Photo: AFP
ഇരുപതാം നൂറ്റാണ്ട് കണ്ട മഹാമാരിയായിരുന്നു സ്പാനിഷ് ഫ്‌ളൂ. ആ വൈറസ് രോഗത്തിന്റെ പിടിയില്‍നിന്ന് ലോകം കരകയറുന്ന വേളയിലാണ് 'മാതൃഭൂമി' പത്രത്തിന്റെ പിറവി. ഒരു നൂറ്റാണ്ടിനിപ്പുറം നമ്മള്‍ എത്തിനില്‍ക്കുന്നത് ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത മറ്റൊരു വൈറസ് മഹാമാരിയിലാണ്-കോവിഡ് 19 ല്‍! ഇതൊരു ഇരുണ്ട ചിത്രമായി തോന്നാം. കഴിഞ്ഞ നൂറുവര്‍ഷത്തെ ശാസ്ത്രചരിത്രം നോക്കിയാല്‍, ഇരുട്ടും അതിലേറെ വെളിച്ചവും പങ്കുപറ്റുന്ന മുന്നേറ്റങ്ങളുടെ പരമ്പരതന്നെ കാണാനാകും. ഇടവേളകളില്ലാതെ പുതിയ ശാസ്ത്രമുന്നേറ്റങ്ങള്‍ ലോകത്തെ പുനര്‍നിര്‍മിക്കുന്നതിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. മാതൃഭൂമി പിറക്കുന്ന വേളയില്‍ പ്രപഞ്ചമെന്നത് ഒരു ഗാലക്‌സിയുടെ വലിപ്പം മാത്രമുള്ള സങ്കല്പമായിരുന്നു. ആകാശഗംഗ മാത്രമാണ് പ്രപഞ്ചമെന്ന് കരുതിയ കാലം! ആകാശഗംഗ പോലെ കോടാനുകോടി ഗാലക്‌സികള്‍ പ്രപഞ്ചത്തിലുണ്ടെന്നും അനുനിമിഷം പ്രപഞ്ചം വികസിക്കുകയാണെന്നും കണ്ടുപിടിക്കപ്പെട്ടത് പിന്നീടാണ്.
മനുഷ്യന്റെ പ്രപഞ്ചസങ്കല്പം മാത്രമായിരുന്നില്ല 1923 ല്‍ അപൂര്‍ണമായിരുന്നത്. ആധുനിക നാഗരികതയുടെ മുഖമുദ്രയായ പലതും അന്ന് ഭാവിയുടെ കാര്യങ്ങളായിരുന്നു. ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയിരുന്നില്ല. ക്വാണ്ടം ഭൗതികം എന്ന വൈജ്ഞാനിക വിപ്ലവം മുളപൊട്ടിയതേ ഉണ്ടായിരുന്നുള്ളൂ. ബഹിരാകാശയുഗമോ ആണവയുഗമോ ആരംഭിച്ചിട്ടില്ല. കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഇല്ല. ലോകത്തിന്റെ വിശപ്പകറ്റാന്‍ ഹരിതവിപ്ലവം എത്തിയിരുന്നില്ല. കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ ഉറക്കംകെടുത്താന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 'ക്രിസ്പെര്‍' പോലുള്ള ജീന്‍ എഡിറ്റിങ് വിദ്യകള്‍ 21-ാം നൂറ്റാണ്ടിലേക്ക് കരുതിവെച്ച മുന്നേറ്റങ്ങളായിരുന്നു.
ദേശീയതയും ശാസ്ത്രവും
ഇന്ത്യപോലുള്ള കോളനി രാജ്യങ്ങളില്‍ വൈകിമാത്രമാണ് ആധുനികശാസ്ത്രം എത്തിയത്. കോളനികളെ ചൂഷണംചെയ്യാനുള്ള ഉപാധിയായി ശാസ്ത്രം പ്രയോഗിക്കപ്പെട്ടു. ഇന്ത്യക്കാര്‍ കഴിവു കുറഞ്ഞവരാണെന്നും ആധുനിക ശാസ്ത്രവ്യവഹാരം ഇന്ത്യക്കാര്‍ക്ക് പറഞ്ഞിട്ടില്ലെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ ഉറച്ചുവിശ്വസിച്ചു. ആ നിലയ്ക്ക് അവര്‍ നമുക്കുനേരെ തികഞ്ഞ അവജ്ഞയാണ് വെച്ചുപുലര്‍ത്തിയത്.
പാശ്ചാത്യ അവജ്ഞ മറികടക്കുക എന്ന ശ്രമകരമായ വെല്ലുവിളി, ആധുനികശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ നേരിട്ടു. വെള്ളക്കാരെക്കാള്‍ പിന്നിലല്ല നമ്മളെന്ന് തെളിയിക്കേണ്ടിയിരുന്നു. ഇക്കാര്യത്തിലുണ്ടായ പ്രതികരണത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഇന്ത്യക്കാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ആധുനിക ശാസ്ത്രപഠനത്തെ കണ്ടു എന്നതാണ്. ശാസ്ത്രം പലര്‍ക്കും പലതാണെങ്കിലും, ലാഭമുണ്ടാക്കാനുള്ള ഉപാധിയായി ആദ്യകാലത്ത് മിക്ക ഇന്ത്യന്‍ ഗവേഷകരും അതിനെ പരിഗണിക്കാത്തതിനു കാരണം, അത് ദേശീയതയുമായി ബന്ധപ്പെട്ട് നിലകൊണ്ടു എന്നതാണ്' -ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.
ഒരു കൈയില്‍ ചര്‍ക്കയും മറുകൈയില്‍ ടെസ്റ്റ്ട്യൂബുമായി ലോകത്തെ അതിശയിപ്പിച്ച പ്രഫുല്ല ചന്ദ്ര റേ ആയാലും പുതിയൊരു സാംഖികം (സ്റ്റാറ്റിസ്റ്റിക്‌സ്) കണ്ടെത്തി ക്വാണ്ടംഭൗതികത്തിന്റെ ഗതിതിരിച്ചുവിട്ട സത്യേന്ദ്ര നാഥ ബോസ് ആയാലും നക്ഷത്രങ്ങളുടെ രാസരഹസ്യം കണ്ടെത്തി സ്വന്തം നാമം എക്കാലത്തേക്കും പതിപ്പിച്ച മേഘനാദ് സാഹ ആയാലും ഇതില്‍ വ്യത്യാസമില്ലായിരുന്നു! ശാസ്ത്രമേഖലയില്‍ ഇന്ത്യക്കാര്‍ ആര്‍ക്കും പിന്നിലല്ലെന്ന് തെളിയിച്ച മറ്റൊരു പ്രതിഭ സി.വി. രാമന്‍ ആയിരുന്നു. 'മാതൃഭൂമി' തുടങ്ങുന്ന കാലത്ത്, 1930-ല്‍ തനിക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിത്തരാന്‍ പോകുന്ന 'രാമന്‍ പ്രഭാവം' കണ്ടുപിടിക്കാനുള്ള പഠനം രാമന്‍ ആരംഭിച്ചിരുന്നു.
കാളവണ്ടി യുഗത്തില്‍ നിന്ന്
സ്വാതന്ത്ര്യം നേടുന്ന വേളയില്‍ ശാസ്ത്രഗവേഷണത്തിന് മൊത്തം ദേശീയ ഉത്പാദനത്തിന്റെ 0.1 ശതമാനം മാത്രമേ ചെലവിട്ടിരുന്നുള്ളൂ. എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ കഴിയുംവിധം ഇന്ത്യ വളര്‍ന്നു. രാജ്യപുരോഗതിയില്‍ ശാസ്ത്രസാങ്കേതിക മേഖലയുടെ പ്രസക്തിയെക്കുറിച്ച് തെല്ലും സന്ദേഹമില്ലാതിരുന്ന ജവാഹര്‍ലാല്‍ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ തലപ്പത്തുവന്നത് അനുഗ്രഹമായി. രാജ്യത്തെ 'കാളവണ്ടിയുഗത്തില്‍ നിന്ന് ആണവയുഗത്തിലേക്ക് എത്തിക്കാന്‍' നെഹ്രു ചുമതലപ്പെടുത്തിയത് ലോകപ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ ഹോമി ജഹാംഗീര്‍ ഭാഭയെ ആയിരുന്നു. സ്വതന്ത്ര ഇന്ത്യയെ മുന്നോട്ടുനയിച്ചവയില്‍ നാലു കാര്യങ്ങള്‍ ശാസ്ത്രസാങ്കേതികരംഗത്ത് പ്രസക്തവും പ്രധാനവുമായി മാറി.
1. ഹോമി ഭാഭയുടെ നേതൃത്വത്തിലുള്ള ആണവ പരിപാടി, 2. എം.എസ്. സ്വാമിനാഥന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ഹരിതവിപ്ലവം, 3. വിക്രം സാരാഭായിയുടെ കീഴിലെ ബഹിരാകാശ പരിപാടി, 4. ശാന്തി സ്വരൂപ് ഭട്നാഗറുടെ നേതൃത്വത്തില്‍ തുടങ്ങിയ 'സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും' (സി.എസ്.ഐ.ആര്‍) ദേശീയ ലബോറട്ടറി ശൃംഖലയും.
മികച്ച രീതിയില്‍ ഗവേഷണം നടത്താനും ശാസ്ത്രസാങ്കേതികരംഗത്ത് തൊഴിലെടുക്കാനും പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യന്‍ ഗവേഷകര്‍ക്ക്. അതിന് മാറ്റമുണ്ടാക്കിയത് മേല്‍സൂചിപ്പിച്ച മുന്നേറ്റങ്ങളാണ്. ആയിരക്കണക്കിന് ഇന്ത്യന്‍ ഗവേഷകര്‍ക്ക് അഭിമാനത്തോടെ ശാസ്ത്രഗവേഷണത്തില്‍ ഏര്‍പ്പെടാന്‍ ഇത് അവസരമൊരുക്കി.
ജാനകി അമ്മാള്‍ മുതല്‍ താണു പത്മനാഭന്‍ വരെ
കഴിഞ്ഞ നൂറുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ദേശീയപ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക പദ്ധതികളുടെ ചുമതല വഹിക്കുകയും ശാസ്ത്രരംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കുകയും ചെയ്ത ഒട്ടേറെ കേരളീയരെ കാണാനാകും
.jpg?$p=7440f7c&&q=0.8)
ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ സ്ത്രീഗവേഷകയാണ് തലശ്ശേരിയില്‍ ജനിച്ച ഇ.കെ. ജാനകി അമ്മാള്‍. പ്രധാനമന്ത്രി നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ച് ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തിയ ജാനകിയാണ്, 'ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ' (ബി.എസ്.ഐ) യെ ദേശീയ താത്പര്യത്തിനനുസരിച്ച് പുനഃസംഘടിപ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഹൈറേഞ്ചിലെ പീരുമേട്ടില്‍ ജനിച്ച അന്ന മാണിയാണ് മറ്റൊരാള്‍. സി.വി. രാമനുകീഴില്‍ ഗവേഷണം നടത്തിയ അന്ന, യാദൃച്ഛികമായി കാലാവസ്ഥ നിരീക്ഷണ ഉപകരണമേഖലയിലേക്ക് എത്തി. ഇന്ത്യയില്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ള നൂറോളം ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത് അന്നയാണ്. കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ലോകനിലവാരത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും ഇന്ത്യ എത്തിയ കഥയിലെ നായികയാണ് അന്ന! ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തിയ ഏക സ്ത്രീയും അന്ന തന്നെ.

