എൻ.വി. കൃഷ്ണവാരിയർ ജനിച്ച ഞെരുവിശ്ശേരിയിലെ പഴയ വീട് പൊളിച്ച് പണ്ട് നിർമിച്ച ഞെരൂക്കാവ് വാരിയം തറവാട്

ചേർപ്പ്: പുഴയൊഴുകും ആറാട്ടുപുഴയ്ക്കടുത്ത ഞെരുവിശ്ശേരിയിലാണ് സർഗവൈഭവത്തിന്റെ കൈയൊപ്പു ചാർത്തിയ മഹാപ്രതിഭ എൻ.വി. കൃഷ്ണവാരിയരുടെ ജനനം. ഞെരൂക്കാവ് വാരിയത്ത് ജനിച്ച് പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം തുടങ്ങിയ എല്ലാ രംഗത്തും മേധാവിത്വം പുലർത്തി. മാതൃഭൂമിയുടെ മുഖ്യപത്രാധിപരുമായി.
''മണലിപ്പുഴ കുറുമാലിയിൽച്ചേരും പാലക്കടവിനടുത്ത് ഞാൻ പിറന്നതാം ഗ്രാമം. ആറാടും കൂടക്കൂടെ ഷ്ഷാരിക്കൽ ബ്ഭഗോതി യീ- യാറിൽ; ഞങ്ങളും കൂടെയാറാടാൻ കടപ്പെട്ടോർ, അങ്ങനെ 'പുഴ' യുമായ് ശൈശവം തൊട്ടേനേടി ചങ്ങാത്തം; അതു ഗൂഢപ്രേമമായ് മാറീ പിന്നെ. അപ്പുഴയുടെ മണൽകൂടായ്, നീർക്കുളുർമയായ് എത്രയോ ബാല്യ ഗ്രീഷ്മസന്ധ്യകൾ ഞാനോർക്കുന്നു. ഇപ്പോഴാ മണലില്ല, നീരുമി; ല്ലതിൻ സ്ഥാന-ത്തിത്തിരി ചരൽക്കുഴിച്ചളിവെള്ളമേ കാണൂ.'' 'പുഴകൾ' എന്ന കവിതയിൽ സ്വഗ്രാമത്തെക്കുറിച്ച് എഴുതിയ വാക്കുകൾ. എൻ.വി. ജനിച്ച വീട് ഇന്നില്ല. എങ്കിലും ഗ്രാമം നിറയെ അദ്ദേഹത്തിന്റെ ഓർമകൾ തുടിക്കുന്നു.
എൻ.വി.യുടെ പേരിൽ ഞെരുവിശ്ശേരിയിൽ ഒരു വായനശാലയുണ്ട്. എൻ.വി.യുടെ ഓർമയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് ബന്ധുക്കൾ ഞെരൂക്കാവ് ക്ഷേത്രത്തിനടുത്ത് ഏഴു സെന്റ് സ്ഥലം എൻ.വി.സ്മാരക ട്രസ്റ്റിന് നൽകിയിരുന്നു. വായനശാല നടത്തുന്ന വിക്ടറി ക്ലബ്ബ് വിദ്യാർഥികൾക്ക് സാഹിത്യമത്സരങ്ങൾ നടത്താറുണ്ട്.

മാതൃഭൂമിയിലിരുന്ന് ഒരു തലമുറയെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയ എൻ.വി. കൃഷ്ണവാരിയരെക്കുറിച്ച് നാട്ടുകാരനും എഴുത്തുകാരനുമായ അഷ്ടമൂർത്തിയുടെ വാക്കുകൾ: ''എൻ.വി. കൃഷ്ണവാരിയരെ ആദ്യമായി കാണുന്നത് ആറാട്ടുപുഴ പൂരത്തിനാണ്. അദ്ദേഹം അയച്ച നിരവധി കത്തുകളിൽ നാലെണ്ണം ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട അഷ്ടമൂർത്തി, കവിത വായിച്ചു. ധാരാളം വായിക്കുകയും കുറേക്കൂടി എഴുതുകയും ചെയ്യുക. സ്നേഹത്തോടെ, എൻ.വി. കൃഷ്ണവാരിയർ'-ഇതായിരുന്നു ആദ്യത്തെ കത്ത്. തുടർന്ന് ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ നിരവധി കത്തുകൾ കിട്ടിയിട്ടുണ്ട്. മിക്കതും 'കഥ കിട്ടി, പ്രസിദ്ധീകരിക്കുന്നു, സുഖമാണല്ലോ' എന്ന മട്ടിൽ തീരെ ചെറിയ കത്തുകൾ. രണ്ടു വരിയേ ഉണ്ടാവൂ. എങ്കിലും ആ കത്തുകൾ നൽകിയിരുന്ന ആഹ്ലാദം ചില്ലറയല്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഇന്നുള്ള ആധികാരികതയും സ്വീകാര്യതയും സ്ഥാപിച്ചെടുത്തത് എൻ.വി.യായിരുന്നു. പത്രാധിപർ എന്ന നിലയിൽ ചില പ്രാഥമികമര്യാദകൾ അദ്ദേഹം പുലർത്തിപ്പോന്നിരുന്നു. എൻ.വി.യോട് വലിയ സ്‌നേഹവും കടപ്പാടും രേഖപ്പെടുത്തുകയാണ്.''
എൻ.വി.യുടെ സഹോദരിയുടെ മകൻ എൻ.വി. രാധാകൃഷ്ണൻ: 'കളിക്കാൻ പോയി വീട്ടിൽ മടങ്ങിയെത്തിയാൽ വായനശാലയിൽ പോയതായിരുന്നു എന്നാണ് ഞങ്ങൾ പറയാറ്. അങ്ങനെ കേൾക്കുന്നതാണ് അമ്മാവന് ഇഷ്ടം. അമ്മയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം, ഏറെ കഷ്ടപ്പാട് സഹിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. ഞങ്ങളെ മൂന്ന് പേരെയും കോഴിക്കോട് കൊണ്ടുപോയി പഠിപ്പിച്ചത് അമ്മാവനായിരുന്നു.'
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..