പി.കെ.എസ്. നായർ
രാമനാട്ടുകര: ജോലിയിലെ കൃത്യതയും കണിശതയുമായിരുന്നു 'മാതൃഭൂമി' രാമനാട്ടുകര ലേഖകനായിരുന്ന പി.കെ.എസ്. നായരുടെ സവിശേഷത. രാമനാട്ടുകര കാവുങ്കര ലക്ഷ്മി നിവാസിൽ പി.കെ. ശങ്കരനാരായണൻ നായർ എന്ന പി.കെ.എസ്. നായർ തികഞ്ഞ ഗാന്ധിയനും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.

പ്രതിഫലം സംബന്ധിച്ച പി.കെ.എസ്. നായരുടെ ആശങ്ക 'മാതൃഭൂമി ലേഖകൻ ആകുന്നത് അന്തസ്സായാണ് കണക്കാക്കുന്നത്. ആർക്കും പ്രതിഫലം കൊടുക്കാറില്ല. ഒരുപത്രം സൗജന്യമായി തരും, മാസത്തിൽ അഞ്ചുരൂപ തപാൽ ചെലവും' എന്ന കേശവമേനോന്റെ മറുപടിയിൽ ശമിച്ചു.
കൊണ്ടോട്ടിയിൽ ചേർന്ന മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ലേഖകനായി നിയോഗിച്ചത് പി.കെ.എസ്. നായരെ ആയിരുന്നു. രാത്രി പത്തരയ്ക്ക് തുടങ്ങിയ സമ്മേളനം സമാപിച്ചത് ഏറെ വൈകി. സംഘാടകർ ഒരുക്കിക്കൊടുത്ത കാറിൽ പോയി ചാലപ്പുറത്തെ ഒരു സുഹൃത്തിന്റെ വീട്ടിൽചെന്നാണ് വാർത്ത തയ്യാറാക്കി നൽകിയത്. മഹാകവി ജി. ശങ്കരക്കുറുപ്പ്, പി.പി. ഉമ്മർ കോയ തുടങ്ങി പല പ്രമുഖരുടെയും പ്രസംഗങ്ങൾ പി.കെ.എസ്. നായർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40 വർഷംമുമ്പ് ഫാറൂഖ് കോളേജിന് സമീപം പുലിയിറങ്ങിയപ്പോൾ അതിനെ പിടിക്കാൻപോയ സംഘത്തിലെ സബ് ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചസംഭവം റിപ്പോർട്ട് ചെയ്തതും പി.കെ.എസ്. ആയിരുന്നു. 1950 മുതൽ 40 വർഷത്തോളം രാമനാട്ടുകര ലേഖകനെന്നനിലയിൽ അദ്ദേഹം കർമനിരതനായി.
കരിങ്കല്ലായി ഗണപത് യു.പി. സ്‌കൂൾ പ്രധാനാധ്യാപകനെന്നനിലയിലും പി.കെ.എസ്. നായർ മികവ് പുലർത്തിയതായി സഹപ്രവർത്തകനായിരുന്ന കെ.ടി. മാത്യു ഓർക്കുന്നു.
പിൽക്കാലത്ത് രാമനാട്ടുകര എൻ.എസ്.എസ്. സ്‌കൂൾ പ്രധാനാധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. 2021 നവംബർ മൂന്നിന് 95-ാം വയസ്സിൽ അന്തരിച്ചു.
മണ്ണൂർ ചങ്കരത്ത് ജാനകി അമ്മയാണ് ഭാര്യ. മകൾ: എസ്. വിജയലക്ഷ്മി. മരുമകൻ: ഇ. രാജമണി (റിട്ട. ബി.എസ്.എൻ.എൽ.).
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..