വി.പി. രാമചന്ദ്രൻ
ചരിത്രത്തിൽ ഇടംപിടിച്ച കർക്കശക്കാരനായ പത്രാധിപരായിരുന്നു വടക്കാഞ്ചേരി വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്ന വി.പി.ആർ. 1978-ൽ എക്‌സിക്യുട്ടീവ് എഡിറ്ററായി മാതൃഭൂമിയിലെത്തുന്നതിനുമുൻപ് അരനൂറ്റാണ്ട് ഇന്ത്യയിലും വിദേശത്തുമായി ശ്രദ്ധേയമായ മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിത്വം. വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്‌കൂളിൽനിന്ന് മെട്രിക്കുലേഷനും തുടർന്ന് ടൈപ്പ്റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പാസായി തൊഴിൽ തേടി പുണെയിലേക്ക് തീവണ്ടി കയറി. ആദ്യം മിലിറ്ററിയിൽ അക്കൗണ്ട് ക്ലർക്ക്, തുടർന്ന് മുംബൈയിൽ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയിൽ ടൈപ്പിസ്റ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഗുവാഹത്തിയിൽ വാർത്താ ഏജൻസിയിൽ ടെലിപ്രിന്റർ ഓപ്പറേറ്ററായി ജോലിചെയ്യുന്നതിനിടെയാണ് വി.പി.ആർ. യാദൃച്ഛികമായി പത്രപ്രവർത്തകനായി മാറുന്നത്.

1958-ൽ പാകിസ്താൻ പ്രസിഡന്റായിരുന്ന അയൂബ്ഖാൻ പട്ടാളഭരണത്തോടൊപ്പം സെൻസർഷിപ്പും ഏർപ്പെടുത്തിയപ്പോൾ അവിടത്തെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുക തികച്ചും അസാധ്യമായി. എന്നാൽ, ഇന്ത്യൻ എയർലൈൻസിന്റെ പൈലറ്റ് മുഖേന അതിരഹസ്യമായി പാക് പട്ടാളഭരണത്തിന്റെ വിവരങ്ങൾ അതിവിദഗ്ധമായി ഡൽഹിയിലെത്തിച്ച് വി.പി.ആർ. ലോകത്തെ അറിയിച്ചു.
യു.എൻ.ഐ.യുടെ ഡൽഹി ബ്യൂറോ ചീഫായിരുന്ന കാലത്ത് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സനുമായും യുഗാൺഡൻ ഏകാധിപതി ഈദി അമീനുമായും അഭിമുഖം നടത്തി ശ്രദ്ധേയനായി. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തും ബംഗ്ലാദേശിന്റെ പിറവിയിലുമെല്ലാം തന്റെ വാർത്തകളിലൂടെ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വം. വിയറ്റ്നാം യുദ്ധത്തിന്റെ ക്രൂരതകൾ ലോകം അറിഞ്ഞതും വി.പി.ആറിലൂടെയാണ്.
അടിയന്തരാവസ്ഥയെ എതിർത്തതോടെ വി.പി.ആറിനെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വിദേശ പ്രതിരോധ മന്ത്രാലയങ്ങളുടെ വാർത്താചുമതലയിൽനിന്ന് റാഞ്ചിയിലേക്ക് സ്ഥലംമാറ്റി. ഈ കാലത്താണ് വികസനോന്മുഖ പത്രപ്രവർത്തനത്തിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷം യു.എൻ.ഐ.യുടെ ഡെപ്യൂട്ടി ജനറൽ മാനേജരായി തിരിച്ചെത്തിയെങ്കിലും ഡൽഹിയിലെ പത്രപ്രവർത്തനം അവസാനിപ്പിച്ച് വി.പി.ആർ. നാട്ടിലേക്ക് മടങ്ങി.
1978-ൽ ആണ് മാതൃഭൂമിയിൽ എക്‌സിക്യുട്ടീവ് എഡിറ്ററായത്. സ്ഥാപക പത്രാധിപരായിരുന്ന കെ.പി. കേശവമേനോന്റെ നിര്യാണത്തെത്തുടർന്ന് 1979-ൽ മാതൃഭൂമിയുടെ പത്രാധിപരുമായി. 1984-ൽ മാതൃഭൂമിയിൽനിന്ന് പിരിഞ്ഞു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..