വി.പി.അപ്പുക്കുട്ട പൊതുവാൾ
പയ്യന്നൂർ: ഗാന്ധിമാർഗത്തെ പാഠപുസ്തകമാക്കി ഗാന്ധിയൻ ദർശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി.അപ്പുക്കുട്ട പൊതുവാൾ. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് ഈ പൊതുപ്രവർത്തകന്റേത്. സ്വാതന്ത്ര്യസമരസേനാനി, സർവോദയമണ്ഡലം -മദ്യനിരോധന പ്രവർത്തകൻ, ഖാദിപ്രചാരകൻ, എഴുത്തുകാരൻ, മാതൃഭൂമി ലേഖകൻ എന്നുവേണ്ട സാമൂഹിക- സാംസ്‌കാരിക-ആധ്യാത്മിക മേഖലകളിലെല്ലാം വെളുത്ത ഖാദി ധരിച്ച മെലിഞ്ഞ ഈ മനുഷ്യന്റെ സാന്നിധ്യമുണ്ടാകും.

അന്ന് ഏട്ടനൊപ്പം പ്രസംഗം കേൾക്കാൻ പോയ 11 വയസ്സുമാത്രം പ്രായമുള്ള അപ്പുക്കുട്ട പൊതുവാൾ ഗാന്ധിജി മലയാളം പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. ഹരിജൻസേവാ ഫണ്ടിലേക്ക് ലഭിച്ച സ്വർണാഭരണങ്ങൾ ലേലംചെയ്യുമ്പോൾ ലേലക്കാരനെ അനുകരിച്ചാണ് ഗാന്ധിജി 'ഒരുതരം, രണ്ടുതരം' എന്ന് മലയാളത്തിൽ പറഞ്ഞത്. അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930-ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942-ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.
സമരസമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥിവിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെത്തുടർന്ന് 1943-ൽ അറസ്റ്റ് ചെയ്ത് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായി. എന്നാൽ തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു.
മാതൃഭൂമിയുടെ പയ്യന്നൂർ ലേഖകനായിരുന്ന എ.കെ.കുഞ്ഞിരാമ പൊതുവാളെ ക്വിറ്റിന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോൾ ആ ചുമതല അപ്പുക്കുട്ടപൊതുവാൾ ഏറ്റെടുത്തു. 10 മാസത്തോളം മാതൃഭൂമി ലേഖകനായി പ്രവർത്തിച്ചു.
1944-ൽ അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ ചേർന്ന് പ്രവർത്തിച്ചു. 1946 മാർച്ച് 10-ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി പ്രസിദ്ധീകരിച്ച 'അമ്മയുടെ അഭിമതം-വിദേശ കൊടികൾ ഇന്ത്യയിൽനിന്ന് പുറത്ത്' എന്നെഴുതി ഭാരതാംബയുടെ ഇരുകൈകളെയും ബന്ധിച്ചിരുന്ന അടിമച്ചങ്ങല നടുവിൽ പൊട്ടിച്ച് അറ്റുപോയിട്ടുള്ളതായുള്ള ചിത്രീകരണം അപ്പുക്കുട്ട പൊതുവാളുടെതായിരുന്നു.
1957-ൽ കെ.കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാൾ സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദിപ്രവർത്തനങ്ങളിലും സജീവമായി.
1947 മുതൽ മദിരാശി സർക്കാരിന് കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദികേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. തുടർന്ന് വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിൽ പങ്കാളിയായി. ഗാന്ധിസ്മാരകനിധി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫീസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു.
പൊളിറ്റിക്കൽ സയൻസിൽ എം.എ. ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത- ആത്മവികാസത്തിന്റെ ശാസ്ത്രം എന്നിവ രചിച്ചു.
പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി.പി.സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ: അത്തായി ഭാരതിയമ്മ. മക്കൾ: യോഗേഷ്, ഗായത്രി, മഹേഷ്. മരുമക്കൾ: ജയശ്രീ, കെ.എ.ബാലഗോപാലൻ, പി.എം.യമുന. മാതൃഭൂമി കുറച്ചു വർഷങ്ങൾക്കുമുൻപ് വി.പി.അപ്പുക്കുട്ട പൊതുവാളിനെ ആദരിച്ചിരുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..