വീടുവീടാന്തരം 'മാതൃഭൂമി' പ്രചരിപ്പിച്ച പി.എസ്. ബാലകൃഷ്ണൻ


സജേഷ് ചന്ദ്രൻ

പാലക്കാട്ടെത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വീകരിക്കുന്ന പി.എസ്. ബാലകൃഷ്ണൻ. വി.ജി. സുകുമാരൻ, കെ. ശങ്കരനാരായണൻ തുടങ്ങിയവർ സമീപം (ഫയൽ ചിത്രം)

പി.എസ്. ബാലകൃഷ്ണൻ

കൊടുവായൂർ: 1966 ജനുവരി 11 -ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കെൻഡിൽ പ്രധാനമന്ത്രി ലാൽ ബഹാദൂർശാസ്ത്രി അന്തരിച്ചു. അടുത്തദിവസം രാവിലെ ഇറങ്ങിയ പത്രങ്ങളിൽ ഈ വാർത്തയുണ്ടായിരുന്നില്ല. എന്നാൽ, ശാസ്ത്രിയുടെ മരണവാർത്തയും അദ്ദേഹത്തിന്റെ സംഭാവനകളും ഉൾപ്പെടുത്തി മാതൃഭൂമി അന്നുതന്നെ പ്രത്യേകപത്രം ഇറക്കി എല്ലായിടത്തും വിതരണംചെയ്തു. ഉച്ചയോടെ പാലക്കാട്ടെത്തിയ പത്രങ്ങൾ നേരിട്ട് വിതരണംചെയ്തത് മാതൃഭൂമിയുടെ അന്നത്തെ പാലക്കാട് മാനേജർ പി.എസ്. ബാലകൃഷ്ണനായിരുന്നു.

ഒരു യഥാർഥ മാനേജർ എങ്ങനെവേണമെന്ന ധാരണ ജീവനക്കാരിലും പൊതുജനങ്ങളിലും സൃഷ്ടിച്ചെടുക്കാൻ മാതൃഭൂമിയുടെ പാലക്കാട്ടെ ആദ്യ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ പി.എസ്. ബാലകൃഷ്ണന് കഴിഞ്ഞു.

വീടുവീടാന്തരം കയറിയിറങ്ങി പത്രത്തിന്റെ പ്രചാരണത്തിന് വിയർപ്പൊഴുക്കിയിരുന്ന പുളിയശ്യാർ സുബ്ബയ്യതരകൻ ബാലകൃഷ്ണൻ എന്ന പി.എസ്. ബാലകൃഷ്ണന്റെ സേവനവഴിയും വേറിട്ടതായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് മാതൃഭൂമിക്ക് പത്തിരട്ടിയോളം പ്രചാരണ വർധനയുണ്ടാക്കാൻ കഴിഞ്ഞു.

രാമനാട്ടുകരമുതൽ ഊട്ടിവരെ പ്രവർത്തനമേഖലയായിരുന്ന കാലത്ത് ഈ ഭാഗങ്ങളിലെ പത്രം ഏജന്റുമാരുമായി ഊഷ്മളബന്ധം ഉണ്ടാക്കിയതിന്റെ ഫലമായിരുന്നു പ്രചാരവർധന. പലകാരണങ്ങളാൽ പത്രത്തിന്റെ വരിസംഖ്യ പിരിച്ചെടുക്കാൻ കഴിയാതെ വന്ന ഏജന്റുമാർക്ക് ഗഡുക്കളായി പണമടയ്ക്കാൻ സൗകര്യമൊരുക്കിയും ഏജന്റുമാരുടെ വീടുകളിലെത്തി അവരുമായി വ്യക്തിബന്ധം സ്ഥാപിച്ചും പരസ്പരസഹകരണത്തിന് ആക്കം കൂട്ടി.

മാതൃഭൂമി കോഴിക്കോട് ഓഫീസിൽ ആദ്യമായി കളർപ്രിന്റ് സ്ഥാപിക്കുന്നതിനായുള്ള കെട്ടിടം പണിയാൻ തിരിച്ചംകോട്ടിലെ ശങ്കർ സിമന്റ്‌സിൽനിന്ന് ലോറിയിൽ സഞ്ചരിച്ച് സിമന്റ് കൊണ്ടുവരാൻ പി.എസ്. ബാലകൃഷ്ണൻ സന്നദ്ധനായി.

1957-ൽ 70രൂപ ശമ്പളത്തിന് ക്ലാർക്കായി എറണാകുളത്താണ് ജോലിയിൽ പ്രവേശിച്ചത്. രണ്ടുവർഷത്തെ സേവനത്തിനുശേഷം അദ്ദേഹം പാലക്കാട്ടേക്ക് സ്ഥലംമാറിയെത്തിയത് മാതൃഭൂമിയുടെ പാലക്കാട്ടെ ചരിത്രംരചിക്കാൻകൂടിയായിരുന്നു.

സുൽത്താൻപേട്ടയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് പിന്നീട് മാതൃഭൂമിക്ക് സ്വന്തമാകുന്നതിലും ബ്രാഞ്ച് തുടങ്ങുന്നതിലുമെല്ലാം പി.എസ്. ബാലകൃഷ്ണൻ തന്റെ വൈഭവം തെളിയിച്ചു. പാലക്കാട്ടെ ആദ്യത്തെ ബ്രാഞ്ച് മാനേജരാകുന്നതിനൊപ്പം 'മാതൃഭൂമി ബാലേട്ട'നായും 'മാതൃഭൂമി മന്ദാടിയാരാ'യും അദ്ദേഹവും വളർന്നു.

