിനുള്ള ഒരു പ്രചോദനമായി വ്യാഖ്യാനിക്കാന്‍ നിവൃത്തിയില്ല. അതേസമയം, യുദ്ധത്തെപ്പറ്റി മിണ്ടിക്കൂടാ എന്നും ഇല്ല. ഇന്നത്തെനില പരിശോധിച്ച് യുദ്ധത്തിനുള്ള കാരണം എങ്ങനെയാണ് ഉദ്ഭവിക്കുകയെന്ന് സ്പഷ്ടമായി ചൂണ്ടിക്കാണിച്ചതില്‍ ഞാന്‍ ഇന്ത്യക്കും പാകിസ്താനും ഒരുസേവനമാണ് ചെയ്തിട്ടുള്ളത്. യുദ്ധത്തിനു പ്രേരിപ്പിക്കാനല്ല, യുദ്ധം തടയാനാണ് ഞാന്‍ അതുചെയ്തത്'. നവംബര്‍ നാലിന് 'കശ്മീര്‍ യുദ്ധത്തിന്റെ നില' എന്ന വലിയ തലക്കെട്ടില്‍ ഈഭാഗത്തെ പല സംഭവങ്ങള്‍ നല്‍കിയിരിക്കുന്നു. ജൂലായ് ഒമ്പതിന് പുറത്തിറങ്ങിയ പത്രത്തില്‍ 'കശ്മീര്‍ യുദ്ധത്തില്‍ പാകിസ്താന്റെ പങ്ക്' എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ പ്രസ്താവനയുമുണ്ട്. 1948 ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ പത്രത്തില്‍ 'കശ്മീരില്‍ ഇന്ത്യയുടെ വമ്പിച്ച വിജയം' എന്ന തലക്കെട്ടുണ്ട്.


13 ദിവസം പാകിസ്താന്‍ മുട്ടുമടക്കി , 1971 ഇന്ത്യ- പാക് യുദ്ധം

വെറും 13 ദിവസം-പാകിസ്താന്റെ പക്കല്‍നിന്ന് ബംഗ്ലാദേശിനെ (അന്ന് കിഴക്കന്‍ പാകിസ്താന്‍) മോചിപ്പിക്കാന്‍ ഇന്ത്യക്ക് അത്രയും സമയം മതിയായിരുന്നു. പാക് ഭരണകൂടവും കിഴക്കന്‍ പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തില്‍ ചേരിചേരാ നയമായിരുന്നു ഇന്ത്യ പുലര്‍ത്തിയിരുന്നത്. എന്നാല്‍, 1971 ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളില്‍നടത്തിയ വ്യോമാക്രമണത്തോടെ കളിമാറി. ഇന്ത്യ കളത്തിലിറങ്ങി. പാകിസ്താന്റെ വ്യോമാക്രമണത്തിനുപിന്നാലെ തുടങ്ങിയ യുദ്ധം ഡിസംബര്‍ 16-ന് അവസാനിച്ചു.

കിഴക്കന്‍ ബംഗാളില്‍ അവാമി ലീഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രക്ഷോഭമാണ് ഇന്ത്യ-പാക് മൂന്നാം യുദ്ധത്തിലേക്കും അതുവഴി ബംഗ്ലാദേശിന്റെ പിറവിയിലേക്കും നയിച്ചത്. 1970 ഡിസംബറില്‍നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവാമി ലീഗ് വന്‍ഭൂരിപക്ഷംനേടി. എന്നാല്‍, പുതിയ പാര്‍ലമെന്റ് അധികാരത്തിലേറുന്നത് പ്രസിഡന്റ് യഹ്യാഖാന്‍ നീട്ടിവെച്ചു. സമവായ ചര്‍ച്ചയില്‍ ഫലം കാണാതായതോടെ മുജീബുര്‍ റഹ്‌മാനെയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും യഹ്യാഖാന്‍ ജയിലിലടച്ചു. മുജീബുര്‍റഹ്‌മാനെ ജയിലിലടച്ചതിനുപിന്നാലെ വലിയ പ്രക്ഷോഭമാണ് കിഴക്കന്‍ പാകിസ്താനിലുണ്ടായത്. സമരങ്ങളെ നേരിടാന്‍ യഹ്യാഖാന്‍ കിഴക്കന്‍ പാകിസ്താനിലേക്ക് പാക് പട്ടാളത്തെ അയച്ചു. സൈനികനടപടിയില്‍ അഞ്ചുലക്ഷത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വലിയതോതിലുള്ള അഭയാര്‍ഥിപ്രവാഹമുണ്ടായി. ഒരുകോടിയിലേറെപ്പേര്‍ ഇന്ത്യയില്‍ അഭയം തേടി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ വിഷയത്തില്‍ പ്രത്യക്ഷമായി ഇടപെട്ടത്. 1971 ഡിസംബര്‍ മൂന്നിന് പാകിസ്താന്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളിലെ വ്യോമതാവളങ്ങള്‍ ആക്രമിച്ചു. ഇതോടെ പാകിസ്താനെ എല്ലാ അര്‍ഥത്തിലും വളയാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവുനല്‍കി. 13 ദിവസംമാത്രം നീണ്ട യുദ്ധത്തിനൊടുവില്‍ പാകിസ്താന്റെ പരാജയം ദയനീയമായിരുന്നു.
അന്നത്തെ പാക് സൈനികമേധാവി ജനറല്‍ നിയാസിയും 93,000 പാക് സൈനികരും ഇന്ത്യയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫ് ലെഫ്. ജനറല്‍ ജെ.എസ്. അറോറയ്ക്കുമുന്നില്‍ കീഴടങ്ങി. ഇന്ത്യയുടെ മൂന്നുസേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യത്തെ യുദ്ധംകൂടിയായിരുന്നു അത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശെന്ന സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു.

യുദ്ധം മാതൃഭൂമിയിലൂടെ

''യുദ്ധരംഗത്തെല്ലാം ഇന്ത്യ മുന്നേറുന്നു. ബംഗ്ലാദേശില്‍ പല പട്ടണങ്ങളും പിടിച്ചു. പടിഞ്ഞാറന്‍ പാകിസ്താനില്‍ ഒമ്പത് ഗ്രാമങ്ങള്‍ അധീനപ്പെടുത്തി. 34 പാക് വിമാനങ്ങള്‍ തകര്‍ത്തു. ചിറ്റഗോങ്ങില്‍ നാവികസേനയുടെ ആക്രമണം''-1971 ഡിസംബര്‍ അഞ്ചിനിറങ്ങിയ ഒന്നാംപേജ് മുഴുവന്‍ യുദ്ധറിപ്പോര്‍ട്ടുകള്‍ അടങ്ങിയതായിരുന്നു. ഡല്‍ഹിയില്‍നിന്ന് വി.കെ. മാധവന്‍കുട്ടി എഴുതിയ പ്രധാനവാര്‍ത്ത. കിഴക്കന്‍ പാകിസ്താനിലെയും പടിഞ്ഞാറന്‍ പാകിസ്താനിലെയും യുദ്ധം നടക്കുന്ന സ്ഥലങ്ങളുടെ രണ്ടുഭൂപടങ്ങള്‍. തുടര്‍ന്നുള്ള എല്ലാദിവസങ്ങളിലും ഇതുതന്നെയായിരുന്നു മാതൃഭൂമി ഒന്നാംപേജിലെ മുഖ്യവാര്‍ത്ത. 'ഇന്ത്യന്‍ സേന കോമല്ല പിടിച്ചു: ഡാക്കയിലേക്ക് കുതിക്കുന്നു' (9/11/71), ഇന്ത്യന്‍ പട ഡാക്കാ പരിസരത്ത്: (14/11/71), പാകിസ്താന്‍ പട നിരുപാധികം കീഴടങ്ങി (17/11/71)തുടര്‍ന്നുള്ള ദിവസങ്ങളിലെ ഈ തലക്കെട്ടില്‍നിന്നുതന്നെ യുദ്ധകാലത്തിന്റെ നാള്‍വഴി വ്യക്തം.

