രവീന്ദ്രൻപിള്ള
വള്ളികുന്നം: മാതൃഭൂമിയുടെ വള്ളികുന്നത്തെ ആദ്യകാല ഏജന്റായിരുന്നു രവിച്ചേട്ടൻ എന്ന് നാട്ടുകാർ വിളിച്ചിരുന്ന സരസ്വതിഭവനത്തിൽ (എള്ളുവിള) രവീന്ദ്രൻപിള്ള. 42 വർഷം അദ്ദേഹം മാതൃഭൂമി ഏജന്റായിരുന്നു. വൃക്കരോഗം ബാധിച്ച് 2021 ജൂലായ് 28-നു മരിച്ചതോടെ മകൻ ഗോപകുമാർ മാതൃഭൂമിയുടെ വള്ളികുന്നം ഏജന്റായി.
ഗതാഗതസൗകര്യം കുറവായിരുന്ന കാലത്ത് സൈക്കിൾ ചവിട്ടി വള്ളികുന്നത്തെ നാട്ടിൻപുറങ്ങളിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പത്രം എത്തിച്ചിരുന്ന ഇദ്ദേഹം സ്വ.ലേ. (സ്വന്തം ലേഖകൻ) എന്നാണ് അറിയപ്പെട്ടിരുന്നത്.

ആദ്യകാലത്ത് 15 കിലോമീറ്റർ അകലെയുള്ള ഓച്ചിറയിൽ സൈക്കിളിൽ പോയാണ് പത്രക്കെട്ടെടുത്തിരുന്നത്. പുലർച്ചേ ഒന്നിനു സൈക്കിളിൽ ഓച്ചിറയിലേക്കുപോകുന്ന ഇദ്ദേഹം പത്രവിതരണം കഴിഞ്ഞ് അടുത്തദിവസം ഉച്ചയോടെയാണു വീട്ടിൽ മടങ്ങിയെത്തിയിരുന്നത്. പിന്നീട്, കോട്ടയത്തും ആലപ്പുഴയിലുംനിന്നു പത്രം അച്ചടിച്ചുവരുന്ന കാലത്തും അദ്ദേഹം മാതൃഭൂമിക്കൊപ്പമുണ്ടായിരുന്നു.
ആദ്യകാലത്ത് തനിച്ചായിരുന്നു പത്രവിതരണം. പിന്നീട്, സഹോദരനും ഭാര്യാസഹോദരനും ഉൾപ്പെടെ ആറുവിതരണക്കാരെയും കൂടെ കൂട്ടി. 624 മാതൃഭൂമി പത്രമാണുണ്ടായിരുന്നത്.
രോഗബാധിതനായ ശേഷവും നാലുവർഷം പത്രവിതരണം നടത്തിയിരുന്നു. അവസാനകാലത്തെ മൂന്നുവർഷം സാധിച്ചില്ലെങ്കിലും വരിസംഖ്യ പിരിച്ചിരുന്നത് അദ്ദേഹം നേരിട്ടായിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിനു തലേന്നുവരെ ഇതുതുടർന്നു.
മാതൃഭൂമി പത്രത്തോടും പ്രസിദ്ധീകരണങ്ങളോടും അച്ഛനുണ്ടായിരുന്ന ആത്മബന്ധം എത്രത്തോളം വലുതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നതായി മകനും ഏജന്റുമായ ഗോപകുമാർ പറഞ്ഞു. ഭാര്യ: സരസ്വതിയമ്മ. മകൾ: അമ്പിളി. മരുമക്കൾ: കെ. പ്രദീപ്, പ്രിയ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..