ടി.ബി. മേനോൻ
പാലക്കാട്: ഒരു പത്രപ്രവർത്തകൻ മികച്ച ഒരു പൊതുപ്രവർത്തകൻകൂടിയാവണമെന്ന വിശ്വാസക്കാരനായിരുന്നു പുത്തൂരുകാരുടെ ബാലൻമേനോൻ എന്ന ടി.ബി. മേനോൻ.
പുലർച്ചെ നാലിനാരംഭിക്കുന്ന ഒരുദിവസം രാഷ്ട്രീയ-സാഹിത്യ ചർച്ചകളുമായി രാത്രി വൈകുംവരെ സജീവമായിരുന്നു. പരിചയക്കാരുടെയും നാട്ടുകാരുടെയും പ്രശ്‌നങ്ങൾ സ്വന്തമായി കരുതി ഏറ്റെടുക്കൽ, രാഷ്ട്രീയപ്രവർത്തനവും എഴുത്തും വായനയും... ഇതെല്ലാമായിരുന്നു മാതൃഭൂമിയുടെ പാലക്കാട്ടെ ആദ്യ ലേഖകൻ പുത്തൂർ തേങ്കുറിശ്ശിവീട്ടിൽ ബാലൻമേനോന്റെ ജീവിതം.
1940 മുതൽ 1972 വരെ പാലക്കാട്ടെ മാതൃഭൂമിയുടെ പര്യായമായിരുന്നു ബാലൻമേനോൻ. മാതൃഭൂമി ബാലേട്ടൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാധാരണക്കാരുടെ അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നിരന്തരമെഴുതി. ഞായറാഴ്ചകൾപോലും അദ്ദേഹത്തിന് അവധി ദിവസമായിരുന്നില്ല.

ആറിന് വീട്ടിൽ തിരിച്ചെത്തുന്ന അദ്ദേഹം 10 മണിക്ക് ഓഫീസിലെത്തും. തുടർന്ന്, രാവിലെ ശേഖരിച്ച വാർത്തകളെഴുതി തയ്യാറാക്കും. നാലുമണിമുതൽ ടെലിഫോണിലൂടെ വാർത്തകൾ കോഴിക്കോടേക്ക് വിളിച്ചുകൊടുക്കും. മാതൃഭൂമിക്കന്ന് പാലക്കാട്ട് ഫോട്ടോഗ്രാഫറില്ല. ടി.ബി. മേനോൻതന്നെയാണ് ഫോട്ടോ എടുക്കുക. രണ്ട് ക്യാമറകളുമായാണ് പരിപാടികൾക്ക് പോവുക.
ഫോട്ടോയെടുത്ത് പാലക്കാട്ടെ രത്‌നസ്റ്റുഡിയോയിലോ മുരളി സ്റ്റുഡിയോയിലോ കൊടുത്ത് പ്രിന്റെടുത്ത് തപാലിൽ കോഴിക്കോട്ടേക്കയയ്ക്കുന്നതായിരുന്നു പതിവ്. അത്യാവശ്യമായി പിറ്റേന്ന് വരേണ്ട വാർത്തയാണെങ്കിൽ ചിത്രവും വാർത്തയും കോഴിക്കോട്ടേക്ക് ബസിൽ അയയ്ക്കും.
പാലക്കാട് സുൽത്താൻപേട്ടയിൽ മാതൃഭൂമി ഓഫീസ് തുടങ്ങിയപ്പോൾ മുതൽ ബ്യൂറോ ചീഫായി. പാലക്കാട്ടെ ആദ്യ പത്രമോഫീസ് മാതൃഭൂമിയുടേതയിരുന്നെന്ന് അദ്ദേഹത്തിന്റെ മകനും സന്തോഷ് ട്രോഫി മുൻ താരവുമായ എം. വത്സലൻ പറയുന്നു. സൗമ്യതയായിരുന്നു മുഖമുദ്ര. എന്നാൽ, അതിനു വിപരീതമായിരുന്നു എഴുത്തുശൈലി. പാലക്കാട് ഓഫീസിൽ ടെലിപ്രിന്റർ വന്നപ്പോൾ കുറച്ചുകാലം മകൾ ശോഭനകുമാരിയാണ് ഓപ്പറേറ്ററായത്.
പാലക്കാട്ടെ പൗരപ്രമുഖരുടെ സായാഹ്നചർച്ചകൾ അക്കാലത്ത് മാതൃഭൂമി ഓഫീസിലായിരുന്നു. മുൻ മന്ത്രിമാരായ വെള്ള ഈച്ചരൻ, സി.എം. സുന്ദരം, കോൺഗ്രസ് നേതാക്കളായിരുന്ന അമ്പാട്ട് ശേഖരമേനോൻ, പി. ബാലൻ, കെ. ശങ്കരനാരായണൻ, മുൻ മുനിസിപ്പൽ ചെയർമാൻ ലക്ഷ്മിനാരായണ അയ്യർ, എം.എൽ.എ.മാരായിരുന്ന പി. ശങ്കർ, ശിവരാമഭാരതി, കെ.സി. ഗോപാലനുണ്ണി, വി.എസ്. വിജയരാഘവന്റെ പിതാവ് വി.ജി. സുകുമാരൻ, കോൺഗ്രസ് പ്രസ് ഉടമയായിരുന്ന സോമൻ തുടങ്ങിയവരൊക്കെ വൈകുന്നേരങ്ങളിലെ സന്ദർശകരായിരുന്നു. അവരുടെ ചർച്ചകളിൽ ബാലൻമേനോനും പങ്കാളിയാകും. സംഭാഷണങ്ങളിൽ രാഷ്ട്രീയം കടന്നുവരുമെങ്കിലും സൗഹൃദത്തിന് കോട്ടമുണ്ടാകില്ല.
ചില വൈകുന്നേരങ്ങളിൽ പാലക്കാട്ടെ ഭരണകേന്ദ്രവും മാതൃഭൂമിയായി മാറിയിരുന്ന കാലവുമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി കുറുപ്പ്, ഫയർ ഓഫീസർ നാരായണൻ, റെയിൽവേ ഡിവിഷൻ മാനേജർ, കെ.എ.പി. കമാൻഡന്റ് കൃഷ്ണൻ തുടങ്ങിയവരും ജോലി കഴിഞ്ഞാൽ രാത്രി ഒമ്പതുവരെയൊക്കെ മാതൃഭൂമിയിലുണ്ടാവുമായിരുന്നെന്ന് വത്സലൻ ഓർക്കുന്നു.
മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ, മാനേജിങ് ഡയറക്ടർ വി.എം. നായർ, ബാലാമണിയമ്മ തുടങ്ങിയവരൊക്കെ പുത്തൂരെ വീട്ടിലെത്തിയിട്ടുണ്ടെന്ന് എം. വത്സലൻ ഓർക്കുന്നു. 1972-ൽ വിരമിച്ച അദ്ദേഹം 1985 മേയ് 15-നാണ് അന്തരിച്ചത്. കൊടുവായൂർ മതിലകത്ത് നാണിക്കുട്ടിയമ്മയാണ് ഭാര്യ. മക്കൾ: ശോഭനകുമാരി, എം. മോഹനനാരായണൻ, എം.ബി. കൃഷ്ണദാസ്, എം. വത്സലൻ. പരേതരായ വിലാസിനി ഗോപാലകൃഷ്ണൻ, എം.ബി. രവീന്ദ്രൻ, എം. ശ്രീകുമാർ, എം. ഗോപിനാഥ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..