മഹാത്മജിക്ക് സ്വാഗതമോതിയ പത്രാധിപർ


എ.എം. മുരളി

മാതൃഭൂമി ശതാബ്ദിപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, മുൻ പത്രാധിപർ പി. നാരായണൻനായരെക്കുറിച്ചുള്ള അനുസ്മരണം വായിക്കുന്ന മകൾ ഇന്ദിരാവാസുദേവമേനോൻ. മകനും കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റുമായ കെ. സത്യപാലാണ് സമീപം.

പി. നാരായണൻ നായർ

പാലക്കാട്: മഹാത്മജിയെ സ്വീകരിക്കാൻ ഭാഗ്യംലഭിച്ച 'മാതൃഭൂമി' പത്രാധിപർ, പാർട്ടി ക്ലാസുകളിൽ ഉറച്ചശബ്ദത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്ന കണിശക്കാരൻ... പക്ഷേ, തൃശ്ശൂർ കിള്ളിമംഗലത്തെ വീട്ടിൽ അദ്ദേഹം വെറും സാധാരണക്കാരനായിരുന്നു. ''മുത്തച്ഛന് കാഴ്ചയ്ക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹം അതൊന്നും പ്രശ്‌നമാക്കിയിരുന്നില്ല. പാർട്ടി ക്ലാസുകൾക്കായി കിള്ളിമംഗലത്തുനിന്ന് ബസ്സുകയറിപ്പോയിരുന്ന മുത്തച്ഛന്റെ രൂപം മനസ്സിലുണ്ട്. ഞാനും ചേട്ടൻ കേശവൻകുട്ടിയും മുത്തച്ഛനെ ബസ്സുകയറ്റിയയയ്ക്കാൻ കൂടെപ്പോകും. കടയിൽനിന്ന് മുത്തച്ഛൻ വാങ്ങിത്തരുന്ന മധുരത്തിലേക്കായിരുന്നു നോട്ടം''- കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാലിന്റെ ഓർമകളിൽ പി. നാരായണൻ നായർ എന്ന മുത്തച്ഛൻ നിറഞ്ഞു. ''കിള്ളിമംഗലത്ത് ബാല്യകാലത്താണ് മുത്തച്ഛനൊപ്പം കഴിഞ്ഞിരുന്നത്. പിന്നീട് അച്ഛനൊപ്പം കൊല്ലങ്കോട്ടെ പള്ളംകളത്തിലേക്ക് മാറിയപ്പോഴും മുത്തച്ഛൻ ഇടയ്‌ക്കൊക്കെ വരുമായിരുന്നു'' -സത്യപാൽ തുടർന്നു. നാരായണൻനായർ അന്തരിക്കുമ്പോൾ സത്യപാലിന് ആറുവയസ്സായിരുന്നു.

പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു പി. നാരായണൻനായർ. പിന്നീട് മദിരാശിയിൽ ജസ്റ്റിസ് പാർട്ടിയുടെ 'ജസ്റ്റിസ്' പത്രത്തിലെ ഉപ പത്രാധിപരായി. അതുകഴിഞ്ഞ് കോഴിക്കോട്ടെത്തി 'മാതൃഭൂമി'യിൽ ചേർന്നു. 1932 മുതൽ 1934വരെ മാതൃഭൂമി ദിനപത്രത്തിന്റെയും തുടർന്നുള്ള മൂന്നുവർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും പത്രാധിപസ്ഥാനത്ത് അദ്ദേഹമായിരുന്നു. നാലാം കേരളസന്ദർശനവേളയിൽ, 1934 ജനുവരി 13-നാണ് മഹാത്മാഗാന്ധി കോഴിക്കോട്ടെ 'മാതൃഭൂമി' ഓഫീസിലെത്തിയത്. സ്ഥാപക മാനേജിങ് ഡയറക്ടർ കെ. മാധവൻനായരുടെ ഛായാചിത്രം അനാച്ഛാദനംചെയ്യാനായിരുന്നു അത്. ബാപ്പുവിന് സ്വാഗതമാശംസിക്കാനുള്ള നിയോഗം പത്രാധിപരായ നാരായണൻ നായർക്കായിരുന്നു.

ഏറെവൈകാതെ, പത്രപ്രവർത്തനം അവസാനിപ്പിച്ച് അദ്ദേഹം മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറി. കോൺഗ്രസിൽ സോഷ്യലിസ്റ്റ് ഗ്രൂപ്പ് രൂപപ്പെട്ടതോടെ, പുരോഗമനവാദിയായ നാരായണൻനായർ അതിലേക്കെത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായി.

കമ്യൂണിസ്റ്റ് പാർട്ടിക്കാരനായതോടെ നാരായണൻനായർ കോഴിക്കോട്ട് സ്ഥിരതാമസമാക്കി. നേതാക്കളും പ്രവർത്തകരും ഒരു 'കമ്മ്യൂൺ' ആയാണ് ജീവിച്ചിരുന്നതെന്ന് അമ്മ ഓർത്തിരുന്നതായി സത്യപാൽ പറഞ്ഞു. അക്കാലത്ത് ഇ.എം.എസ്സിന്റെ മകൾ മാലതിയുൾപ്പെടെയുള്ളവർ അവിടെ താമസിച്ചിരുന്നു. ഇ.എം.എസ്സിനുപുറമേ കെ. ദാമോദരൻ, പി. കൃഷ്ണപിള്ള, പി.സി. നാരായണൻനമ്പ്യാർ തുടങ്ങിയവരും കുടുംബസമേതം അവിടെയുണ്ടായിരുന്നു. ബാലസംഘം പ്രവർത്തനങ്ങളും അവിടെ ഉഷാറായി നടന്നു. പി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മച്ചേച്ചിക്കായിരുന്നു ചുമതല.

അക്കാലത്ത് കൊല്ലങ്കോട്ടും വടവന്നൂരുമൊക്കെ പാർട്ടിക്ലാസുകൾക്ക് നാരായണൻനായർ എത്തുമായിരുന്നു. ആ വരവാണ് കമ്യൂണിസ്റ്റ് നേതാവായിരുന്ന പി. ബാലചന്ദ്രമേനോൻ, സഹോദരൻ പാറയ്ക്കൽ നാരായണൻകുട്ടിമേനോൻ എന്നിവരുമായുള്ള സൗഹൃദത്തിലേക്ക് നയിച്ചത്. അന്നത്തെ യുവനേതാവായ സി. വാസുദേവമേനോനിലേക്ക് ബന്ധുത്വമെത്തുന്നത് ഈ സൗഹൃദത്തിലൂടെയാണ്. നാരായണൻനായരുടെ രണ്ടാമത്തെ മകൾ ഇന്ദിര, വാസുദേവമേനോന്റെ സഹധർമിണിയായി. പിന്നീട് കൊല്ലങ്കോടിന്റെ ജനപ്രതിനിധിയായും സി. വാസുദേവമേനോൻ കേരളംനിറഞ്ഞു.

1956 മുതൽ '62 വരെ രാജ്യസഭാംഗമായിരുന്നു നാരായണൻനായർ. കമ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ അദ്ദേഹം സി.പി.ഐ.യിൽ ഉറച്ചുനിന്നു. സി.പി.െഎ.യുടെ കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗമായിരുന്നു. 1973-ൽ അന്തരിക്കുംവരെ സജീവ രാഷ്ട്രീയത്തിൽ തുടർന്നു. 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച കെ. പ്രഭാകരൻ, പി. നാരായണൻനായരുടെ മകനാണ്.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented