ടി.എസ്. തിരുമുമ്പിന്റെ സ്മാരകം | വര: മദനൻ

വാക്കുകളിൽനിന്ന് തീചീറ്റിയ ടി.സുബ്രഹ്‌മണ്യൻ തിരുമുമ്പിനെ പാടുന്ന പടവാൾ എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത്. ഉത്തരകേരളത്തിൽ ദേശീയപ്രസ്ഥാനം പടുത്തുയർത്താൻ സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
ഗാന്ധി-ഇർവിൻ സന്ധിക്കുശേഷം 'കഴിഞ്ഞ ധർമയുദ്ധത്തിന്റെ നിരീക്ഷണം' എന്ന തലക്കെട്ടിൽ തിരുമുമ്പ് 51 ശ്ലോകങ്ങളെഴുതി. പാലക്കാട്ടുനിന്ന് കൃഷ്ണസ്വാമി അയ്യർ പുറത്തിറക്കിയ 'യുവഭാരത' മാസികയിൽ പ്രസിദ്ധീകരിച്ച കവിതയുടെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് തടവിൽ കിടക്കേണ്ടി വന്നയാളുമാണ്. 'ദേശബന്ധു'വിന്റെ പത്രാധിപരായിരുന്ന തിരുമുമ്പ് നല്ലൊരു വിവർത്തകൻ കൂടിയാണ്.
സമൂഹത്തിലെ അനീതികൾക്കും അനാചാരങ്ങൾക്കുമെതിരേ അദ്ദേഹത്തിന്റെ നാക്കും തൂലികയും പോരാടിക്കൊണ്ടേയിരുന്നു. എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കരിവെള്ളൂരിൽ രൂപംകൊണ്ട അഭിനവ ഭാരത യുവക് സംഘത്തിൽ അംഗത്വം കിട്ടാതിരുന്നപ്പോൾ തിരുമുമ്പ് കവിതയിലൂടെ പ്രതികരിച്ചു-
'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യുവത്വം
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്ത ശീലമെൻ യൗവ്വനം'
പിന്നീട് ജനകീയസമരങ്ങളുടെ കവിയായിരുന്നു തിരുമുമ്പ്. കർഷക സമരങ്ങൾക്ക് ആവേശം നൽകാനുള്ള കവിതാ മുദ്രാവാക്യങ്ങൾ ആ തൂലികത്തുമ്പിൽനിന്ന് ഏറെ പിറന്നു. രക്തപതാകയ്ക്ക് അഭിവാദ്യമർപ്പിക്കുന്ന 'പതാകഗാന'വും 'മടിക്കൈ കേസു'മെല്ലാം എഴുതിയ കവി 1948 മേയ് 21 മുതൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നു. െകാൽക്കത്ത തീസിസിനെത്തുടർന്നായിരുന്നു ആ പിൻവാങ്ങൽ. വിപ്ലവ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പായിരുന്നു 1942-ൽ തുടങ്ങിയ കമ്യൂണിസ്റ്റ് ബന്ധം വേർപെടുത്താൻ കാരണമായത്. കനലണയാത്ത കവിതകൾ പിറന്ന തൂലികയിൽനിന്ന് പിന്നീട് മലയാളത്തിന് കിട്ടിയത് ഭക്തിരസമായിരുന്നു. അദ്ദേഹത്തിന്റെ 'ദേവീഭാഗവതം', 'വിഷ്ണുഭാഗവതം', 'സൗന്ദര്യലഹരി സ്‌തോത്രം' എന്നീ കൃതികൾ 'മാതൃഭൂമി'യാണ് പ്രസിദ്ധീകരിച്ചത്.
1937-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഞാനും കവിതയും' എന്ന കവിത പ്രസിദ്ധീകരിച്ചു
'ഞാൻ: ഇന്നുമെൻ മാനസ ക്ഷേത്രകവാടം തു-
റന്നു കിടപ്പല്ലേ മുന്നേപ്പോലെ' എന്നു തുടങ്ങുന്ന വരികൾ കവിതയെ കാക്കുന്ന തിരുമുമ്പിന്റെ മനസ്സാണ് കാണിക്കുന്നത്.
1944-ൽ 'ഓണവും ഞാനും' മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ആസ്വാദകരിലെത്തി.
അശുദ്ധിയും പുണ്യാഹവും

കേളപ്പജിയുടെ ആഹ്വാനമനുസരിച്ച് അനാചാരങ്ങൾക്കെതിരേ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ ടി.എസ്.തിരുമുമ്പ് പങ്കെടുക്കാൻ തീരുമാനിച്ചു. 1931 ഒക്ടോബർ 21-ന് കണ്ണൂരിൽനിന്ന് കാൽനടയായി ഗുരുവായൂരിലേക്ക് പുറപ്പെട്ട 64 പേരടങ്ങിയ സംഘത്തെ നയിച്ചത് തിരുമുമ്പായിരുന്നു. 1931 നവംബർ 24, 25 തീയതികളിൽ ഗുരുവായൂർ സത്യാഗ്രഹികളുടെ പ്രാർഥന 'മാതൃഭൂമി'യിലൂടെ മലയാളികൾ വായിച്ചു. അതിൽ കവി ഇങ്ങനെ പാടി
ശ്രീതങ്കമമ്പലമി'തിങ്കലിവർക്കു'മാത്രം
സ്വാതന്ത്ര്യമില്ല ഭവദർച്ചന ചെയ്യുവാനായ്
നീതന്നെ നിൻപ്രിയതനൂജരിലിത്രപക്ഷ-
പാതങ്ങൾ കാട്ടരുതു ദീനദയാംബുരാശേ.
'ദേവപ്രഭോ! കിണർ, നിരത്ത് കുളങ്ങളൊന്നും
പാവങ്ങളാമിവരിലാർക്കുമടുക്കവയ്യ
ശ്രീവല്ലഭ! പ്രതിദിനം നരകിച്ചു ഞങ്ങ-
ളേവം കഴിപ്പതിനൊരന്തവുമില്ലയെന്നോ? -കവിത നാട് ഏറ്റുപാടിയെങ്കിലും ഗുരുവായൂരിൽവെച്ച് തിരുമുമ്പ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
ജതീന്ദ്രനാഥദാസിനായി 'മാതൃഭൂമി'യിൽ
അങ്ങ് ലാഹോർ ജയിലിൽ 1929 െസപ്റ്റംബർ 13-ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി 63 ദിവസം നിരാഹാരമനുഷ്ടിച്ച് മരണം വരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ നേതാവ് ജതീന്ദ്രനാഥദാസിനായി തിരുമുമ്പ് 1929-ൽ 'മാതൃഭൂമി'യിൽ 'ജതീന്ദ്രനാഥദാസ്' എന്ന കവിതയെഴുതി.
'....ദൈവത്തിൻ ദീനവത്സലത്വത്തെപ്പുലർത്തീടു-
മാവെറും വായുവല്ലാതാഹാരമൊന്നുംതന്നെ
കേവലം കഴിക്കാതെ മറഞ്ഞ ദാസ്സിൻ നിത്യ-
പാവനവ്രതം ജഗദാരാദ്ധ്യം വെൽവൂതാക!
അപ്പുണ്യദേഹം ദഹിച്ചുള്ളൊരാസ്ഥലിയിൽ നി-
ന്നപ്പുതു വെണ്ണീരിൽ നിന്നായിരക്കണക്കിലായ്
ഭാരതപ്പാരതന്ത്ര്യച്ചങ്ങല പൊട്ടിക്കുവാൻ
വീരവീരന്മാർ താനേ മുളച്ചുതുള്ളിച്ചാടും.'
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..