വി.പി.രാമചന്ദ്രൻ
മാതൃഭൂമി പിറന്ന് പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. അക്കാലത്ത് എന്റെ നാടായ വടക്കാഞ്ചേരിയും സമീപപ്രദേശങ്ങളുമെല്ലാം ക്ഷാമത്തിന്റെ പിടിയിലാണ്. ജീവിതം വലിയ വെല്ലുവിളിയായിരുന്ന കാലം. സ്‌കൂള്‍ ഫൈനല്‍ പാസായ സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ പുണെയിലെത്തി മിലിറ്ററി ക്‌ളാര്‍ക്കായി. എ.പി.യിലും പി.ടി.ഐ.യിലും ടെലിപ്രിന്റര്‍ ഓപ്പറേറ്ററായും പിന്നീട് റിപ്പോര്‍ട്ടറായും പിടിച്ചുകയറി.
പിന്നെ മഹാനഗരങ്ങളിലേക്ക് യാത്രകളായി. പാകിസ്താനില്‍പോയി ഇന്റര്‍നാഷണല്‍ കറസ്‌പോണ്ടന്റായി ജോലിചെയ്തു. ഭൂട്ടോയും ഇന്ദിരാഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഉറ്റസൗഹൃദമായി. യു.എന്‍.ഐ.യുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. അക്കാലത്താണ് യു.എന്‍.ഐ. ജനറല്‍ മാനേജരായി എന്നെ നിയമിക്കാന്‍ തീരുമാനമെടുത്തത്. ഞാന്‍ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന ആര്‍.കെ. ധവാന്‍ അതോടെ അതു തടയാനും ശ്രമംതുടങ്ങി. യു.എന്‍.ഐ.യിലെ ചിലരും അതിന് കൂട്ടുനിന്നു. അപ്പോഴേക്കും യു.എന്‍.ഐ.യും പി.ടി.ഐ.യും യോജിച്ച് സമാചാര്‍ ഭാരതി രൂപവത്കരിച്ചു. എന്റെ പ്രൊമോഷന്‍ തടഞ്ഞു. സമാചാറിന്റെ 'വ്യവസായ'ലേഖകനാക്കി റാഞ്ചിയിലേക്കുമാറ്റി. റിപ്പോര്‍ട്ടറുടെ ജോലി എന്റെ രക്തത്തില്‍ കലര്‍ന്നതാണ്. റാഞ്ചിയിലെ ഡേറ്റ്ലൈനില്‍ ഉരുക്കുമേഖലയെക്കുറിച്ചും കല്‍ക്കരി മേഖലയെപ്പറ്റിയും ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ എഴുതി. റാഞ്ചിക്ക് വാര്‍ത്താലോകത്ത് ഒരു മേല്‍വിലാസമുണ്ടാക്കി. ഒരുകൊല്ലത്തിനുശേഷം തിരിച്ചുവന്നപ്പോള്‍ പി.ടി.ഐ.യും യു.എന്‍.ഐ.യും പുനഃസ്ഥാപിക്കപ്പെട്ടു.
യു.എന്‍.ഐ.യില്‍ തിരിച്ചെത്തിയപ്പോഴാണ് അവിടെ ഒരു പ്രവര്‍ത്തനസ്വാതന്ത്ര്യവുമില്ല എന്നറിഞ്ഞത്. ഡല്‍ഹിയില്‍ ജോലിചെയ്യുമ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ ആകാശം വിസ്തൃതമായിരുന്നു. എന്നാല്‍, അടിയന്തരാവസ്ഥയോടെ ആ ചിത്രം മാറി. ഇന്ദിരാഗാന്ധിക്കു ചുറ്റും പുതിയ സംഘങ്ങള്‍ വലയംചെയ്തപ്പോള്‍ ഞാന്‍ ബോധപൂര്‍വം അകന്നുനിന്നു. എന്റെ വിമര്‍ശനങ്ങള്‍ അവരെ ചൊടിപ്പിച്ചു. അങ്ങനെ അസ്വസ്ഥനായിരിക്കുമ്പോഴാണ് എം.പി. വീരേന്ദ്രകുമാറും വി.കെ. മാധവന്‍കുട്ടിയും എന്നെ വന്നുകാണുന്നത്. 'മാതൃഭൂമി'യിലേക്കുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു.
അക്കാലത്ത് മാതൃഭൂമി ഒരു കുടുംബംപോലെയായിരുന്നു. കെ.പി. കേശവമേനോനാണ് കാരണവര്‍. എക്‌സിക്യുട്ടീവ് എഡിറ്ററായാണ് ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്നത്. അതിനുമുമ്പുതന്നെ ഞാന്‍ സുഹൃത്തുക്കളോടൊപ്പം വിവിധ പത്രമോഫീസുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിച്ചു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്‌ളബ്ബില്‍ എനിക്കൊരു യാത്രയയപ്പ് നല്‍കിയപ്പോള്‍ അന്നത്തെ മാനേജിങ് ഡയറക്ടര്‍ എം.ജെ. കൃഷ്ണമോഹനും ഡയറക്ടര്‍ വീരേന്ദ്രകുമാറും പങ്കെടുത്തിരുന്നു.
കോഴിക്കോട്ട് എത്തുമ്പോള്‍ കൂടുതല്‍ സന്തോഷം നല്‍കിയത് മികച്ചൊരു ടീമിന്റെ പിന്‍ബലമാണ്. മാതൃഭൂമിയുടെ മുഖം മിനുക്കിയെടുക്കാന്‍ കഠിനപ്രയത്‌നംതന്നെ വേണ്ടിവന്നു. ആദ്യമായി പേജുകളുടെ ക്യാരക്ടര്‍ നിശ്ചയിക്കുകയാണ് ചെയ്തത്. സ്‌പോര്‍ട്സ് എല്ലാം ഒരു പേജില്‍ ഉള്‍ക്കൊള്ളിച്ചു. വിദേശരംഗം എന്ന മറ്റൊരു പേജ് കൊണ്ടുവന്നു. ചരമങ്ങളെല്ലാം ഒരു പേജിലേക്ക് കൊണ്ടുവന്നു. ഒന്നാംപേജിന്റെ സ്വഭാവവും മാറ്റി. ഇതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണലഭിച്ചു. കെ.പി. കേശവമേനോന്റെയും എം.ജെ. കൃഷ്ണമോഹന്റെയും മരണം ഞങ്ങളെ ദുഃഖത്തിലാഴ്ത്തിയെങ്കിലും എം.പി. വീരേന്ദ്രകുമാര്‍ മാനേജിങ് ഡയറക്ടറായിവന്നതോടെ മാതൃഭൂമി ഒരു ടീമായി മുന്നോട്ടുനീങ്ങി. തിരുവനന്തപുരം എഡിഷന്‍ യാഥാര്‍ഥ്യമായി.
മാതൃഭൂമി നൂറാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു എന്നറിയുമ്പോള്‍ എനിക്കുള്ള സന്തോഷം ചെറുതൊന്നുമല്ല. ഒരു പത്രം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ മൂല്യവത്തായ ആശയങ്ങളെ ചേര്‍ത്തുപിടിക്കണം. അത് ചോദ്യംചെയ്യപ്പെട്ടാല്‍ പത്രപ്രവര്‍ത്തനദൗത്യം പരാജയപ്പെടും. ആറുവര്‍ഷത്തെ മാതൃഭൂമി ജീവിതം എനിക്ക് കൂടുതലും നല്‍കിയത് സംതൃപ്തിയാണ്.
Content Highlights: vp ramachandran former editor of mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..