അഭിമാനം ഉയര്‍ത്തിയ ഓപ്പറേഷന്‍ വിജയ് , 1999 ഇന്ത്യ- പാക് യുദ്ധം


കാര്‍ഗിലില്‍ അതിര്‍ത്തികടന്നെത്തിയ ശത്രുവിനെ തുരത്തി ഇന്ത്യ ഐതിഹാസിക വിജയംനേടി. രണ്ടു മാസവും മൂന്നാഴ്ചയും രണ്ടു ദിവസവും നീണ്ട പോരാട്ടത്തില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യന്‍ സൈന്യം ത്രിവര്‍ണപതാക ഉയര്‍ത്തിയപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവന്‍ ബലിനല്‍കിയത് 527 ധീരസൈനികര്‍.

പാക് സൈനികമേധാവി പര്‍വെസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പ്രച്ഛന്നവേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാന മേഖലകളില്‍ നുഴഞ്ഞുകയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. 1999-ലെ കൊടുംശൈത്യത്തില്‍ ഇന്ത്യ സൈനികരെ പിന്‍വലിച്ച തക്കത്തിനാണ് പാകിസ്താന്‍ ചതി പ്രയോഗിച്ചത്. 'ഓപ്പറേഷന്‍ ബാദര്‍' എന്നപേരിലായിരുന്നു പാക് സൈന്യത്തിന്റെ നീക്കം. ഇന്ത്യ-പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരില്‍നിന്ന് പാക് സൈന്യത്തിന്റെ നീക്കമറിഞ്ഞ ഇന്ത്യന്‍ സൈന്യം മറുപടിനല്‍കാനായി ഓപ്പറേഷന്‍ വിജയ് എന്ന സൈനികനടപടിക്ക് തുടക്കമിട്ടു. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്നിടത്ത് ആത്മവിശ്വാസവും ധീരതയുംകൊണ്ട് ഇന്ത്യന്‍ സൈന്യം പോരാടി ജയിച്ചു. ജൂണ്‍ 19-ന് ടോലോലിങ്ങിലെ ആക്രമണംമുതല്‍ ജൂലായ് നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതുവരെ അത് നീണ്ടുനിന്നു.

കാര്‍ഗിലില്‍ ഇന്ത്യ വിജയംവരിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജൂലായ് 14-ന് പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചതായി ജൂലായ് 26-ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി.
മലനിരകള്‍ക്കുമുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ ഇന്ത്യയെ സഹായിച്ചത് കര-നാവിക-വ്യോമ സേനയുടെ സംയുക്തമായ പ്രവര്‍ത്തനമാണ്. നുഴഞ്ഞുകയറിയ പാക് നോര്‍ത്തേണ്‍ ഇന്‍ഫന്‍ട്രിയെ നേരിടാന്‍ കരസേന ആദ്യമിറങ്ങി. പിന്നാലെ ഓപ്പറേഷന്‍ തല്‍വാറുമായി നാവികസേന രംഗത്തിറങ്ങി. പാക് തുറമുഖങ്ങള്‍ നാവികസേന ഉപരോധിച്ചതോടെ അവര്‍ പ്രതിരോധത്തിലായി. ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് പര്‍വതമുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെതിരേ ഓപ്പറേഷന്‍ സഫേദ് സാഗറുമായി വ്യോമസേനയും എത്തി.

യുദ്ധം മാതൃഭൂമിയിലൂടെ

ഒന്നാം പേജ് മുഴുവനായും യുദ്ധ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി മാതൃഭൂമി മാറ്റിവെച്ചിരുന്നു. കൂടാതെ ഉള്‍പ്പേജുകളിലും എഡിറ്റ് പേജിലുമെല്ലാം യുദ്ധവാര്‍ത്തകളും ലേഖനങ്ങളും നിറഞ്ഞു. 1999 ജൂലായ് അഞ്ചിലെ പത്രത്തിന്റെ ഒന്നാംപേജില്‍ രാജ്യരക്ഷാ നിധിയിലേക്ക് സംഭാവന അഭ്യര്‍ഥിച്ചുകൊണ്ടുള്ള അറിയിപ്പും മാതൃഭൂമി നല്‍കി. ഇന്‍ഫോഗ്രാഫിക്സടക്കം ആകെ 245 വാര്‍ത്തകളും 64 ചിത്രങ്ങളുമാണ് ഈ ദിനങ്ങളിലായി മാതൃഭൂമി നല്‍കിയത്.

യുദ്ധത്തിലും തീരാത്ത തര്‍ക്കം - 1962 ഇന്ത്യ -ചൈന യുദ്ധം

ദലൈലാമയ്ക്ക് അഭയം നല്‍കിയതില്‍ തുടങ്ങിയ തര്‍ക്കം. അത് അതിര്‍ത്തിത്തര്‍ക്കത്തിലേക്ക് കടന്ന് ഒടുവില്‍ ഇന്ത്യാ-ചൈനാ യുദ്ധമായി. ആറുപതിറ്റാണ്ടിനിടെ രണ്ടുയുദ്ധങ്ങളും യുദ്ധത്തോളംതന്നെ പോന്ന പല സംഘര്‍ഷങ്ങളും രണ്ടുരാജ്യങ്ങളും തമ്മിലുണ്ടായി.

1959-ല്‍ ടിബറ്റന്‍ ആത്മീയനേതാവായ ദലൈലാമയ്ക്ക് അഭയംനല്‍കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആദ്യമായി വിള്ളല്‍ വീഴുന്നത്. ലാമയ്ക്ക് ഇന്ത്യ അഭയംനല്‍കിയതു ചൈനയ്ക്കു പിടിച്ചില്ല. വൈകാതെത്തന്നെ അതിര്‍ത്തിത്തര്‍ക്കമുന്നയിച്ച് ചൈന പ്രകോപനം സൃഷ്ടിക്കാന്‍ തുടങ്ങി.

അതിര്‍ത്തിയിലെ മക്‌മോഹന്‍ രേഖ സ്വീകാര്യമല്ലെന്നും ലഡാക്ക് ഭാഗത്ത്, കാരക്കോണം മലനിരകളുടെ ജലപാതനിര അതിര്‍ത്തിയായി അംഗീകരിക്കണമെന്നുമായിരുന്നു ചൈനയുടെ നിലപാട്. ഇത് ഇന്ത്യ അംഗീകരിച്ചില്ല.

1959 ഒക്ടോബര്‍ 21-ന് അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെ 20 അംഗ പോലീസ് സേനയെ ചൈനീസ് സൈന്യം വെടിയുണ്ടകളും ഗ്രനേഡുമായി ആക്രമിച്ചു. 17 പോലീസുകാര്‍ വീരമൃത്യു വരിച്ചു. 1962-ലെ യുദ്ധത്തിലേക്കു വഴിതുറന്ന പ്രധാന സംഭവമായിരുന്നു ഈ വെടിവെപ്പ്. അതോടെ ചൈനീസ് അതിര്‍ത്തി കാക്കാന്‍ പോലീസിനു പകരം ഇന്ത്യ പട്ടാളത്തെ നിയോഗിച്ചു.

1962 ഒക്ടോബര്‍ 20-ന് ഇന്ത്യയ്‌ക്കെതിരേ ചൈന അപ്രതീക്ഷിത യുദ്ധം തുടങ്ങി. ലഡാക്കിലെ അക്‌സായ് ചിന്നിലും അരുണാചല്‍പ്രദേശിലെ നേഫയിലും ഒരേസമയത്ത് കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചു കയറി. പലയിടത്തും ചെറുക്കാന്‍ ഇന്ത്യന്‍സേന തന്നെയി
ല്ലായിരുന്നു.

