പി.കെ. പണിക്കർ
കോഴിക്കോട്: ''വിദ്യാർഥികളുടെ പ്രധാനമുറ സത്യാഗ്രഹസമരത്തെയും സ്വദേശി പ്രസ്ഥാനത്തെയും സഹായിക്കുകയാണ്, ഞാൻ നാളെ കടപ്പുറത്തുവെച്ച് ഉപ്പുനിയമം ലംഘിക്കുകയാണ്''- സ്വദേശി സംഘത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ കെ.പി.സി.സി.യുടെ പ്രഥമ സെക്രട്ടറിയും 'മാതൃഭൂമി'യുടെ ആദ്യ മാനേജിങ് ഡയറക്ടറുമായ കെ. മാധവൻ നായരുടെ അധ്യക്ഷതയിൽ നടന്ന വിദ്യാർഥികളുടെ യോഗത്തിൽ വിദ്യാർഥിയായിരുന്ന പി.കെ. പണിക്കർ എന്ന പി.കെ. കുട്ടിക്കൃഷ്ണപ്പണിക്കരുടെ പ്രസംഗത്തിലെ വാക്കുകളാണിത്.

നടക്കാവ് ഇംഗ്ലീഷ് പള്ളി ജങ്ഷനിൽനിന്ന് വെള്ളയിലേക്കുള്ള പണിക്കർ റോഡ് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ രക്തസാക്ഷിയായ പി.കെ. പണിക്കരുടെ പേരിലുള്ളതാണ്. വിദ്യാർഥി കാലത്തും അടങ്ങാത്ത പോരാട്ടവീര്യവും ദേശസ്‌നേഹവും പ്രകടിപ്പിച്ച ധീരദേശാഭിമാനിയായിരുന്നു പണിക്കർ. ഗാന്ധിജിയുടെ ആഹ്വാനത്തിൽ ആകൃഷ്ടനായാണ് അദ്ദേഹം ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങുന്നത്. അങ്ങനെയാണ് ഉപ്പുകുറുക്കൽ സമരത്തിനിറങ്ങുന്നതും പോലീസ് അറസ്റ്റ് ചെയ്യുന്നതുമെല്ലാം.
ജില്ലാമജിസ്ട്രേറ്റിന്റെ നിരോധനാജ്ഞ ലംഘിച്ചതിന് പുതിയറയിലെ സബ്ജയിലിൽ രണ്ടാഴ്ചയോളം കഴിയേണ്ടിവന്നിട്ടുണ്ട്. അതിനുശേഷം ആറുമാസത്തേക്ക് അഞ്ഞൂറു രൂപയുടെ രണ്ടാൾ ജാമ്യത്തിലാണ് പണിക്കരെ വിട്ടയച്ചതെങ്കിലും മർദനത്തിൽ ആരോഗ്യം തകർന്ന് ടൈഫോയ്ഡ് ബാധിതനായി മരിച്ചു.
സ്റ്റേഷനിൽവെച്ച് പോലീസ് ക്രൂരമായി മർദി ച്ചതിനെക്കുറിച്ച് പണിക്കർ കോടതിയിൽവെച്ച് മജിസ്ട്രേറ്റിനോട് വിവരിച്ചത് ഇങ്ങനെയാണ്. ''എന്നെ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ഒരു മുറിയിൽ കൊണ്ടുപോയി. സബ് ഇൻസ്‌പെക്ടർ കുഞ്ഞിരാമൻ, ഹെഡ് കോൺസ്റ്റബിൾമാരായ പൊക്കൻ, അച്യുതൻ എന്നിവർ ആ മുറിയിൽ ഉണ്ടായിരുന്നു. അവർ ഓരോ ചോദ്യങ്ങൾ ചോദിച്ച് ഇടിക്കാൻ തുടങ്ങി. ''നിന്റെ മഹാത്മജി എവിടെ? നിന്റെ മാതൃഭൂമി എവിടെ?' എന്നീവക ചോദ്യങ്ങളായിരുന്നു എന്നോട് ചോദിച്ചത്. പോലീസ് സ്റ്റേഷനിൽവെച്ച് നൂറ്റമ്പതിലധികം തവണ അടിച്ചിരിക്കുന്നു. (മാതൃഭൂമിയുടെ താളുകളിൽനിന്ന്).
താൻ ഇത് പറയുന്നത് ആക്ഷേപം രേഖപ്പെടുത്താനല്ല. മറ്റുള്ള സത്യാഗ്രഹികൾക്കും ഇങ്ങനെ മർദനമേറ്റു വാങ്ങേണ്ടിവരുന്നുണ്ടെന്ന് പൊതുജനങ്ങൾ അറിയാൻ വേണ്ടിയാണ്. മർദിച്ചതിനെതിരേ യാതൊരു കേസുമില്ലെന്നും മജിസ്ട്രേറ്റിനോട് പണിക്കർ പറയുന്നുണ്ട്. മഹാത്മാഗാന്ധി സന്ദർശിച്ച വെള്ളയിൽ സന്മാർഗദർശിനി വായനശാലയുടെ സ്ഥാപക ജോ. സെക്രട്ടറിയായിരുന്നു പി.കെ. പണിക്കർ. ''അദ്ദേഹത്തിന്റെ വീട്ടിൽ വരുത്തുന്ന 'മാതൃഭൂമി' പത്രവും മൂന്നുചെറിയ ബെഞ്ചുകളുമായാണ് വായനശാല തുടങ്ങിയത്. പണിക്കരാണ് സന്മാർഗ ദർശിനി എന്ന പേരുനിർദേശിച്ചത്'' - പണിക്കരുടെ സഹോദരന്റെ മകനായ കോഴിക്കോട് കരുവിശ്ശേരി സ്വദേശി ശ്രീഹർഷൻ പനോളി പറയുന്നു. 1932-ൽ സന്മാർഗദർശിനി വായനാശാലാ ഹാളിൽ പി.കെ. പണിക്കരുടെ ഛായാപടം 'മാതൃഭൂമി' മാനേജർ എൻ. കൃഷ്ണൻ നായർ അനാച്ഛാദനം ചെയ്തു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..