പി.എസ്. ബാലകൃഷ്ണൻ കോൺഗ്രസിൽ അടിയുറച്ച ആളായിരുന്നെങ്കിലും ഭാരവാഹിത്വമൊന്നും ഏറ്റിരുന്നില്ല. എങ്കിലും പാലക്കാട്ടെ കോൺഗ്രസ് നേതാക്കളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പരിപാടികളിലെ നിർണായക ഘടകവുമായിരുന്നു. ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പാലക്കാട്ട് വന്നപ്പോൾ പരിപാടിയുടെ സംഘാടകസമിതി ചെയർമാനായി പ്രവർത്തിച്ചിരുന്നത് ഈ ബന്ധം കൊണ്ടായിരുന്നു.

വി.എസ്. വിജയരാഘവന്റെ അച്ഛൻ വി.ജി. സുകുമാരൻ, പി. ബാലൻ, കെ. ശങ്കരനാരായണൻ, വി.സി. കബീർ തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം സഹോദരതുല്യരായിരുന്നുവെന്ന് പി.എസ്. ബാലകൃഷ്ണന്റെ ഭാര്യ കാവേരി അമ്മ 92-ാം വയസ്സിലും ഓർക്കുന്നു. കൊടുവായൂർ കൊയ്മാർപാടം സ്വദേശിയായ പി.എസ്. ബാലകൃഷ്ണൻ പാലക്കാട് തൊറാപ്പാളയത്താണ് താമസിച്ചിരുന്നത്.

കോഴിക്കോട്ടുനിന്ന് ആദ്യകാലങ്ങളിൽ ട്രെയിനിലും പിന്നീട് വാനിലും എത്തിച്ചിരുന്ന പത്രം ഒലവക്കോട്ടുനിന്ന് പുലർച്ചെ 3.30-ന് എടുത്ത് പാലക്കാട് പട്ടണം, കോയമ്പത്തൂർ, ഊട്ടിവരെ കൊണ്ടുകൊടുത്തിരുന്നു. ആദ്യകാലങ്ങളിൽ കുതിരവണ്ടിയിലും പിന്നീട് കാറിലുമായിരുന്നു പത്രക്കെട്ടുകൾ എത്തിച്ചിരുന്നത്.

25 രൂപ വാടകയ്ക്ക് അംബാസഡർ കാറിൽ പത്രമെത്തിച്ചിരുന്ന കാലം. മാതൃഭൂമിയുടെ സ്ഥാപകപത്രാധിപർ കെ.പി. കേശവമേനോനും എഡിറ്റർ വി.എം. നായരുമെല്ലാം വീട്ടിലെത്തിയത് കാവേരി അമ്മ ഓർക്കുന്നു. ഡൽഹിയിൽനിന്ന് വി.കെ. മാധവൻകുട്ടി അയയ്ക്കുന്ന ഫോട്ടോകളും കത്തുകളുമെല്ലാം എത്തുന്നത് കോയമ്പത്തൂർ വിമാനത്താവളത്തിലാണ്. ഈ കവറുകളെല്ലാം കോഴിക്കോട്ടെ ഹെഡ്ഡോഫീസിലേക്ക് എത്തിക്കേണ്ട ചുമതല പി.എസ്. ബാലകൃഷ്ണണന്റേതാണ്. വിമാനത്താവളത്തിൽനിന്നും കവറുകളെടുത്ത് കോഴിക്കോട്ടേക്ക് പോകാൻ തന്നെയായിരുന്നു നിയോഗിച്ചിരുന്നതെന്ന് ബാലകൃഷ്ണന്റെ മൂത്തമകൻ പി.ബി. വിജയകുമാരൻ പറഞ്ഞു.

ക്ലാർക്കായും ടെലിപ്രിന്റർ ഓപ്പറേറ്റായും മാതൃഭൂമിയിൽ ജോലിചെയ്തിരുന്ന വിജയകുമാരൻ കൊടുവായൂർ ജി.ബി.എൽ.പി. സ്‌കൂളിൽനിന്നാണ് വിരമിച്ചത്. കരിപ്പോട് മുറുക്കിന്റെ പാരമ്പര്യമുള്ള കാവേരി അമ്മ മധുരപലഹാരങ്ങളും മുറുക്കും ഉണ്ടാക്കി മാതൃഭൂമിയിലെ എം.ഡി.ക്കും എഡിറ്റർക്കും മുതൽ ഓഫീസ് അസിസ്റ്റന്റിനുംവരെ നൽകിയിരുന്നു.

1998 ഓഗസ്റ്റ് 20-നാണ് പി.എസ്. ബാലകൃഷ്ണൻ അന്തരിച്ചത്. മറ്റുമക്കൾ: രാജലക്ഷ്മി (കോയമ്പത്തൂർ), പി.ബി. ഗിരിജാദേവി, പി.ബി. ശശീന്ദ്രൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ), പി.ബി. ഗീത (അധ്യാപിക, കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ).

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented