വി.പി. രാമചന്ദ്രൻ
കൊച്ചി: ചരിത്രമായ വാർത്താ വിസ്‌ഫോടനങ്ങൾ, ദേശാന്തര യാത്രകൾ, അഭിമുഖങ്ങൾ... വി.പി.ആർ. എന്ന വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ ജീവിതം അതെല്ലാമായിരുന്നു. 'മാതൃഭൂമി'യുടെ ഒരു കാലഘട്ടവും അതിൽ തിളക്കത്തോടെയുണ്ട്. ഒടുവിൽ, കേരളത്തിലെ ഇളമുറക്കാരായ പത്രപ്രവർത്തകരെ പരിശീലിപ്പിക്കുന്ന പ്രസ് അക്കാദമിയുടെ ഡയറക്ടറും ചെയർമാനുമായി കുറെക്കാലം. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ആ ജീവിതം ഓർമയായത്.
ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കളോടെല്ലാം സൗഹൃദം. ഒപ്പം, പാക് നേതാക്കളായ അയൂബ് ഖാൻ, സുൾഫിക്കർ അലി ഭൂട്ടോ തുടങ്ങിയവരുമായും വി.പി.ആറിന് വ്യക്തിബന്ധമുണ്ടായിരുന്നു .
പി.ടി.ഐ.യുടെ പാകിസ്താൻ ലേഖകനായി ലാഹോറിലും റാവൽപിണ്ടിയിലും ജോലി ചെയ്തിരുന്ന കാലത്ത് രാമചന്ദ്രനായിരുന്നു പ്രസിഡന്റ് അയൂബ് ഖാൻ പട്ടാള നിയമം പ്രഖ്യാപിച്ച വിവരം പുറംലോകത്തെ അറിയിച്ചത്.
''പല നാടുകളിൽ പോയി. പലതും കണ്ടു. അത് നാട്ടുകാരെ അറിയിക്കാനായി. ഒരുപാട് കാര്യങ്ങൾ ചെയ്യാനായി'' - തൊണ്ണൂറു വയസ്സ് തികഞ്ഞപ്പോൾ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 1924-ൽ തൃശ്ശൂർ വടക്കാഞ്ചേരിയിൽ ജനിച്ച രാമചന്ദ്രൻ മിലിറ്ററി അക്കൗണ്ടിങ് സെക്ഷനിൽ ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. മെട്രിക്കുലേഷനായിരുന്നു അന്ന് വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്‌റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പരിശീലിച്ച് ക്ലാർക്കായി. വാർത്തകളുടെ ലോകത്തേക്ക് വഴിതുറന്നത് അപ്പോഴാണ്.
വിദേശ റിപ്പോർട്ടിങ്, പാർലമെന്റ് റിപ്പോർട്ടിങ്, അന്വേഷണാത്മക പത്രപ്രവർത്തനം എന്നിവയിൽ സ്വന്തം വഴി കണ്ടെത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. അസോസിയേറ്റഡ് പ്രസ് (എ.പി.) പുണെ ഓഫീസിലും തുടർന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ.) യിലും പ്രവർത്തിച്ചു. 1964-ലാണ് യു.എൻ.ഐ.യുടെ ഡൽഹി ബ്യൂറോ ചീഫ് ആയത്. യു.എൻ.ഐ. െഡപ്യൂട്ടി ജനറൽ മാനേജർ സ്ഥാനം വരെ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സമാചാർ ഭാരതി എന്ന വാർത്താ ഏജൻസിയുടെ റാഞ്ചി ലേഖകനായി.
കെ.പി. കേശവ മേനോന്റെ മരണശേഷമാണ് വി.പി.ആർ. മാതൃഭൂമി പത്രാധിപരായത്. ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനെ ഇന്റർവ്യൂ ചെയ്ത അപൂർവം ഇന്ത്യൻ പത്രപ്രവർത്തകരിൽ വി.പി.ആറും ഉണ്ട്. ഡൽഹിയിൽ സി.പി. രാമചന്ദ്രനും പോത്തൻ ജോസഫുമെല്ലാമടങ്ങിയ മലയാളി പത്രപ്രവർത്തകരുടെ കൂട്ടായ്മയിൽ പ്രധാനിയായിരുന്നു വി.പി.ആർ.
ഭാര്യ ഗൗരി 2010-ൽ മരിച്ച ശേഷം പൂർണമായും വായനയുടെ ലോകത്തായിരുന്നു അദ്ദേഹം.
''അച്ഛന്റെ ഡൽഹി ഓർമകൾ ഒരുപാടുണ്ട്. റിപ്പബ്ലിക് ദിന പരേഡും രാഷ്ട്രപതി ഭവനിലും വി.ഐ.പി. പ്രോഗ്രാമുകളിലുമെല്ലാം ഒപ്പം കൂട്ടുമായിരുന്നു. വാർത്താ ലോകമായിരുന്നു അദ്ദേഹത്തിന് എല്ലാം''- മകൾ ലേഖയുടെ വാക്കുകൾ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..