സൈദ്ധാന്തിക ഭൗതികത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മറ്റൊരു മലയാളിയാണ് കഴിഞ്ഞവര്‍ഷം അന്തരിച്ച താണു പത്മനാഭന്‍. തിരുവനന്തപുരം സ്വദേശിയായ പത്മനാഭന്‍, 'ക്വാണ്ടം ഗ്രാവിറ്റി', 'പ്രപഞ്ചപഠനം' തുടങ്ങിയ മേഖലയില്‍ മൗലികമായ മുന്നേറ്റങ്ങള്‍ നടത്തി

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (മലബാര്‍ ഉദ്യാനം) എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിക്കാന്‍ സ്വജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ചെലവിട്ട സസ്യശാസ്ത്രജ്ഞനാണ് എറണാകുളം സ്വദേശിയായ ഡോ. കെ.എസ്. മണിലാല്‍. സ്വതന്ത്ര ഇന്ത്യയില്‍ സസ്യവര്‍ഗീകരണശാസ്ത്രം (ടാക്‌സോണമി) പുനരുജ്ജീവിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഗവേഷകരില്‍ പ്രധാനിയാണ് മണിലാല്‍.
ശാസ്ത്രത്തിലെ മലയാളി പെരുമ
നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നിട്ടും അതുകിട്ടാതെ പോയ കേരളീയരായ ശാസ്ത്രജ്ഞരുമുണ്ട് - ജി.എന്‍. രാമചന്ദ്രന്‍, ഇ.സി.ജി. സുദര്‍ശന്‍ എന്നിവര്‍ ഉദാഹരണം. എറണാകുളം സ്വദേശിയായ രാമചന്ദ്രന്‍ ജീവതന്മാത്രാശാസ്ത്രത്തിലും കോട്ടയം സ്വദേശിയായ സുദര്‍ശന്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും വലിയ സംഭാവനകള്‍ നല്‍കി.

ആധുനിക ജ്യോതിശാസ്ത്ര പഠനത്തിന് സ്വതന്ത്രയിന്ത്യയില്‍ അടിത്തറ സൃഷ്ടിച്ച വൈനു ബാപ്പു എന്ന വേണു ബാപ്പുവിന്റെ കുടുംബവേരുകള്‍ തലശ്ശേരിയിലാണ്. ജി.എന്‍. രാമചന്ദ്രനൊപ്പം പ്രവര്‍ത്തിച്ച ചേര്‍ത്തലക്കാരനായ ഗോപിനാഥ് കര്‍ത്ത ആണ് പരാമര്‍ശിക്കേണ്ട മറ്റൊരു മലയാളി പ്രതിഭ. ജീവതന്മാത്രകളുടെ രഹസ്യം തേടുകയും അതിനുവേണ്ട ക്രിസ്റ്റലോഗ്രാഫി സങ്കേതങ്ങളും ഗണിതസിദ്ധാന്തങ്ങളും വികസിപ്പിക്കുകയും ചെയ്ത ഗവേഷകനാണ് അദ്ദേഹം. ഇന്ത്യയില്‍ കടലാമ ഗവേഷണത്തിന് അടിത്തറയിടുകയും രണ്ടു പതിറ്റാണ്ടുകാലം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ അത് സ്വന്തം ചുമലില്‍ വഹിക്കുകയും ചെയ്ത സതീഷ് ഭാസ്‌കര്‍ എറണാകുളം ജില്ലയിലെ ചെറായിയിലാണ് ജനിച്ചത്.
.jpg?$p=488b3eb&&q=0.8)
ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും ലോകപ്രശസ്ത ഉഭയജീവി ഗവേഷകനുമായ സത്യഭാമ ദാസ് ബിജു (എസ്.ഡി. ബിജു) വിനെക്കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. നൂറിലേറെ തവളയിനങ്ങളെയും മറ്റ് ഉഭയജീവികളെയും തിരിച്ചറിഞ്ഞ് വിശദീകരിച്ച ബയോളജിസ്റ്റാണ് കൊല്ലം സ്വദേശിയായ ഡോ. ബിജു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഏറെയും പശ്ചിമഘട്ടത്തില്‍ നിന്നാണ്. ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്നതാണ് ബിജുവിന്റെ കണ്ടെത്തലുകള്‍.
Content Highlights: science, mathrubhumi 100 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..