എൻ.ചെല്ലപ്പൻ പിള്ളയുടെ ഒരു കുടുംബചിത്രം

കോട്ടയം: 'മാതൃഭൂമി'യെന്നാൽ കോട്ടയത്തുകാർക്ക് ചെല്ലപ്പൻ പിള്ളയായിരുന്നു. ഓരോ പ്രായക്കാരും ഇഷ്ടത്തോടെ ചേട്ടനെന്നും സാറെന്നുമൊക്കെ വിളിക്കും. കോട്ടയത്തെ മാതൃഭൂമിയുടെ ആദ്യ ബ്യൂറാ ചീഫായിരുന്നു എൻ.ചെല്ലപ്പൻ പിള്ള. കോട്ടയത്തെ മാധ്യമലോകത്ത് ഇന്നും തിളക്കമുള്ള പേരാണത്. കെ.യു.ഡബ്ലിയു.ജെ. സംസ്ഥാന പ്രസിഡന്റ്, കോട്ടയം പ്രസ് ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പത്രപ്രവർത്തകർ അദ്ദേഹത്തെ മനസ്സിൽ സൂക്ഷിക്കുന്നു. മാധ്യമപ്രവർത്തകർക്ക് കൂട്ടായ്മയും സംഘടനയും ഉണ്ടാകണമെന്ന് മുമ്പേ ചിന്തിച്ചയാൾ.
1959-ൽ ആണ് ചെല്ലപ്പൻ പിള്ള മാതൃഭൂമി ബ്യുറോ ചീഫ് ആയി ആലപ്പുഴയിൽനിന്ന് കോട്ടയത്തെത്തുന്നത്. എസ്.ഡി.കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോൾ കുറച്ചുകാലം ആലപ്പുഴയിൽ മാതൃഭൂമിയുടെ പാർട്ട് ടൈം ലേഖകനായി. ബിരുദമെടുത്ത ശേഷമാണ് കോട്ടയത്തു ചുമതയേൽക്കുന്നത്. മുപ്പതുവർഷത്തിലേറെ മാതൃഭൂമിയുടെ ബ്യൂറോ ചീഫായി.
കോളേജ് കാലത്ത് ആലപ്പുഴയിൽ വയലാർ രവി, എ.കെ.ആന്റണി, എ.നബീസത്ത് ബീവി തുടങ്ങിയ വരോടൊപ്പം വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളുടെ മുന്നണിയിൽ പ്രവർത്തിച്ചതിന്റെ ഊർജം, പിൽക്കാലത്ത് പത്രപ്രവർത്തനത്തിനും ഗുണംചെയ്തുവെന്ന് ചെല്ലപ്പൻ പിള്ള തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊച്ചി എഡീഷന്റെ തുടക്കത്തിൽ കോട്ടയത്ത് തിരുനക്കര പടിഞ്ഞാറെ നടയിൽ കുന്നത്തുമഠത്തിലായിരുന്നു മാതൃഭൂമി ബ്യൂറോ. പടിഞ്ഞാറെ നടയിലെ ബ്യൂറോ രാഷ്ട്രീയ, കലാസാംസ്‌കാരിക പ്രതിഭകളുടെ സംഗമ കേന്ദ്രമായിരുന്നു. ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, കെ.സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല, തുടങ്ങി പിൽക്കാലത്ത് രാഷ്ട്രീയരംഗത്ത് മുൻനിര നേതാക്കളായവർ സന്ദർശകരായി. ഇടയ്ക്ക് പത്രാധിപർ കെ.പി.കേശവമേനോൻ എത്തും. അദ്ദേഹത്തെ കാണാൻ കോട്ടയത്തെ പ്രമുഖവ്യക്തികളും .

ശബരിമലയിലെ ആദ്യത്തെ കൊടിമര പ്രതിഷ്ഠ, രാഷ്ട്രപതിയായിരുന്നപ്പോൾ വി.വി.ഗിരിയുടെ സ്വാമി ദർശനം, ഏറ്റുമാനൂരിലെ വിഗ്രഹമോഷണം തുടങ്ങിയ സംഭവങ്ങൾ ഭക്തരുടെ വികാരമുൾക്കൊണ്ട് എഴുതിയതും പ്രശംസ പിടിച്ചുപറ്റി.
1970-80 കാലങ്ങളിൽ മാതൃഭൂമി സ്റ്റഡീസർക്കിളിന്റെ പ്രവർത്തനം സമ്പന്നമാക്കി. യുവപ്രതിഭകളെ പൊതുവേദികളിലെത്തിക്കാൻ ആ നേതൃപാടവം തുണയായി. മുഖ്യരക്ഷാധികാരിയായി ടി.എസ്.ശ്രീധരൻ നായരുടെ സംഭാവനയും വലുതായിരുന്നു. അന്നത്തെ കലോത്സവങ്ങളിൽ മുഖ്യാതിഥിയായി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാറിന്റെ സാന്നിധ്യം ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഔദ്യോഗിക ജീവിതത്തിനുശേഷവും പൊതു പ്രവർത്തനത്തിൽ മുന്നിട്ടുനിന്നു. തിരുനക്കര ഉത്സവക്കമ്മറ്റി പ്രസിഡന്റ്, മന്നം മെമ്മോറിയൽ ക്ലബ്ബ് ഭാരവാഹി, എൻ.ഗോവിന്ദമേനോൻ സ്മാരക സമിതി ജനറൽ കൺവീനർ, കോട്ടയം അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.
2002-ലായിരുന്നു മരണം. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ടി.കെ.സരസമ്മ കോട്ടയം എൻ.എസ്.എസ്. ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. മക്കൾ: ശ്രീലത, ശ്രീലേഖ, മഞ്ജുശ്രീ, മായ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..