മാതൃഭൂമിക്കൊപ്പം മായാത്ത ജീവിതചിത്രങ്ങൾ


ഡോ. എൻ.പി. വിജയകൃഷ്ണൻ

റസാഖ് കോട്ടക്കൽ, പവിത്രൻ അങ്ങാടിപ്പുറം, സുകുമാർ സി.വി.

ലയാളിക്ക് മായാത്ത ജീവിതചിത്രങ്ങൾ സമ്മാനിച്ചു അവർ. 'മാതൃഭൂമി'യുടെ ഫോട്ടോഗ്രാഫർമാർ തന്നെയോ എന്നു തോന്നിപ്പിച്ച മൂന്നുപേർ; റസാഖ് കോട്ടയ്ക്കൽ, സുകുമാർ സി.വി. കോട്ടയ്ക്കൽ, പവിത്രൻ അങ്ങാടിപ്പുറം. മാതൃഭൂമി വാരാന്തപ്പതിപ്പിനും ആഴ്ചപ്പതിപ്പിനുമായി നിഴലിന്റെയും വെളിച്ചത്തിന്റെയും അപൂർവചേരുവയിൽ വ്യക്തിസത്ത പ്രതിഫലിപ്പിച്ച മുഖശ്രീയൊരുക്കി റസാഖ് കോട്ടയ്ക്കൽ പകർത്തിയ ബഷീർ, ഞെരളത്ത്, ശെമ്മാങ്കുടി, മാധവിക്കുട്ടി, എം.ടി. തുടങ്ങിയവരുടെ ചിത്രങ്ങൾ മാതൃഭൂമി ശേഖരത്തിലെ പ്രൗഢിയാണ്. ഒരു പെയിന്റിങ്ങിന്റെ ദൃശ്യഭംഗി നൽകുന്നതായിരുന്നു റസാഖിന്റെ ഫോട്ടോകൾ. കേരളം കണ്ട ഏറ്റവും മികച്ച സർഗാത്മക ഫോട്ടോഗ്രാഫറായിരുന്ന റസാഖ് കോട്ടയ്ക്കൽ മാതൃഭൂമിയുടെ ഭാഗംതന്നെയായിരുന്നു. വ്യക്തിയുടെ മനസ്സിലേക്ക് ഫോക്കസ് ചെയ്താണ് റസാഖ് ക്യാമറ ക്‌ളിക്ക് ചെയ്തിരുന്നത്. റസാഖിന്റെ ലെൻസിലെത്തുമ്പോൾ കലാകാരൻമാർ അവരുടെ സ്ഥായിയിലേക്ക് പ്രവേശിക്കും. അഥവാ റസാഖിന്റെ മിഴികളും കലാകാരന്റെ മിഴികളും സന്ധിക്കുന്ന മാത്രയിൽ അതൊരു അപൂർവ ദൃശ്യമുഹൂർത്തമായി മാറും.

കോട്ടയ്ക്കലിലെത്തുന്ന കലാകാരൻമാരെ കലാപരമായ ചാരക്കണ്ണോടെയാണ് സുകുമാർ സി.വി. പിന്തുടരുക. കളിക്ക് വിളക്കുവെക്കുമ്പോൾ മുതൽ കാത്തിരിക്കുന്ന സുകുമാറിന്റെ ക്യാമറ ഒരുപക്ഷേ, മിന്നുന്നത് പുലർന്നിട്ടും തീരാത്ത ദുര്യോധനവധത്തിലെ രൗദ്രഭീമൻ, ദുശ്ശാസനന്റെ കുടൽമാല നുണയുന്ന നേരത്താകും.

സന്ധ്യാവേലയുടെ മുന്നിലിരിക്കുന്ന സുകുമാർ ക്യാമറയുടെ ക്യാപ്പഴിക്കുന്നത് ഒരുപക്ഷേ, തായമ്പകയുടെ കലാശക്കോൽവേളയിലായിരിക്കും. അണിയറയിലും അരങ്ങിലും സുകുമാറിന്റെ ക്യാമറ കഥകളിയുടെ വൈവിധ്യവേഷങ്ങൾ തേടി അലയും. കൃഷ്ണൻ നായരുടെയും മാണി മാധവച്ചാക്യാരുടെയും നവരസവിസ്മയം സുകുമാറിന്റെ അപൂർവമൂലധനമാകുന്നു. സംഗീതകാരൻമാരുടെ നാദസ്വരൂപമാർന്ന അരങ്ങുകൾ സുകുമാറിന്റെ ശേഖരത്തിലുണ്ട്. ആഴ്ചപ്പതിപ്പിൽ മുഖചിത്രമായി സുകുമാറിന്റെ നിരവധി ഫോട്ടോകൾ പ്രസിദ്ധീകരിച്ചു.

മാതൃഭൂമിക്കായി അദ്ദേഹം എടുത്ത സുന്ദരചിത്രങ്ങൾ അപൂർവതകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

കലാകാരൻമാരുടെ അപൂർവസംഗമ മുഹൂർത്തങ്ങളും അരങ്ങിലെ അപൂർവമേളനവും പകർത്തുന്ന പവിത്രൻ അങ്ങാടിപ്പുറം മാതൃഭൂമിയുമായി സഹകരിക്കാൻ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടായി. ആഴ്ചപ്പതിപ്പിൽ വിവിധ കലാമേഖലകളിലെ പ്രഗല്ഭരുടെ നവരസപരമ്പരയടക്കം പവിത്രൻ മാതൃഭൂമി വാരാന്തപ്പതിപ്പിനും ആഴ്ചപ്പതിപ്പിനുംവേണ്ടി എടുത്ത ഫോട്ടോകൾക്ക് കണക്കില്ല.

നമ്പൂതിരി, അമ്മന്നൂർ, രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, സത്യഭാമ, കീഴ്പ്പടം, കോട്ടയ്ക്കൽ ശിവരാമൻ, ആലിപ്പറമ്പ്, സക്കീർ ഹുസൈൻ തുടങ്ങി പവിത്രന്റെ ചിത്രശേഖരം അമ്പരപ്പിക്കുന്നതാണ്. വാദ്യകല, കഥകളി, കൂടിയാട്ടം, തെയ്യം, തുള്ളൽ തുടങ്ങിയ കലാവിഭാഗങ്ങളിലെ അപൂർവരംഗചാരുതകൾ പവിത്രൻ മാതൃഭൂമിക്കായി എടുത്തിട്ടുണ്ട്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന്റെ സ്ഥിരം ഛായാഗ്രാഹകനായി മുപ്പതിലധികം വർഷമായി പവിത്രൻ മാതൃഭൂമിയുമായി സഹകരിക്കുന്നു.

കലയുടെ കാതലറിഞ്ഞ ഈ മൂന്നു ഛായാഗ്രാഹകരിൽ റസാഖ് കോട്ടയ്ക്കൽ അകാലത്തിൽ ഓർമയായി. സുകുമാർ സി.വി.യും പവിത്രൻ അങ്ങാടിപ്പുറവും നിറഞ്ഞ കാലത്തിലെടുത്ത മൗലികചിത്രങ്ങൾ മാതൃഭൂമിക്ക് നൽകി സാംസ്‌കാരികധർമം നിർവഹിച്ചു.

ഫോട്ടോഗ്രാഫർമാർ എന്ന നിലയ്ക്ക് ജനപ്രിയതയും മേൽവിലാസവും സൃഷ്ടിക്കാൻ മാതൃഭൂമി നൽകിയ പ്രോത്സാഹനം ഈ ഫോട്ടോഗ്രാഫർമാർ തുറന്നുപറഞ്ഞിട്ടുമുണ്ട്. റസാഖിന്റെ സർഗചൈതന്യവും സുകുമാറിന്റെ സൂക്ഷ്മതയും പവിത്രന്റെ ലാളിത്യവും മാതൃഭൂമിച്ചിത്രങ്ങളായി വായനക്കാരിൽ ഇന്നും തെളിഞ്ഞുനിൽക്കുന്നു.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented