പ്രതീകാത്മക ചിത്രം
'സ്വപ്നവേളയില്‍പ്പോലും ഞങ്ങളെ വിളിക്കുന്ന
ഗള്‍ഫിലെ രാജ്യങ്ങളേ, നിങ്ങള്‍ക്കു നമസ്‌കാരം
പണിചെയ്തവ, പൊന്നാല്‍, ദുബായിന്‍ തെരുവുകള്‍,
പനിനീരൊഴുകുന്നൂ കുവൈറ്റിന്‍ മരുഭൂവില്‍'
(ഗള്‍ഫ് സ്റ്റേറ്റുകളോട്/ വൈലോപ്പിള്ളി/1974)
അത് ശരിയായിരുന്നു. അക്കാലം മലയാളിയെ സ്വപ്നവേളയില്‍പ്പോലും ഗള്‍ഫ് വിളിച്ചുകൊണ്ടിരുന്നു. നമ്മുടെ ഫോക്ലോര്‍ അപ്പടി 'ഗള്‍ഫ്ലോര്‍' ആയി പരിണമിച്ച കാലം. 1970-കളില്‍ ഗള്‍ഫിലേക്കുള്ള കേരളീയരുടെ പ്രവാഹം അതിശക്തമായപ്പോഴാണ് വൈലോപ്പിള്ളിയുടെ തൂലികയില്‍നിന്ന് 'ഗള്‍ഫ് സ്റ്റേറ്റുകളോട്' പിറക്കുന്നത്. ഗള്‍ഫ് പണം നാട്ടില്‍ വിലവര്‍ധനയ്ക്കിടയാക്കുന്നു എന്ന വിമര്‍ശനമാണ് കവിത അടിസ്ഥാനപരമായി ഉന്നയിക്കുന്നത്. 1960-കളില്‍ സംഘടിതമായി പത്തേമാരികളിലാരംഭിച്ച മലയാളിയുടെ ഗള്‍ഫ് തൊഴില്‍പ്രവാസം ആറുപതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.
മലയാളിക്ക് എക്കാലത്തും കേരളം വിട്ടുള്ള തൊഴില്‍പ്രവാസത്തിന്റെ ദീര്‍ഘചരിത്രമുണ്ട്. ഗള്‍ഫിനെ ഇതില്‍നിന്ന് വ്യത്യസ്തമാക്കിയ പ്രധാനഘടകം എന്തായിരുന്നു? ഉത്തരം ലളിതം. ആര്‍ക്കുവേണമെങ്കിലും ഗള്‍ഫിലേക്കു പോകാമായിരുന്നു. വിദ്യാഭ്യാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സാക്ഷരര്‍ക്കും നിരക്ഷരര്‍ക്കും, ആണിനും പെണ്ണിനും (ബഹ്റൈനിലെ മലയാളി പ്രവാസത്തിന് തുടക്കമിടുന്നത് നഴ്സുമാരാണ്). ആര്‍ക്കും ജോലികിട്ടുന്ന തൊഴില്‍പ്രവാസമേഖല മലയാളിയുടെ ചരിത്രത്തില്‍ വേറൊന്നില്ല.
എന്തു ജോലിചെയ്യും എന്ന അറബിയുടെ ചോദ്യത്തിന് എന്തും ചെയ്യും എന്ന മറുപടിനല്‍കി ഗള്‍ഫ് തൊഴില്‍പ്പടയുടെ അവിഭാജ്യഘടകമായി മലയാളി മാറി. പിന്നെപ്പിന്നെ വിദ്യാഭ്യാസം, സ്‌പെഷ്യലൈസേഷന്‍ എന്നിവ ഗള്‍ഫിലും അനിവാര്യമായി. അത് കേരളത്തില്‍നിന്നും പോകുന്നവരില്‍ മാറ്റങ്ങളുണ്ടാക്കി. അച്ഛന്‍ കമ്പനിയിലെ ടീ മേക്കറും മകന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി അപകര്‍ഷബോധങ്ങളൊന്നുമില്ലാതെ ജോലിചെയ്ത് ശമ്പളം നാട്ടിലേക്കയച്ചു. ഗള്‍ഫുകാര്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുക്കാന്‍ തുടങ്ങുന്നതും ഇതുമുതലാണ്. അതിനുമുമ്പ് പാസ്പോര്‍ട്ട് എടുക്കാനുള്ള പ്രായമാകല്‍ മാത്രമായിരുന്നു ഗള്‍ഫ് ജോലിക്കുള്ള യോഗ്യത.
അസ്തമിച്ചോ ഗള്‍ഫ് യാത്രകള്‍
ഗള്‍ഫിലേക്കുള്ള പോക്ക് പൂര്‍ണമായും അസ്തമിച്ചോ എന്ന ചോദ്യത്തിനും ഇല്ല എന്നുതന്നെ ഉത്തരം. കോവിഡ് കാലം എല്ലായിടത്തുമെന്നപോലെ ഗള്‍ഫിലും വലിയ പ്രതിസന്ധിയുണ്ടാക്കി. പക്ഷേ, ആ കാലത്ത് നേരിട്ടുള്ള ഗള്‍ഫ് വിമാനങ്ങള്‍ ഇല്ലാതായപ്പോള്‍ മലയാളികള്‍ നേപ്പാള്‍, അര്‍മീനിയ, മലി, ശ്രീലങ്ക (പ്രധാനമായും സൗദി അറേബ്യയിലേക്ക്) തുടങ്ങിയ രാജ്യങ്ങളിലൂടെ തങ്ങളുടെ ഗള്‍ഫിലെ തൊഴില്‍സ്ഥലങ്ങളില്‍ എത്താന്‍ ശ്രമിച്ചത് ഓര്‍ക്കുക. പ്രതിസന്ധിയിലും പ്രതീക്ഷയിലും നമുക്കൊപ്പം ഗള്‍ഫ് തന്നെയാണുണ്ടായിരുന്നതെന്ന ഏറ്റവും വലിയ നിദര്‍ശനമായിരുന്നു കോവിഡ്കാല ഗള്‍ഫ് യാത്രകള്‍. 'ഗള്‍ഫ് റിട്ടേണീസ്' ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു. സ്വദേശിവത്കരണവും കോവിഡും അതിന്റെ വേഗംകൂട്ടി.
പ്രവാസിമനസ്സിലെ കേരളം
ഗള്‍ഫ് മലയാളിയുടെ ഉള്ളില്‍ എപ്പോഴും കേരളക്കരതന്നെയാണ് കത്തിനിന്നത്. മലയാള ഭാഷയും സാഹിത്യവും കൂട്ടായ്മകളും ഗള്‍ഫ് മലയാളികള്‍ക്കിടയിലെന്നപോലെ മറ്റെവിടെയും വിദേശമലയാളികള്‍ക്കിടയില്‍ കാണാന്‍ കഴിഞ്ഞേക്കില്ല. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഗള്‍ഫിലുള്ള മലയാളികളുടെ എണ്ണം, മറ്റൊന്ന് അവര്‍ക്ക് ഗള്‍ഫില്‍ ഒരിക്കലും പൗരത്വം കിട്ടില്ല എന്നത്. ഗള്‍ഫ് മലയാളി എന്നും 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്' എന്ന പാട്ടുതന്നെ തലമുറകളായി ബോധത്തിലും അബോധത്തിലും മൂളുന്നു.
സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്ട്രീയ-സാമുദായിക നേതാക്കളും കണക്കുകള്‍ നിരത്തിവെച്ച് പറയുന്നത് ഗള്‍ഫും അവിടെയുള്ള എണ്ണയും അതുവഴിയുണ്ടായ തൊഴിലവസരങ്ങളും ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ കേരളംതന്നെ അസാധ്യമാവുമായിരുന്നെന്നാണ്. ഇതില്‍നിന്ന് മനസ്സിലാവുന്നത്, നാടുവിട്ടതിന്റെ വേദനയുടെ വിലകൂടിയായിരുന്നു ഗള്‍ഫ് മലയാളി നാട്ടിലേക്കയച്ച പണം എന്നുകൂടിയാണ്. അവരുടെ ജീവിത-മാനസിക-വൈകാരിക സംഘര്‍ഷങ്ങള്‍ ഒരിക്കലും ചര്‍ച്ചചെയ്യപ്പെട്ടില്ല. അവരയക്കുന്ന പണം മാത്രം ശ്രദ്ധിക്കപ്പെട്ടു. സാഹിത്യം അവരുടെ നഷ്ടങ്ങളെ അഭിസംബോധനചെയ്തു. സാമ്പത്തികശാസ്ത്രം അവരയച്ച പണം എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.
കോവിഡ്കാല പ്രവാസം
കോവിഡുണ്ടാക്കിയ 'വര്‍ക്ക് ഫ്രം ഹോം' സംസ്‌കാരം ലോകമെങ്ങും തൊഴില്‍പ്രവാസത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. വീട്ടിലിരുന്ന് ഏതുനാട്ടിലെയും ജോലികള്‍ (അടിത്തട്ട് ജോലികളല്ലാത്തവ) ചെയ്യാന്‍ പറ്റുമെന്ന് കോവിഡ് കാലം ആഗോള തൊഴില്‍വിപണിയെ ബോധ്യപ്പെടുത്തിയിരിക്കുന്നു. വീട്ടിലെ മുറികള്‍തന്നെ ഓഫീസ് മുറികളാക്കപ്പെടുമോ ഇനിയുള്ള കാലം? അത് ഗള്‍ഫ് തൊഴില്‍വിപണിയിലെ മലയാളിസാന്നിധ്യം വരുംനാളുകളില്‍ വെര്‍ച്വല്‍ ആക്കാനിടയുണ്ടോ? കൃത്യമായ ഉത്തരമില്ല.
മലയാളിയുടെ ഗള്‍ഫ് തൊഴില്‍പ്രവാസം അസ്തമിച്ചിട്ടില്ല. പക്ഷേ, പല കാരണങ്ങളാല്‍ അത് ദുര്‍ബലമാണ്. ദൂരങ്ങള്‍ താണ്ടിയെത്തിയ ഒരു അത്ലറ്റ് ഫിനിഷിങ് പോയന്റിനു തൊട്ടുമുന്നേ തളര്‍ന്നുവീണാല്‍ നാം എന്തുപറയും? ബാഡ് ലക്ക് എന്നായിരിക്കും ഇല്ലേ? മലയാളിയുടെ ഗള്‍ഫ് തൊഴില്‍പ്രവാസത്തിലും സൗഭാഗ്യങ്ങള്‍ക്കൊപ്പം ദൗര്‍ഭാഗ്യങ്ങളുമുണ്ടായിട്ടുണ്ട്.
ബാച്ച്ലര്‍ ജീവിതങ്ങള്‍
ഗള്‍ഫ് തൊഴില്‍പ്രവാസത്തിലെ ഏറ്റവും കഠിനമായ പര്‍വം 'ബാച്ച്ലര്‍' ജീവിതമാണ്. വീട്ടിലെ പുരുഷന്‍ ഗള്‍ഫിലായിരിക്കുകയും നാട്ടില്‍ ഒറ്റയ്ക്കു കഴിയേണ്ടിവരുകയുംചെയ്ത സ്ത്രീകളാണ് ഈ പ്രവാസഗാഥയില്‍ വലിയ ഉള്‍മുറിവുകള്‍ ഏറ്റുവാങ്ങിയത്. ഗള്‍ഫ് പ്രവാസത്തിന്റെ മൂന്നാംതലമുറമുതല്‍ കുറച്ചുപേര്‍ക്ക് അവിടെ കുടുംബജീവിതം സാധ്യമാക്കാന്‍ കഴിഞ്ഞു. ബാച്ച്ലര്‍ ജീവിതം എന്ന പ്രതിഭാസം ഇന്നും ഗള്‍ഫ് മലയാളികളില്‍ വലിയൊരു ഭാഗത്തെ കുടുക്കിയിട്ടിരിക്കുന്നു. കുടുംബജീവിതത്തിനു തികയുന്ന ശമ്പളമില്ലായ്മയാണ് ബാച്ച്ലര്‍ ജീവിതത്തിന്റെ കാരണം. എസ്.എ. ജമീലിന്റെ 'ദുബായ് കത്തുപാട്ട്' ആയിരിക്കും സാഹിത്യത്തില്‍ ഈ 'ബാച്ച്ലര്‍ പ്രവാസ'ത്തെ ആദ്യമായി അഭിസംബോധനചെയ്തത്.
Content Highlights: v musafar ahammed writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..