യുദ്ധം അവസാനിച്ചതായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായും നവംബര്‍ 21-ന് പീക്കിങ് റേഡിയോയിലൂടെ ചൈന പ്രഖ്യാപിച്ചതും ഏകപക്ഷീയമായിരുന്നു.
അരുണാചല്‍പ്രദേശില്‍നിന്നു പിന്‍വാങ്ങിയെങ്കിലും ജനവാസമില്ലാത്ത അക്‌സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്ര കിലോമീറ്റര്‍ ഇന്നും ചൈനയുടെ അധീനതയിലാണ്. അരുണാചലിലും ലഡാക്കിലും ചൈനാ പട്ടാളം നടത്തുന്ന പ്രകോപനം ഇപ്പോഴും തുടരുന്നു.

യുദ്ധം മാതൃഭൂമിയിലൂടെ

'സമാധാനത്തിനും ലോകശാന്തിക്കുംവേണ്ടി അര്‍പ്പിക്കപ്പെട്ട ഒരുരാഷ്ട്രവും അതിന്റെ നേതൃത്വവും ആയുധമെടുത്തുതന്നെ കടുത്ത ഒരു കൈയേറ്റത്തെ നേരിടാന്‍ നിര്‍ബന്ധമായിരിക്കുന്ന വിധിവൈപരീത്യമാണ് ഇന്നുണ്ടായിരിക്കുന്നത്.'

ചൈനയുടെ പ്രകോപനത്തിനെതിരേ 1962-ല്‍ ഒക്ടോബര്‍ 23-ന് മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആദ്യവാചകമാണിത്. രണ്ടുമാസം നീണ്ട യുദ്ധകാലത്ത് പട്ടാളക്കാര്‍ക്കും ജനങ്ങള്‍ക്കും ആത്മവീര്യംപകര്‍ന്ന് മാതൃഭൂമി ഒമ്പത് മുഖപ്രസംഗങ്ങള്‍
എഴുതി.


നുഴഞ്ഞുകയറ്റം, പിന്നാലെ യുദ്ധം , 1965 ഇന്ത്യ -പാക് യുദ്ധം

ആദ്യയുദ്ധത്തില്‍ തോറ്റെങ്കിലും തീവ്രവാദത്തില്‍നിന്നും നുഴഞ്ഞുകയറ്റത്തില്‍നിന്നും പിന്മാറാന്‍ പാകിസ്താന്‍ തയ്യാറായില്ല. അത് ഇരുരാജ്യങ്ങളെയും മറ്റൊരുയുദ്ധത്തിലേക്ക് കൊണ്ടെത്തിച്ചു. 1962-ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ ചൈനയോട് ഇന്ത്യ പ്രതിരോധത്തിലാ യിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ ഇന്ത്യന്‍സൈന്യം ദുര്‍ബലമാണെന്ന് വിലയിരുത്തി ആ സാഹചര്യം മുതലെടുക്കാനായിരുന്നു പാകിസ്താന്റെ ശ്രമം.

1965-ന്റെ തുടക്കത്തില്‍ കച്ച് താഴ്വരയില്‍ പാക് സൈന്യം നുഴഞ്ഞുകയറി. ആ ശ്രമം വിജയിച്ചതോടെ, 1965 ഓഗസ്റ്റില്‍ പാകിസ്താന്റെ ഇരുപതിനായിരത്തിലേറെ സൈനികര്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചു. 'ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍' എന്നാണ് പാകിസ്താന്‍ ഇതിനുപേരിട്ടത്. കശ്മീരിന്റെ വിവിധ അതിര്‍ത്തികളിലൂടെയാണ് നുഴഞ്ഞുകയറിയത്. കശ്മീരിലെ പ്രദേശവാസികളെപ്പോലെ വസ്ത്രം ധരിച്ച് ഇന്ത്യന്‍സൈനികരെ തെറ്റിദ്ധരിപ്പിക്കാനും പാകിസ്താന്‍ ശ്രമിച്ചു. പ്രദേശവാസികളില്‍നിന്ന് ഈവിവരം ലഭിച്ച ഇന്ത്യന്‍സൈന്യം ഓഗസ്റ്റ് 15-ന് പ്രത്യാക്രമണം തുടങ്ങി.

കരസേനയെയും വ്യോമസേനയെയും സംയോജിപ്പിച്ച് ഇന്ത്യ പാകിസ്താനുനേരെ കനത്ത ആക്രമണം നടത്തി. രണ്ടാംലോകയുദ്ധത്തിനുശേഷം ഇത്രയുംവലിയ സൈനികവിന്യാസം ആദ്യമായിരുന്നുവെന്ന് ചരിത്രം പറയുന്നു.

സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തുടങ്ങി 17 ദിവസം ഇരുരാജ്യങ്ങളും പൂര്‍ണമായ യുദ്ധത്തിലേക്ക് കടന്നു. ഇതോടെ ഐക്യരാഷ്ട്രസംഘടനയും മറ്റു പ്രമുഖരാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാനായി ഇടപെട്ടുതുടങ്ങി. ഓഗസ്റ്റ് 22-ന് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ക്കരാറില്‍ ഒപ്പുവെച്ചു.

ഈ യുദ്ധത്തില്‍ തങ്ങളാണ് ജയിച്ചതെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഈ വാദം തെറ്റായിരുന്നുവെന്ന് പിന്നീടുതെളിഞ്ഞു. നേരത്തേ, അമേരിക്കയുമായി അടുപ്പംകാട്ടുകയും ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുമായി അകല്‍ച്ച പാലിക്കുകയുംചെയ്ത പാകിസ്താന്‍ 1965-ലെ യുദ്ധത്തോടെ നയംമാറ്റി. ചൈനയുമായും സോവിയറ്റ് യൂണിയനുമായും തന്ത്രപരമായ സൗഹൃദം പുലര്‍ത്താന്‍ തുടങ്ങി.

യുദ്ധം മാതൃഭൂമിയിലൂടെ

1965 ഇന്ത്യ-പാക് യുദ്ധത്തെപ്പറ്റി 'മാതൃഭൂമി'യില്‍ ആദ്യ വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത് ഏപ്രില്‍ 28-നാണ്. 'പാകിസ്താന്റെ യുദ്ധകാഹളം' എന്ന തലക്കെട്ടില്‍ ദീര്‍ഘമായ ലേഖനമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. പാകിസ്താനോടും ചീനയോടും പൊരുതാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് രാജ്യരക്ഷാമന്ത്രി പവാറിന്റെ പ്രതികരണം 1965 ജൂണ്‍ ആറിന്റെ പത്രത്തിലുണ്ട്. 'ടാങ്ക് യുദ്ധം ഒരു ദൃക്സാക്ഷി വിവരണം' എന്ന തലക്കെട്ടില്‍ പി.ടി.ഐ. ലേഖകന്‍ ആര്‍. ചക്രപാണി യുദ്ധമുഖത്തുനിന്ന് തയ്യാറാക്കിയ വിശദമായ വാര്‍ത്തയുണ്ട്. ഇന്ത്യ-പാക് ബന്ധത്തിന്റെ രാഷ്ട്രീയം വിശകലനംചെയ്യുന്ന പരമ്പര സെപ്റ്റംബര്‍ 24 മുതല്‍ തുടര്‍ച്ചയായി മൂന്നുദിവസം പ്രസിദ്ധീകരിച്ചു. ടി. വേണുഗോപാലനാണ് ഇത് തയ്യാറാ
ക്കിയത്.

Content Highlights: mathrubhumi 100 days

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented