എം.എം. നാരായണൻ നമ്പ്യാർ
കക്കട്ടിൽ: സാഹിത്യകൃതികളിലൂടെ കക്കട്ടിലിന്റെ പ്രാദേശികഭാഷ ആസ്വാദകലോകത്തിന് പരിചയപ്പെടുത്തിയത് അക്ബർ കക്കട്ടിൽ ആണെങ്കിൽ, കക്കട്ടിലിന്റെയും സമീപപ്രദേശങ്ങളുടെയും വിശേഷങ്ങളും പുതുമകളും മാതൃഭൂമി പത്രത്തിലൂടെ ഒരുകാലത്ത് പുറംലോകത്തെത്തിച്ചത് എം.എം. നാരായണൻ നമ്പ്യാർ ആയിരുന്നു. ആധാരം എഴുത്തുകാരനായിരുന്ന അദ്ദേഹം കോൺഗ്രസ് നേതാവും മികച്ച സഹകാരിയും സാമൂഹിക- സാംസ്‌കാരിക പ്രവർത്തകനും കൂടിയായിരുന്നു.

കക്കട്ടിലിനു പുറമേ, വട്ടോളി, മൊകേരി, അരൂർ, തീക്കുനി, നരിപ്പറ്റ, കൈവേലി എന്നിവിടങ്ങളെല്ലാം കക്കട്ടിൽ ഏജന്റിന്റെ കീഴിലായിരുന്നു. പുലർച്ചെ കക്കട്ടിൽ ടൗണിലെത്തുന്ന നമ്പ്യാർ വിവിധ പ്രദേശങ്ങളിലേക്കുള്ള 12-ഓളം വിതരണക്കാർക്ക് കൈമാറും. കിലോമീറ്ററോളം നടന്നാണ് ഇവർ വീടുകളിലും മറ്റും പത്രം എത്തിച്ചിരുന്നത്. 100 കോപ്പിയുമായാണ് അദ്ദേഹം ഏജൻസി ആരംഭിച്ചത്. അനാരോഗ്യം കാരണം ഏജൻസി ഉപേക്ഷിക്കുമ്പോൾ 1,000 കോപ്പിയായി അത് വർധിച്ചിരുന്നെന്ന് നമ്പ്യാരുടെ മകനും മുൻ കക്കട്ടിൽ മാതൃഭൂമി ലേഖകനുമായിരുന്ന എലിയാറ ആനന്ദൻ ഓർമിക്കുന്നു. വിതരണക്കാരിൽ ചിലർ പിന്നീട് ഏജൻസി ഏറ്റെടുക്കുകയായിരുന്നു.
അക്കാലത്ത് മറ്റുപത്രങ്ങൾക്കൊന്നും ഈ മേഖലയിൽ ലേഖകൻമാർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് നാട്ടുകാർ നമ്പ്യാരെ സ്വ.ലേ. (സ്വന്തം ലേഖകൻ) എന്നാണ് വിളിച്ചിരുന്നത്. നാദാപുരം സംഭവങ്ങൾക്ക് വഴിമരുന്നിട്ട മണിയൂർ താഴയിലെ നമ്പോടൻകണ്ടി ഹമീദ് കൊലപാതകവാർത്തയും, അതിന്റെ തുടർവാർത്തകളും ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ വാർത്തകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വടകര കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ, കുന്നുമ്മൽ ഹൗസിങ് സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ആധാരം എഴുത്തുകാരുടെ സംഘടനയുടെ സംസ്ഥാന നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. നമ്പ്യാർ ലേഖകൻ പദവി ഒഴിഞ്ഞപ്പോൾ മകൻ ആനന്ദൻ എലിയാറയ്ക്ക് കക്കട്ടിൽ ലേഖകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 1997 ഒക്ടോബർ 14-നാണ് നമ്പ്യാർ മരിച്ചത്.
വരുന്ന ഒക്ടോബറിൽ 25-ാം ചരമവാർഷികം വിപുലമായി ആചരിക്കുവാനുള്ള ഒരുക്കത്തിലാണ് കുടുംബ കൂട്ടായ്മ. പരേതയായ ഗൗരി അമ്മയാണ് ഭാര്യ. മക്കൾ: ശ്രീനിവാസൻ (റിട്ട. ആരോഗ്യവകുപ്പ്), എലിയാറ ആനന്ദൻ (റിട്ട. അധ്യാപകൻ, വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ), പ്രകാശൻ (അധ്യാപകൻ, ചേലക്കാട് എൽ.പി. സ്‌കൂൾ), ലത, ഗീത.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..