കാഞ്ഞങ്ങാട്ടെത്തിയ ഇന്ധിരാഗാന്ധി തുറന്ന വാഹനത്തിൽ സംസാരിക്കുന്നു. പ്രസംഗ സ്ഥലത്ത് ടി.കെ.കെ.നായർ(ഇടത്തു നിന്നു രണ്ടാമത്)(ഫയൽ ചിത്രം)

'കോളേജ് കുമാരി ജീവിക്കാൻ കൂലിപ്പണിക്കു പോകുന്നു' 1971 ജൂൺ 19-ന് 'മാതൃഭൂമി'യുടെ ഒന്നാം പേജിൽ വന്ന ഈ വാർത്ത കാഞ്ഞങ്ങാട്ടെ പഴയ തലമുറക്കാരുടെ മനസ്സിൽ മായാതെയുണ്ട്. കാഞ്ഞങ്ങാട്ടെ മാതൃഭൂമി ലേഖകൻ ടി.കെ.കെ.നായരെ കുറിച്ചു പറയുമ്പോഴെല്ലാം അരനൂറ്റാണ്ടിനിപ്പുറവും ഈ വാർത്തയും കോളേജ് കുമാരിയും കടന്നു വരും. കാഞ്ഞങ്ങാട് തെരുവത്തെ പദ്മിനി പ്രിഡിഗ്രി പാസായ ശേഷം കൂലിപ്പണിക്കു പോകുന്നതാണ് വാർത്ത.
കാഞ്ഞങ്ങാട് മേഖലയിലും ജില്ലയുടെ കിഴക്കൻ ഗ്രാമങ്ങളിലും മാതൃഭൂമിക്ക് ആഴത്തിൽ വേരുണ്ടാക്കിയ ലേഖകനാണ് ടി.കെ.കെ. വൈദ്യർ എന്ന ടി.കെ.കെ.നായർ. തെക്കടവൻ കല്ലത്ത് കുഞ്ഞിക്കണ്ണൻ എന്നാണ് മുഴുവൻ പേര്. പയ്യന്നൂർ സ്വദേശിയായ ടി.കെ.കെ. കാഞ്ഞങ്ങാട്ടെത്തിയത് വൈദ്യരായിട്ടാണ്. അധികം വൈകാതെ മാതൃഭൂമി ലേഖകനായി. 1959 കാലഘട്ടത്തിൽ തുടങ്ങിയ പത്രപ്രവർത്തനം ഏതാണ് നാലു പതിറ്റാണ്ടുകാലം തുടർന്നു.
കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ വൈദ്യ കലാ മന്ദിരം. ടി.കെ.കെ.യുടെ വൈദ്യശാലയായ ഈ മുറിയായിരുന്നു മാതൃഭൂമിയുടെ വാർത്താ കേന്ദ്രം. രാഷ്ട്രീയ നേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയുമൊക്കെ ഒത്തുകൂടൽ കേന്ദ്രമെന്നാണ് വൈദ്യ കലാ മന്ദിരത്തെ വിശേഷിപ്പിക്കാറ്.
'രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയുണ്ടാകും. രാഷ്ട്രീയത്തിലൂന്നിയുള്ള ചർച്ചയുണ്ടാകം. അവിടെ ചർച്ച ചെയ്യാത്ത വിഷയങ്ങളുണ്ടോ'-ഇവിടത്തെ സ്ഥിരം സന്ദർശകനായിരുന്ന അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എ.വി.രാമകൃഷ്ണൻ അന്നത്തെ കൂട്ടായ്മയെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു.
അന്ന് മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ ഉൾപ്പെടെയുള്ളവർ വൈദ്യ കലാ മന്ദിരത്തിലെത്തുന്ന ഓർമകളും പറയാനുണ്ട് പഴയ തലമുറക്ക്. കോൺഗ്രസ് നേതാക്കൾ അഡ്വ.സി.കെ.ശ്രീധരൻ, എം.സി.ജോസ്, സി.പി.എം. നേതാവ് അഡ്വ.കെ.പുരുഷോത്തമൻ, ബി.ജെ.പി.നേതാവ് മടിക്കൈ കമ്മാരൻ,സോഷ്യലിസ്റ്റ് നേതാവ് എ.വി.രാമകൃഷ്ണൻ, സി.പി.ഐ.യിലെ എ.വി.കുഞ്ഞികൃഷ്ണൻ, മുസ്ലിം ലീഗിലെ യു.വി.മൊയ്തുഹാജി, എ.പി.അബ്ദുള്ള, മാധ്യമപ്രവർത്തകർ പി.മുഹമ്മദ്കുഞ്ഞി, ടി.മുഹമ്മദ് അസ്ലം ഇങ്ങനെ നീളുന്നു ടി.കെ.കെ.യുടെ സൗഹൃദ കൂട്ടായ്മ.

ഭാര്യ തമ്പായിക്കൊപ്പം വെള്ളിക്കോത്ത് ഏറെക്കാലം വാടകയ്ക്കു താമസിച്ചിരുന്നു. പിന്നീട് പയ്യന്നൂരിൽ നിന്ന് നിത്യവും പോയി വരികയായിരുന്നു. 1990-ൽ എം.ടി.വാസുദേവൻനായരെയും തിക്കോടിയനെയും കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവന്ന് ടി.കെ.കെ.യുടെ ഷഷ്ഠിപൂർത്തി ഈ നാട്ടുകാർ ഉത്സവം പോലെ കൊണ്ടാടി. 2006 ജനുവരി 30-ന് അന്തരിച്ചു.
അതിനും ആറു വർഷം മുൻപേ മാതൃഭൂമി ലേഖകൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഏറെക്കാലം കോൺഗ്രസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. ഇന്ദിരാഗാന്ധി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ മുൻ നിര സംഘാടകനായിരുന്നു. ഇദ്ദേഹത്തിന്റെ ഓർമയിൽ കാഞ്ഞങ്ങാട്ട് ടി.കെ.കെ.ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൾപ്പെടെയുള്ളവർക്ക് പുരസ്‌കാരം നൽകിയും മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്ന എം.പി.വീരേന്ദ്രകുമാറിനെയടക്കം പങ്കെടുപ്പിച്ചും ടി.കെ.കെ.യുടെ സ്മരണ ജ്വലിപ്പിക്കാൻ ഫൗണ്ടേഷനു കഴിഞ്ഞു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..