വെള്ളൂർ പി.കെ. എന്ന പി.കെ. നാരായണൻ നമ്പ്യാർ
സ്വാതന്ത്ര്യസമരത്തിന്റെ ആവേശം സിരകളിലാവാഹിച്ച് അന്നത്തെ നിരവധി ചെറുപ്പക്കാർ 'മാതൃഭൂമി'യുമായി ചേർന്ന് നിന്നു. ചിലർ ലേഖകരായി. മറ്റു ചിലർ അതിന്റെ വിതരണക്കാരായി. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന 'മാതൃഭൂമി'യുടെ ജന്മലക്ഷ്യത്തിനൊപ്പമായിരുന്നു അവരെല്ലാം. തോളോട് തോൾ ചേർന്നുനിന്നാണ് പ്രവർത്തിച്ചത്. അച്ചടി തുടങ്ങിയ നാൾ മുതൽ ഇന്ത്യൻ ആകാശത്ത് ത്രിവർണപതാക പാറിക്കളിച്ച നേരം വരെ ആ ഐതിഹാസിക സമരത്തിന്റെ ഓരോ സ്പന്ദനങ്ങളും 'മാതൃഭൂമി' ഒപ്പിയെടുത്ത് ജനങ്ങളിലെത്തിച്ചുകൊണ്ടിരുന്നു. കാസർകോടിനുമുണ്ട് അതുമായി ബന്ധപ്പെട്ട ഏറെ കഥകൾ പറയാൻ.

വീടുകളിൽ കയറി പോലീസുകാർ കാണിച്ച ദുഷ്പ്രവൃത്തികളും കൊള്ളയും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ചീനത്തോണി വഴി കയ്യൂരിലെത്തിയ റിസർവ് പോലീസും മലബാർ പോലീസും കയ്യൂരിൽ തേർവാഴ്ച നടത്തുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഗോപാല മേനോന്റെ നേതൃത്വത്തിലായിരുന്നു അത്. പേരുകേട്ടാൽ ആളുകൾ ഞെട്ടിത്തരിക്കുന്ന ഗോപാല മേനോന്റെ അക്രമങ്ങളെക്കുറിച്ച് പി.കെ. നാരായണൻ നമ്പ്യാർ 'മാതൃഭൂമി'യിൽ നീണ്ട ലേഖനമെഴുതി.
അക്രമം പുറംലോകമറിഞ്ഞതോടെ ഗോപാല മേനോന്റെ അരിശം കൂടി. ഒരുസംഘം പോലീസുകാരെയും കൂട്ടി അദ്ദേഹം ഒരുനാൾ അതിരാവിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പാട്ടത്തിൽ വീട്ടിൽ എത്തി. അവിടെയായിരുന്നു പി.കെ. നാരായണൻ നമ്പ്യാർ താമസിച്ചിരുന്നത്. ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ ഓരോ കാര്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു നാരായണൻ നമ്പ്യാരെ അദ്ദേഹം മർദിച്ചത്. ഒടിഞ്ഞ കൈയുമായി എല്ലാ ദിവസവും ചെറുവത്തൂരിലെ പോലീസ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചു. അത് ഒരുമാസം തുടർന്നു.
എന്നാൽ, 'മാതൃഭൂമി' ലേഖകനെ പോലീസ് മർദിച്ച വാർത്ത കാട്ടുതീപോലെ പടർന്നു. ശക്തമായ മുഖപ്രസംഗമെഴുതി സംഭവത്തെ 'മാതൃഭൂമി' അപലപിച്ചു. അന്നത്തെ പത്രാധിപർ വി.എം. നായർ വിഷയം നേരിട്ട് അന്വേഷിച്ചു. ഇംഗ്ലീഷ് ദിനപത്രമായ 'ദി ഹിന്ദു'വും മാതൃഭൂമി ലേഖകന് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ എഡിറ്റോറിയൽ എഴുതി. മാതൃഭൂമി ലേഖകനെതിരേയുണ്ടായ പോലീസ് നടപടി പരിഹസിച്ച് ഹാസ്യകവി സഞ്ജയൻ 'വന്ദിപ്പിൻ ജമേദാരേ' എന്ന കവിതയെഴുതി.
