വി.കെ. ശങ്കരപ്പിള്ള, പാറുക്കുട്ടിയമ്മ
ചെങ്ങന്നൂർ: കേരള സംസ്ഥാനം രൂപവത്കരിച്ച് ഒരു വയസ്സാകുമ്പോഴാണ് 1957-ൽ കോയിപ്രം നെല്ലിക്കൽ പുത്തൻവീട്ടിൽ വി.കെ. ശങ്കരപ്പിള്ള മാതൃഭൂമിപത്രത്തിന്റെ ഏജൻസിയെടുക്കുന്നത്. അക്കാലത്ത് കോഴിക്കോട്ടുനിന്നാണു ചെങ്ങന്നൂർ, ആറന്മുളമേഖലയിലേക്കു പത്രമെത്തിയിരുന്നത്. ഏഴു പൈസയായിരുന്നു ഒരു പത്രത്തിന്റെ വില.
19 വർഷത്തെ സേവനത്തിനുശേഷം 1976-ൽ പ്രായാധിക്യംമൂലം ശങ്കരപ്പിള്ള അന്തരിച്ചു. തുടർന്നു ഭാര്യ എം.കെ. പാറുക്കുട്ടിയമ്മ പത്രവിതരണം ഏറ്റെടുത്തു. 30 വർഷം തലച്ചുമടായി നടന്നും വള്ളത്തിലും ബസിലുമായും അവർ മാതൃഭൂമി വായനക്കാരിലെത്തിച്ചു.
ആറാട്ടുപുഴ പാലമെത്തുന്നതിനുമുൻപ് വള്ളത്തിൽ മറുകരയെത്തിയാണു പാറുക്കുട്ടിയമ്മ പത്രമെടുത്തിരുന്നത്. തലച്ചുമടായി പത്രവിതരണം നടത്തിയിരുന്ന ഒരു സ്ത്രീ അന്നു നാട്ടിൽതന്നെ അപൂർവമായിരുന്നു. വെള്ളപ്പൊക്കസമയത്തു ചെങ്ങന്നൂർ നീർവിളാകം മേഖലയിൽ പത്രമെത്തിക്കാനായി പിണ്ടികൊണ്ടു ചങ്ങാടമുണ്ടാക്കി അതിൽ നടത്തിയത് മകനും നിലവിൽ മാതൃഭൂമി ഏജന്റുമായ ജി.കെ. പിള്ളയെന്ന 'പിള്ളച്ചേട്ടൻ' ഓർക്കുന്നു.

പിൽക്കാലത്ത് കൊച്ചി, കോട്ടയം, ആലപ്പുഴ എഡിഷനുകളിൽനിന്നാണ് പത്രമെത്തിയത്. അന്നു കൊൽക്കത്തയിലായിരുന്ന മകൻ ജി.കെ. പിള്ള അമ്മയുടെ മരണശേഷം നാട്ടിലെത്തുകയും പിന്നീടു സഹോദരിയുമായി ചേർന്ന് ഏജൻസി ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന്, ചെങ്ങന്നൂരിലെ മാതൃഭൂമിയുടെ പ്രധാന ഏജന്റും സന്തതസഹചാരിയുമായി പിള്ളച്ചേട്ടൻ മാറി.
കോവിഡുകാലത്തു നിലവിലുണ്ടായിരുന്ന പത്രം മൂന്ന് ഏജൻസികൾക്കായി വീതിച്ചുനൽകി വിശ്രമമെടുത്തു. ഈ 74-ാം വയസ്സിലും പിള്ളച്ചേട്ടൻ വീടിനടുത്തായി 63 പത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്. അച്ഛനും അമ്മയും കടന്നു മകനിലൂടെ മാതൃഭൂമി ഇന്നും ഇല്ലത്തുമേപ്പുറമെന്ന ഏജൻസിയിലൂടെ വീടുകളിലെത്തുന്നു. ഇതോടൊപ്പം നീണ്ട 65 വർഷത്തെ പത്രവിതരണചരിത്രവും തുടരുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..