പത്രപ്രവർത്തനരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആർ.പി.സുകുമാരൻ നായരെ കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു (ഫയൽ ചിത്രം)
കൊട്ടാരക്കര: കൊട്ടാരക്കരയിലെ മാതൃഭൂമി സുകുമാരൻ നായർ ഇനി വെണ്മയാർന്ന ഓർമ. കഴിഞ്ഞദിവസം അന്തരിച്ച നീലേശ്വരം ഇലങ്കത്തും വാതുക്കൽ ആർ.പി.സുകുമാരൻ നായർക്ക് (82) ആറു പതിറ്റാണ്ടിലധികം നീളുന്ന ബന്ധമാണ് മാതൃഭൂമിയുമായി ഉണ്ടായിരുന്നത്. ഏജന്റായി തുടങ്ങി അമ്പതുവർഷത്തിലേറെ കൊട്ടാരക്കരയിൽ ലേഖകനുമായിരുന്നു അദ്ദേഹം.
കോഴിക്കോടുനിന്ന് പത്രം ബസിൽ കൊട്ടാരക്കരയിലെത്തിയിരുന്ന നാളുകളിൽ തുടങ്ങിയതാണ് മാതൃഭൂമിയുമായുള്ള ചങ്ങാത്തം. രാത്രിയിൽ ചൂട്ടുമായി പത്രം കൊടുക്കാൻ പോയിരുന്ന നാളുകളെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. കൊട്ടാരക്കരയിൽ കച്ചേരിമുക്കിൽ ഉണ്ണിയപ്പം പോറ്റി വക കെട്ടിടത്തിലായിരുന്നു മാതൃഭൂമിയുടെ ആദ്യ ഓഫീസ്. വാർത്തകൾ പോസ്റ്റോഫീസിലൂടെ ടെലഗ്രാം ആയാണ് അയച്ചിരുന്നത്. മെഴുകുതിരി വെട്ടത്തിലായിരുന്നു ഓഫീസ് പ്രവർത്തനം. തിരുവനന്തപുരം എഡിഷൻ തുടങ്ങിയതോടെ വാർത്തകൾ അവിടേക്ക് അയച്ചുതുടങ്ങി. വാർത്താ കവറുകൾ കൊടുത്തുവിട്ടിരുന്നത് കെ.എസ്.ആർ.ടി.സി. ബസുകളിൽ. ഈ സൗജന്യസേവനം നൽകിയിരുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സുകുമാരൻ നായരുടെ പുഞ്ചിരിയായിരുന്നു പ്രതിഫലം, ഇടയ്‌ക്കൊക്കെ ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പവും.
ഏജന്റുമാരുടെ പണിമുടക്കു കാലത്ത് പത്രവിതരണം മുടങ്ങാതിരിക്കാൻ വാഹനത്തിൽ സുകുമാരൻ നായരും യാത്ര ചെയ്തിരുന്നു. ഒരിക്കൽ നക്സലൈറ്റുകൾ കടയ്ക്കലിൽ പത്രമിറക്കാൻ അനുവദിക്കാതിരുന്നത് അദ്ദേഹത്തിന് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.

കൊട്ടാരക്കരയിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർക്കും അദ്ദേഹം സുകുമാരൻ ചേട്ടനായിരുന്നു. വിദ്യാർഥിയായിരുന്ന നാൾമുതൽ ധരിച്ചിരുന്ന ഖദർപോലെ കളങ്കരഹിതനായിരുന്നു സുകുമാരൻ നായരിലെ പത്രപ്രവർത്തകൻ. അതിനുള്ള പ്രതിഫലമാണ് മാതൃഭൂമി സുകുമാരൻ നായരെന്നു നാടുനൽകിയ വിളിപ്പേര്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..