വി.കെ. ശ്രീരാമൻ
പണ്ട് മലയാളികള്‍ ഭാഗ്യംതേടിപ്പോയ കൊളംബ് പിന്നീട് സിലോണും പിന്നെ ശ്രീലങ്കയുമായി. കൊളംബിലേക്കുള്ള കുടിയേറ്റത്തിന്റെ ഓര്‍മകള്‍...
1941-ലെ കൊടുങ്കാറ്റും രണ്ടാം ലോകയുദ്ധവും കഴിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യവും കിട്ടി പിന്നെയും നാലഞ്ചു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. ഓര്‍മവെക്കുന്ന കാലത്ത് അച്ഛന്‍ കൊളംബിലായിരുന്നു. അച്ഛനെന്നല്ല, കുടുംബത്തില്‍പ്പെട്ട പലരും അവിടെയാണ്. അച്ഛന്റെ ജ്യേഷ്ഠന്‍ ഡോ. പത്മനും ബാലേട്ടന്റെ (സി.വി. ശ്രീരാമന്റെ) അച്ഛനും കൊളംബിലായിരുന്നു. ബാലേട്ടന്റെ അച്ഛന്‍ സിലോണ്‍ റെയില്‍വേയിലും രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് ആര്‍മിയിലുമാണ് ജോലി ചെയ്തത്. കുടുംബവും സിലോണില്‍ത്തന്നെ. യുദ്ധം വന്നപ്പോള്‍ തിടുക്കപ്പെട്ട് കുടുംബത്തെ നാട്ടിലേക്കയച്ചു.
പത്തിരുപതു വയസ്സുള്ള കാലത്ത് തന്റെ ജ്യേഷ്ഠനായ ഡോ. പത്മന്‍ ആണ് എന്റെ അച്ഛനെ കൊളംബിലേക്കു കൊണ്ടുപോകുന്നത്. പഞ്ഞന്‍ എന്നായിരുന്നു വലിയച്ഛന്റെ പേര്. കുരിയാക്കുമാഷുടെ സ്‌കൂളിലും മറ്റുമായി സെക്കന്‍ഡറി വിദ്യാഭ്യാസം ഉണ്ടായിരുന്നു അദ്ദേഹത്തിന്. വലിയമ്മ മീനാക്ഷി വൈദ്യന്മാരുടെ കുടുംബത്തില്‍നിന്ന് വന്നതാണ്. ആ വൈദ്യപരിചയം കൊണ്ടാവാം വലിയച്ഛനും കൊളംബില്‍ വൈദ്യം ആരംഭിച്ചത്. അങ്ങനെ വെട്ടിയാട്ടി ചോഴി മകന്‍ പഞ്ഞന്‍ ഡോക്ടര്‍ വി.സി. പത്മനായി സിലോണില്‍വെച്ച് ഉപനയനം ചെയ്യപ്പെട്ടു. തെക്കേ മലബാറില്‍നിന്നും തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പോയ പലരും കൊളംബില്‍ പോയി ഭിഷഗ്വരന്മാരായിത്തീര്‍ന്നിട്ടുണ്ട്. പിന്നീടെപ്പോഴോ ഡഡ്ളി സേനാനായകെ സിലോണ്‍ പ്രസിഡന്റായപ്പോള്‍ വൈദ്യ വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത എല്ലാ വൈദ്യന്മാരുടെയും പ്രാക്ടീസ് നിരോധിച്ച് ഉത്തരവിറക്കി. അങ്ങനെ വ്യാജവൈദ്യന്മാരുടെ ചികിത്സാകാലത്തിനു തിരശ്ശീല വീണു. പലരും കാലിവളര്‍ത്തല്‍, ചെത്ത് മുതലായ പാരമ്പര്യ തൊഴില്‍മേഖലകളിലേക്ക് മടങ്ങി.
കൊളംബിലേക്ക് മലയാളികളായ ചെത്തുകാര്‍ ധാരാളമായി കുടിയേറിയിരുന്നു. അവരില്‍നിന്ന് 'കള്ളുകട മുതലാളിമാര്‍' ഉണ്ടായി. ചെറുവത്താനിയിലെ ഒരു സിലോണ്‍ കള്ളുകട മുതലാളിയായിരുന്നു ഐനിപ്പുള്ളി ഗോവിന്ദന്‍. ചാവക്കാട്ടെ പ്രസിദ്ധമായ കാജാ ബീഡി കമ്പനി ഉടമ രാജാ ബീഡി എന്ന പേരില്‍ കൊളംബിലാണ് ആദ്യം ബീഡിക്കച്ചവടം തുടങ്ങിയത്. ഈ ഭാഗത്തുനിന്ന് മാപ്പിളമാര്‍ ഏറെയും മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് തൊഴില്‍തേടി പോയത്. ഈഴവരും മറ്റും തിരഞ്ഞെടുത്തതും സിലോണായിരുന്നു.