എ.ഐ.സി.സി. അംഗമായിരുന്ന നീലേശ്വരം പള്ളിക്കരയിലെ സി.കെ. രാഘവൻ നമ്പ്യാർ സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിൽ ഇതുസംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് അന്വേഷണ കമ്മിഷനെ നിയമിച്ചു. കയ്യൂരിലെ പോലീസ് തേർവാഴ്ച അവസാനിക്കാൻ കാരണമായത് 'മാതൃഭൂമി' വാർത്തയായിരുന്നു.
രാജാസിൽനിന്ന് നേടിയ ഊർജം
: കരിവെള്ളൂർ വങ്ങാട്ട് ശങ്കരൻ ഉണിത്തിരിയുടെയും പെരിയാടൻ കടിഞ്ഞിപ്പള്ളി കല്യാണി അമ്മ എന്ന തമ്പായിയുടെയും മകനായി 1919 നവംബർ അഞ്ചിനായിരുന്നു പി.കെ. നാരായണൻ നമ്പ്യാരുടെ ജനനം. നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ പഠിക്കവെയാണ് വെള്ളൂർ പി.കെ. സ്വാത്രന്ത്ര്യസമരത്തിൽ ഇറങ്ങുന്നത്.
രാജാസ് ഹൈസ്‌കൂൾ അന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നു. ബുദ്ധിജീവികളുടെ കേന്ദ്രവും. അവരുടെ ഒത്തുചേരലിൽ ദേശീയ രാഷ്ട്രീയ ചർച്ചകൾ പതിവായി.
1930-ലെ കോൺഗ്രസ് വൊളന്റിയർ ക്യാമ്പ് നടന്നത് നിലേശ്വരം പള്ളിക്കരയിലായിരുന്നു. അതിൽ പരിശീലനം നേടിയവരെ കോൺഗ്രസ് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്കായി രംഗത്തിറക്കാൻ വിനിയോഗിച്ചു.
1930-ൽ കണ്ണൂരിൽനിന്ന് മദിരാശിയിലേക്ക് എ.കെ.ജി.യുടെയും സർദാർ ചന്ദ്രോത്തിന്റെയും കെ.പി. ആറിന്റെയും നേതൃത്വത്തിൽ നടന്ന പട്ടിണിജാഥയിൽ വെള്ളൂർ പി.കെ. അണിനിരന്നത് പത്താം ക്ലാസിൽ പഠിക്കവെയാണ്. തുടർന്ന് പഠനം ഉപേക്ഷിച്ച് സ്വതന്ത്ര്യസമര പോരാളിയായി. അങ്ങനെയാണ് 'മാതൃഭൂമി'യുടെ നീലേശ്വരം ലേഖകനാകുന്നതും.
നല്ല എഴുത്തുകാരൻ കൂടിയായിരുന്ന അദ്ദേഹം 'കുടിയിറക്കൽ', 'വിശക്കുന്ന തൊഴിലാളി' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. ക്വിറ്റിന്ത്യാ സമരത്തിനനുകൂലമായി കവിതകളും എഴുതി. അക്കാലത്ത് പുടമുറി കല്യാണം രാത്രിയാണ് നടത്തിയിരുന്നത്. എന്നാൽ, വെള്ളൂർ പി.കെ. വിവാഹം പകൽ നടത്തി. അതും അക്കാലത്തെ വിപ്ലവകരമായ ഒരു മാറ്റമായിരുന്നുവെന്ന് വെള്ളൂരിലെ പി.സി. രാമചന്ദ്രൻ അടിയോടി ഓർക്കുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..