മരവിച്ചുപോയ നവോത്ഥാനം


കെ. വേണു

3 min read
Read later
Print
Share

അയ്യൻകാളി | ചിത്രം: മാതൃഭൂമി

പത്തൊത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ മാറ്റത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് സജീവമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന ഡോ. പൽപ്പു ബെംഗളൂരുവിൽവെച്ച് സ്വാമി വിവേകാനന്ദനെ കാണാനിടയായപ്പോൾ കേരളത്തിൽ അക്കാലത്ത് നിലനിന്നിരുന്ന തീണ്ടലും തൊടീലും പോലുള്ള അനാചാരങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞ് കേൾപ്പിക്കുകയുണ്ടായി. ഇതെല്ലാം കേട്ട വിവേകാനന്ദന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതെന്താ ഈ മലബാർ ഒരു ഭ്രാന്താലയമോ? അക്കാലത്ത് കേരളതീരത്തെ മലബാർ എന്നാണ് പൊതുവിൽ പരാമർശിച്ചിരുന്നത്.

ഈ ഭ്രാന്താലയമാണ് ഇരുപതാംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും പുരോഗമന സ്വഭാവമുള്ള സംസ്ഥാനമായി മാറിയത്. കേരളത്തിന്റെ തനതായ നവോത്ഥാന പ്രക്രിയയിലൂടെയാണ് ഈ മാറ്റമുണ്ടായത്. നവോത്ഥാന പ്രക്രിയക്ക് തുടക്കംകുറിച്ചിരുന്നത് തിരുവിതാംകൂറിലായിരുന്നു. ദളിത് -പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള അയ്യങ്കാളിയും ശ്രീനാരായണഗുരുവും മറ്റുമാണ് അതിന് നേതൃത്വം നൽകിയത്. ഇവിടെ നവോത്ഥാന പ്രക്രിയക്ക് തുടക്കംകുറിച്ചത് സമൂഹത്തിന്റെ അടിത്തട്ടിൽനിന്നായതിനാൽ ജനാധിപത്യപ്രക്രിയ അടിത്തട്ടിലേക്ക് കടന്നുചെന്നു.

അയ്യങ്കാളിയുടെ പോരാട്ടം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ പട്ടികജാതിക്കാരായ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് അയ്യങ്കാളി ട്രേഡ് യൂണിയൻ സമരം നടത്തിയതോടൊപ്പം വില്ലുവണ്ടി പ്രകടനം നടത്തി സവർണ മേധാവിത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. ദളിത് വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവർക്ക് നേടിക്കൊടുക്കുന്നതിലും അയ്യങ്കാളി ശ്രദ്ധചെലുത്തി. പൗരന്മാരുടെ അവകാശബോധത്തെ അടിത്തട്ടിൽനിന്ന് ഉദ്ദീപിപ്പിക്കുന്നതിൽ ഇത്തരം നടപടികൾ വഹിച്ച പങ്ക് ചെറുതല്ല.

ഗുരുവും പൽപ്പുവും

ശ്രീനാരായണ ഗുരുവിനെ മുൻ നിർത്തി ഡോ. പൽപ്പുവും കുമാര നാശാനും സംഘാടകരായി 1905-ൽ തുടങ്ങിയ ശ്രീനാരായണ ധർമ പരിപാലനയോഗം (എസ്.എൻ.ഡി.പി.) അയിത്തജാതിക്കാരെന്ന നിലയ്ക്ക് അധഃസ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന പിന്നാക്ക ജാതി വിഭാഗങ്ങളെ നവോത്ഥാന പാതയിലേക്ക് ആനയിച്ചു. ആരംഭ മുന്നേറ്റത്തിനുശേഷം സംഘടന എന്ന നിലയ്ക്കുള്ള അപചയ പ്രവണതകൾ പലതും പ്രകടമായതോടെ യോഗം പ്രവർത്തനങ്ങളിൽനിന്ന് ഡോ. പൽപ്പു വിട്ടു നിൽക്കുകയുണ്ടായി. അപ്പോഴേക്കും ഒരു പ്രസ്ഥാനമായി മാറി ക്കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി. പരിമിതികളോടെയാണെങ്കിലും മുന്നേറ്റം തുടർന്നു.

1930-കളിൽ തിരുവിതാംകൂർ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നിവർത്തനപ്രക്ഷോഭത്തിൽ ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങളോടൊപ്പം യോഗവും സജീവപങ്കാളിയായിരുന്നു. യോഗം നേതാവ് സി. കേശവൻ അനുയായികളോടൊപ്പം കോൺഗ്രസിൽ ചേരുകയുണ്ടായി. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് തനതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്ന ഈ പശ്ചാത്തലത്തിലാണ് മറ്റൊരു വഴിത്തിരിവുണ്ടായത്. കോൺഗ്രസിനുള്ളിൽ സജീവമായി പ്രവർത്തിച്ചിരുന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം ഒന്നടങ്കം 1939-ൽ കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു.

കമ്യൂണിസം വരുത്തിയ മാറ്റം

1940-കളിൽ കമ്യൂണിസ്റ്റ് പാർട്ടി അധ്വാനിക്കുന്ന വിവിധ ജനവിഭാഗങ്ങളിലേക്ക് വൻതോതിൽ കടന്നുചെന്നു. കയർ ഉൾപ്പെടെ, പരമ്പരാഗത വ്യവസായമേഖലകളിലെ തൊഴിലാളികളിൽ ഗണ്യമായ വിഭാഗവും പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. വർഗസമര സിദ്ധാന്തവുമായി കടന്നുവന്ന കമ്യൂണിസ്റ്റ് പാർട്ടി അവരിൽ നല്ലൊരുവിഭാഗത്തെ ട്രേഡ് യൂണിയനുകളിൽ അണിനിരത്തി. ഇത് എസ്.എൻ.ഡി.പി.യെ ഗണ്യമായി ദുർബലപ്പെടുത്തി. 1950-കളുടെ ആരംഭത്തിൽ എസ്.എൻ.ഡി.പി. ജനന-മരണച്ചടങ്ങുകൾക്ക് കാർമികത്വംവഹിക്കുന്ന ഒരു സാംസ്കാരിക സംഘടനയായി മാറുകയും രാഷ്ട്രീയമായി അപ്രസക്തരാവുകയും ചെയ്തിരുന്നു. രാഷ്ട്രീയരംഗത്ത് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും മേധാവിത്വം കെെയടക്കിക്കഴിഞ്ഞിരുന്നു. അത് 1957-ലെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപവത്‌കരണത്തിലെത്തി.

മുന്നണികളുടെ ബലാബലം

കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തകർച്ചയ്ക്കുശേഷം 1960-കൾ മുതൽ കേരളം കണ്ടത് കോൺഗ്രസിന്റെയും കമ്യൂണിസ്റ്റുകാരുടെയും നേതൃത്വത്തിലുള്ള രണ്ട് മുന്നണികൾ തമ്മിലുള്ള ബലാബലപരീക്ഷണങ്ങളാണ്. അധികാരം പിടിച്ചുപറ്റാനും നിലനിർത്താനുമുള്ള രാഷ്ട്രീയക്കളികളാണ് മുഴച്ചുനിന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലേതുപോലെ സാമൂഹികമുന്നേറ്റങ്ങൾ രണ്ടാംപകുതിയിൽ കാണാനാവില്ല. തീർച്ചയായും പാർലമെൻററി രാഷ്ട്രീയത്തിന്റെ അന്തരീക്ഷമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നുപറയാം. അവിടെ ജാതിയും മതവുമെല്ലാം വോട്ടുബാങ്ക് രാഷ്ട്രീയത്തിലെ ഉപകരണങ്ങൾ മാത്രം.

കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ജാതിരാഷ്ട്രീയത്തിന് പുരോഗമനസ്വഭാവം ഉണ്ടെന്ന് പറയാനാവില്ല. സവർണ, അവർണ ചേരിതിരിവിന്റെ രൂപത്തിലല്ല ഇവിടെ ജാതിരാഷ്ട്രീയം പ്രവർത്തിക്കുന്നത്. രാഷ്ട്രീയപ്പാർട്ടികൾ മത-ജാതി സമൂഹങ്ങളെ തങ്ങളുടെ വോട്ടുബാങ്കായാണ് കൈകാര്യം ചെയ്യുന്നത്. പരമ്പരാഗതമായി ക്രിസ്ത്യൻ - മുസ്‌ലിം സമൂഹങ്ങളിൽ ഭൂരിപക്ഷവും കോൺഗ്രസിനോടൊപ്പമാണ് നിലനിന്നുപോന്നത്. ഹിന്ദുസമൂഹത്തിലെ സവർണ വിഭാഗങ്ങളും ഏറക്കുറെ ആ പക്ഷത്തുതന്നെ. അതേസമയം പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ട, അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ അധികവും കമ്യൂണിസ്റ്റ് പക്ഷത്ത് നിലയുറപ്പിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ സാഹചര്യത്തെ വിലയിരുത്തിയത് വർഗസമീപനം സ്വീകരിച്ചുകൊണ്ടാണ്. അധ്വാനിക്കുന്ന വർഗം കമ്യൂണിസ്റ്റ് പക്ഷത്തും സമ്പന്ന വർഗം മറുപക്ഷത്തും എന്നാണ് അദ്ദേഹം വ്യാഖ്യാനിച്ചത്.

രാഷ്ട്രീയപ്രശ്നമായി ജാതി

സമീപകാലത്ത് സംവരണം ഒരു വിവാദ വിഷയമായതോടെയാണ് ജാതി, രാഷ്ട്രീയപ്രശ്നമായി രംഗത്തുവന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ രംഗത്തും സർക്കാർ തൊഴിൽ മേഖലയിലും സംവരണം ഉറപ്പുവരുത്തിയത് ഇന്ത്യൻ ഭരണഘടനയാണ്. ചരിത്രപരമായ കാരണങ്ങൾ നിമിത്തം സാമൂഹിക പിന്നാക്കാവസ്ഥയിൽ എത്തിയവരെ മുന്നോട്ടു കൊണ്ടുവരുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സാമൂഹിക സംവരണം ഭരണഘടനാപരമായ അവകാശമാക്കിയതെന്ന് ഡോ. അംബേദ്കർ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഇതുവരെ സംവരണത്തിന് അർഹരല്ലാതിരുന്ന സവർണ വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നത്. സവർണവിഭാഗങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ വന്ന കേന്ദ്ര സർക്കാരിന് ഈ നിലപാട് എടുക്കേണ്ടിവരുന്നത് സ്വാഭാവികം. നിലവിലെ സംവരണത്തിന് കോട്ടം തട്ടാത്ത വിധമാണ് ഇത് നടപ്പാക്കുകയെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുന്നവരിൽ കുറവുണ്ടാകുമെന്നത് വസ്തുതയാണ്.

വലിയ വിവാദ വിഷയമാക്കേണ്ട ഒരു സംഗതിയല്ല ഇതെന്നതാണ് യാഥാർഥ്യം. ജാതിസംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പി.യും സംവരണവിഷയത്തിൽ പക്ഷംപിടിച്ച് രംഗത്ത് വരുന്നതോടെ വഷളാകുന്ന അന്തരീക്ഷത്തെ മലീമസമാക്കുന്നത് രാഷ്ട്രീയപ്പാർട്ടികളുടെ ഇടപെടലാണ്. രാഷ്ട്രീയപ്പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തലത്തിൽനിന്ന് ഇടപെടുമ്പോൾ ജാതിരാഷ്ട്രീയം തലപൊക്കുന്നത് സ്വാഭാവികം. അതിനെ തടയാൻ തക്ക സാമൂഹികശക്തികളൊന്നും നമ്മുടെ സമൂഹത്തിൽ ഇല്ലതാനും. ജാതി, മത വിഭജനങ്ങൾക്ക് അതീതമായ രാഷ്ട്രീയത്തിലൂടെ മുന്നേറിയ കേരളീയസമൂഹം ഇന്ന് ഏറെ പിന്നോട്ടുപോയിരിക്കുന്നു എന്ന് ചുരുക്കം.

Content Highlights: the frozen renaissance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Image for representation

3 min

വൈരുധ്യങ്ങളുടെ കേരളമാതൃക

Mar 16, 2022


Education

2 min

കേരളത്തിന്റെ ആരോഗ്യം

Mar 14, 2022


Kalpetta Narayanan

3 min

മാതൃഭൂമി ഭാഷാപരിണയം

Mar 14, 2022


Most Commented