സുകുമാരൻ പൊറ്റക്കാട്ട്, കേസരി ബാലകൃഷ്ണപിള്ള, സുകുമാർ അഴീക്കോട് (പഴയ ചിത്രം)

കൊച്ചി: ഒരുകാലത്ത് നഗരത്തിന്റെ സാഹിത്യസന്ധ്യകളിലെ പരിചിതമുഖമായിരുന്നു സുകുമാരൻ പൊറ്റക്കാട്ട്. സാഹിത്യവും വാർത്താമാധ്യമവുമായിരുന്നു അദ്ദേഹത്തിന്റെ ലോകങ്ങൾ. ഹൈസ്‌കൂൾ അധ്യാപകനായി തൊഴിൽജീവിതം ആരംഭിച്ച അദ്ദേഹം സാഹിത്യത്തിനോടുള്ള അടങ്ങാത്ത ഇഷ്ടം കാരണമാണ് മാധ്യമപ്രവർത്തനത്തിലെത്തിയത്.
തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശിയായിരുന്ന അദ്ദേഹം 1950-ൽ 'നവകേരളം' അസിസ്റ്റന്റ് എഡിറ്ററായിട്ടാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. പിന്നീട് 'രാഷ്ട്രവാണി'യുടെ മലയാളം എഡിറ്ററായി. 'മാതൃഭൂമി' കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ ഡെപ്യൂട്ടി എഡിറ്ററായും സേവനമനുഷ്ഠിച്ചു.
മാതൃഭൂമിയുടെ മുഖപ്രസംഗമെഴുത്തുകാരിൽ മുൻനിരക്കാരനായിരുന്ന അദ്ദേഹത്തിന്റെ 'ആശയ ചക്രവാളങ്ങൾ' എന്ന കൃതിയിലും ആ ഗദ്യശൈലിയുടെ തിളക്കമുണ്ട്. വ്യക്തിമുദ്രകൾ, മഹത്വമുദ്രകൾ, കൊന്നപ്പൂക്കൾ, സൗഗന്ധികം, സാഹിത്യ ചക്രവാളം, സുകുമാര ഗീതികൾ എന്നിവയാണ് കൃതികൾ. വി.കെ. കൃഷ്ണമേനോന്റെ 'ഇന്ത്യയും ചീനയുടെ ആക്രമണവും' എന്ന പുസ്തകം മൊഴിമാറ്റിയതോടെ മികച്ച പരിഭാഷകനെന്നും പേരു നേടി.
രണ്ടുവർഷം സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയായിരുന്ന അദ്ദേഹം മലയാള സാഹിത്യ മണ്ഡലം, എഴുത്തുകാരുടെ ദേശീയ ഗിൽഡ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചു.
അക്കാലത്ത് മാധ്യമപ്രവർത്തനത്തിലെത്തിയ പലരെയുമെന്നപോലെ രാഷ്ട്രീയവും ആ ജീവിതത്തിൽ അവിഭാജ്യഘടകമായിരുന്നു. 1957-ൽ ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചപ്പോൾ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു എതിരാളി. മത്സരത്തിൽ 1995 വോട്ടിന് മുണ്ടശ്ശേരി ജയിച്ചു. വിമോചന സമരകാലത്ത് ജയിൽ വാസമനുഭവിച്ചിട്ടുണ്ട്.

മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പലായിരുന്ന പരേതയായ ഇ.വി. സരളയാണ് ഭാര്യ.
രേണു, ലേഖ (എറണാകുളം സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. അധ്യാപിക) എന്നിവരാണ് മക്കൾ. പ്രേംകുമാർ (ബിസിനസ്), ഹിരൺ ദാസ് (റിട്ട. കെ.എഫ്.സി.) എന്നിവർ മരുമക്കളും.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..