പി.കെ. കൃഷ്ണൻ
വടകര: സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ ധീരമായിരുന്നു പി.കെ. കൃഷ്ണന്റെ ചുവടുകൾ. മാതൃഭൂമിയുടെ പ്രചാരകനും ലേഖകനുമെന്ന നിലയിലും കടത്തനാട് പലതവണ കണ്ടു, ആ ധീരത. വാർത്തയെഴുതാൻ മാത്രമല്ല, അതിനുപിന്നാലെപോയി നീതി പിടിച്ചുവാങ്ങാനും പി.കെ. മുന്നിൽനിന്നു. ക്വിറ്റ് ഇന്ത്യാസമരത്തോടെയാണ് വില്യാപ്പള്ളി സ്വദേശിയായ പി.കെ. കൃഷ്ണൻ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്കെത്തുന്നത്. മാതൃഭൂമിയുമായുള്ള ബന്ധവും ആരംഭിക്കുന്നത് ഏതാണ്ട് ഇതേ കാലഘട്ടത്തിൽ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആ ബന്ധം ദൃഢമായി. പത്രത്തിന്റെ പ്രചാരത്തിനായി വടകര താലൂക്കിലുടനീളം സഞ്ചരിച്ചു. പത്രത്തിന് വരിക്കാരെ കണ്ടെത്തുക അക്കാലത്ത് പ്രയാസമായിരുന്നു. ആ ദൗത്യം ഭംഗിയായി നിർവഹിക്കുക മാത്രമല്ല, ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും എഴുതി മാതൃഭൂമിയിലേക്ക് അയച്ചു. അതിൽ പല വാർത്തകളും ഏറെ വിവാദമായി.

ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി ബെല്ലാരിയിലെ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. ഒപ്പം സെല്ലിൽ കഴിയുന്നത് കോഴിക്കോട് സ്വദേശിയായ സ്വാതന്ത്ര്യസമരസേനാനി. ഒരുദിവസം ജയിൽവാർഡൻ ഇദ്ദേഹത്തിന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി. കൃഷ്ണന് ഇതുകണ്ട് സഹിച്ചില്ല. വാർഡന് ആഞ്ഞൊരടി കൊടുത്തു. ഇതിന്റെ ശിക്ഷ ഭീകരമായിരുന്നു. മൂന്നുമാസം പ്രത്യേകസെല്ലിൽ പാർപ്പിച്ചു, ഒപ്പം നിരന്തരമർദനവും... ഒരു മർദനത്തിനും അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളെ ഇല്ലാതാക്കാനായില്ല.
അനീതി എവിടെക്കണ്ടാലും ഉച്ചത്തിൽ അതിനെതിരേ പ്രതികരിക്കാൻ കൃഷ്ണൻ തയ്യാറായിരുന്നു. അക്കാര്യത്തിൽ മുഖംനോക്കിയില്ല. മാതൃഭൂമിയും ഇതിനുള്ള ആയുധമായിരുന്നു. സർക്കാർഓഫീസുകളിലെ കെടുകാര്യസ്ഥത സംബന്ധിച്ച് ആരെങ്കിലും പരാതിപറഞ്ഞാൽ കൃഷ്ണൻ നേരെ ഓഫീസിലെത്തും. കൊടുക്കേണ്ടവർക്ക് വയറുനിറച്ച് കൊടുത്ത് പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമേ തിരിച്ചിറങ്ങൂ. വില്യാപ്പള്ളിയിൽ പൂഴ്ത്തിവെപ്പ് തനിച്ച് കണ്ടുപിടിച്ച് പോലീസിനെക്കൊണ്ട് പിടിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. വടകര താലൂക്കിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന സംഭവങ്ങളുണ്ടായപ്പോൾ അതിനെതിരേ ഒറ്റയാൾപ്പട്ടാളമായി നിലകൊണ്ടു.
പ്രായാധിക്യത്താൽ വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് വില്യാപ്പള്ളി പി.എച്ച്.സി.യിൽ ഡോക്ടർമാരില്ലെന്നറിഞ്ഞത്. ഉടൻ നിരാഹാരസമരം പ്രഖ്യാപിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും പെട്ടെന്നുതന്നെ ഇടപെട്ട് ഡോക്ടറെ എത്തിച്ചതോടെയാണ് സമരം ഒഴിവാക്കിയത്.
2013 നവംബർ 28-ന് അന്തരിച്ചു. മരണംവരെ മാതൃഭൂമിയുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചു. മകൻ കെ. വിജയകുമാരൻ മാതൃഭൂമി വില്യാപ്പള്ളി ലേഖകനാണ്.
Content Highlights: Mathruhbumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..