പി.നാരായണൻ നായർ
തിരുവനന്തപുരം: കെ.പി.കേശവമേനോനുശേഷം മാതൃഭൂമിയെ നയിച്ച പത്രാധിപരായിരുന്നു പി.നാരായണൻ നായർ. ഒരേസമയം മാതൃഭൂമി പത്രത്തിന്റെയും തുടക്കത്തിൽ ആഴ്ചപ്പതിപ്പിന്റെയും പത്രാധിപസ്ഥാനവും അദ്ദേഹം വഹിച്ചു.
മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമരരംഗത്തെത്തിയ അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാവായി. ഇ.എം.എസ്., എ.കെ.ജി., പി.കൃഷ്ണപിള്ള എന്നിവർക്കൊപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ പി.നാരായണൻ നായർ മദ്രാസിൽ നിന്നുള്ള സി.പി.ഐ.യുടെ രാജ്യസഭാംഗവും മികച്ച ഗ്രന്ഥകർത്താവുമായിരുന്നു.
തൃശ്ശൂർ കിള്ളിമംഗലം പേരാത്ത് തറവാട്ടിൽ 1908 ൽ ജനിച്ച പി.നാരായണൻ നായർ വടക്കാഞ്ചേരി സ്‌കൂളിൽനിന്നു എസ്.എസ്.എൽ.സി. പാസായശേഷം പത്രപ്രവർത്തനം ലക്ഷ്യമിട്ട് ചെന്നൈയിലേക്ക് പോയി. അവിടെ രാമസ്വാമി മുതലിയാരുടെ ജസ്റ്റിസ് പത്രത്തിന്റെ പത്രാധിപരായി പ്രവർത്തിക്കുമ്പോഴാണ് മാതൃഭൂമിയിലേക്കുള്ള ക്ഷണമെത്തിയത്. ചെന്നൈയിലുണ്ടായിരുന്ന മാതൃഭൂമിയുടെ ഒരു ഓഹരി ഉടമ മുഖേനയാണ് ക്ഷണംവന്നത്. 1932 നവംബർ 11-ന് അദ്ദേഹം മാതൃഭൂമി പത്രാധിപരായി.

അബ്ദുറഹ്‌മാൻ സാഹിബ് കെ.പി.സി.സി.. പ്രസിഡന്റായിരുന്ന കാലത്ത് പി.നാരായണൻ നായർ കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. 1952-ൽ മദ്രാസ് അസംബ്ലിയിൽനിന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യസഭാ എം.പി.യായത്. വി.കെ.കൃഷ്ണമേനോനും അന്ന് മലബാറിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1956 കേരള രൂപവത്കരണം വരെ അദ്ദേഹം എം.പി.യായിരുന്നു.
ജയപ്രകാശ് നാരായണന്റെ 'എന്തുകൊണ്ട് സോഷ്യലിസം', 'വൈരുദ്ധ്യാത്മക ഭൗതികവാദം', 'സമകാലീന ഭാരതീയചരിത്രം' (വിവർത്തനങ്ങൾ), 'കമ്യൂണിസത്തിന്റെ ആധാരശില' തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലൂടെ എന്ന കൃതിക്ക് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 1973 ജൂലായിൽ അദ്ദേഹം അന്തരിച്ചു.
കിള്ളിമംഗലം കാറാത്ത് കുഞ്ഞിമാളു അമ്മയാണ് പി.നാരായണൻ നായരുടെ ഭാര്യ. ദിവാകരൻ, കൊല്ലങ്കോട് എം.എൽ.എ.യായിരുന്ന വാസുദേവമേനോന്റെ ഭാര്യ ഇന്ദിര, മലയാളസാഹിത്യം പത്രാധിപരായിരുന്ന പി.കുമാറിന്റെ ഭാര്യ ലീല, സുധാകരൻ, ഭാസ്‌കരൻ എന്നിവരാണ് മറ്റുമക്കൾ.
പി.നാരായണൻ നായരുടെ പൈതൃകം പിന്തുടർന്ന് മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേർന്ന മകൻ കെ.പ്രഭാകരൻ ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. പട്ടം പൊട്ടക്കുഴി ആർട്ടെക് ഫ്‌ളോറൻസാ 5-ഡിയിൽ താമസിക്കുന്ന കെ.പ്രഭാകരൻ മാതൃഭൂമിക്കു പുറമേ തൃശ്ശൂർ എക്‌സ്പ്രസ്, കേരളശബ്ദം, കുങ്കുമം, ആകാശവാണി വാർത്താവിഭാഗം എന്നിവയിൽ ലേഖകനായും ജനയുഗം, നവയുഗം എന്നിവയുടെ പത്രാധിപരായും 60 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മി പ്രഭാകരനാണ് ഭാര്യ. ആശാ പ്രഭാകരൻ (അസിസ്റ്റന്റ് പ്രൊഫസർ, നീറമൺകര എൻ.എസ്.എസ്. കോളേജ്), ജയൻ (അമേരിക്ക) എന്നിവർ മക്കളും മന്ത്രി കെ.എൻ.ബാലഗോപാൽ, ചന്ദ്രലേഖ എന്നിവർ മരുമക്കളുമാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..