എന്റെ അച്ഛനും കുരിയാക്കുമാഷുടെ സ്‌കൂളില്‍ ഏഴാംതരം വരെ പഠിച്ചിരുന്നു. സിലോണില്‍ ചെന്നപ്പോള്‍ ആദ്യം ലഭിച്ച പണി ഒരു റബ്ബര്‍ എസ്റ്റേറ്റിലാണത്രേ! മരങ്ങളില്‍നിന്ന് ചിരട്ടയില്‍ ഊറിക്കൂടുന്ന റബര്‍ പാല്‍ക്കട്ടകള്‍ ഒരിടത്തു കൂട്ടി അതിലെ കരടും പൊടിയും നീക്കി വെടിപ്പാക്കുന്ന പണി. അതിനുശേഷം പിലൗസ് ഹോട്ടലിലെ വെയിറ്ററായി. അക്കാലത്ത് നൈറ്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും വശമായപ്പോള്‍ പിലൗസിലെ കണക്കെഴുത്തുകാരനും തുടര്‍ന്നു മാനേജരുമായി. പിന്നീട് മറുദാനയിലെ ബുഹാരി ഹോട്ടലിലേക്ക് മാറി. സിലോണ്‍ ഉപേക്ഷിക്കുന്നതുവരെ അവിടെ മാനേജരായിത്തുടര്‍ന്നു.
അച്ഛന്റെ സുഹൃത്തായിരുന്ന പ്രസിദ്ധനായ സര്‍ക്കസ് സാഹിത്യകാരന്‍ കണ്ടമ്പുള്ളി ബാലന്‍ കുന്നംകുളം ചിറ്റഞ്ഞൂരില്‍നിന്ന് 1942-ലാണ് തൊഴില്‍ തേടി സിലോണിലെത്തിയത്. ചെറിയ തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നതിനിടെ നിശാപാഠശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് ഭാഷ പഠിച്ചു. അങ്ങനെ 'സിലോണ്‍ മലയാളി മഹാസഭ' യുടെ പ്രവര്‍ത്തകനായി. പിന്നീട് 'സിലോണ്‍ മലയാളി' എന്ന പത്രത്തിന്റെ പ്രവര്‍ത്തകനായി. സിലോണില്‍ ഇരുന്നുകൊണ്ട് കേരളത്തിലെ പല പത്രങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ എഴുതി. ഇംഗ്ലീഷ്, സിംഹള, തമിഴ് എന്നീ ഭാഷകള്‍ വിദഗ്ധമായി ഉപയോഗിക്കാന്‍ പഠിച്ചു. തുടര്‍ന്ന് സിലോണിലെ കോടതികളില്‍ അംഗീകൃത ദ്വിഭാഷിയായി നിയമിക്കപ്പെട്ടു. ഈ ജോലി ബാലനെ സിലോണ്‍ മലയാളികള്‍ക്കിടയില്‍ പ്രസിദ്ധനാക്കി. അക്കാലത്താണ് തലശ്ശേരിക്കാരന്‍ കെ. ദാമോദരന്‍ കമല സര്‍ക്കസുമായി സിലോണിലെത്തുന്നത്. കണ്ടമ്പുള്ളി ബാലനെ ദാമോദരന്‍ കമല സര്‍ക്കസിന്റെ 'ഓര്‍ഗനൈസിങ് മാനേജര്‍' തസ്തികയില്‍ നിയമിച്ചു. അങ്ങനെയാണ് സര്‍ക്കസ് ലോകവുമായി ബാലന്‍ പരിചയപ്പെടുന്നതും സര്‍ക്കസിനെപ്പറ്റി എഴുതാന്‍ ആരംഭിക്കുന്നതും.
1966-കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായ 'സര്‍ക്കസ്' എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ എന്‍.വി. കൃഷ്ണവാരിയര്‍ ഇങ്ങനെ എഴുതുന്നു. 'സര്‍ക്കസിനെപ്പറ്റി എഴുതുന്നതിനു പകരം നോവലോ കഥയോ എഴുതിയിരുന്നെങ്കില്‍ ബാലന്‍ ഇതിനകം മലയാളത്തിലെ അഗ്രഗണ്യരായ സാഹിത്യകാരന്മാരില്‍ ഒരാളായി മാറുമായിരുന്നു.'
കവിത, കഥ മുതലായ സാഹിത്യശാഖകള്‍ അക്കാലത്ത് സിലോണ്‍ മലയാളികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുകയും പലരും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സര്‍ഗാത്മക സാഹിത്യ പ്രവര്‍ത്തനങ്ങളിലും അക്കാലത്ത് സിലോണ്‍ മലയാളികള്‍ വ്യാപൃതരായിരുന്നു.
Content Highlights: v k sreeraman writes about the sreelankan migration from kerala during 1940s
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..