എം.കെ. സേതുമാധവൻ
കോട്ടായി: വെളുത്ത ഫുൾക്കൈ ഷർട്ടും കടുംനിറത്തിലുള്ള പാന്റ്‌സും. ഫിലിമിടുന്ന ചെറിയൊരു ക്യാമറ കൈയിലെ കറുത്തബാഗിലുണ്ടാവും. 'രാജ്ദൂത്' കടന്നുപോകുന്ന ശബ്ദംകേൾക്കുന്ന മാത്രയിൽ 'നമ്മുടെ മാതൃഭൂമി സേതുമാഷാ...' എന്ന് കോട്ടായിക്കാർ അഭിമാനത്തോടെ പറഞ്ഞിരുന്നു. അത്രത്തോളം ജനങ്ങളുമായി അടുത്തബന്ധം പുലർത്തിയ ആളായിരുന്നു മേലേതിൽ സേതുമാധവൻ എന്ന സേതുമാഷ്.
1983-ലാണ് സേതുമാധവൻ മാതൃഭൂമിയുടെ കുഴൽമന്ദം ലേഖകനായി തുടക്കംകുറിക്കുന്നത്. അക്കാലത്ത് കോട്ടായി, കുഴൽമന്ദം പ്രദേശങ്ങളിൽ മാതൃഭൂമിക്ക് മാത്രമായിരുന്നു ലേഖകൻ ഉണ്ടായിരുന്നത്. നാട്ടിൽപുറങ്ങളിലെ കാഴ്ചകളും ആഘോഷങ്ങളും പ്രശ്‌നങ്ങളുമൊക്കെ മാതൃഭൂമി താളുകളിലൂടെ വായനക്കാരിലെത്തി. 1984-ൽ സേതുമാധവൻ കണ്ണാടി ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപകനായി. അതോടെ സേതു പ്രദേശവാസികളുടെ 'മാതൃഭൂമി സേതുമാഷാ'യി. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നിവയ്‌ക്കൊപ്പം നെൽക്കൃഷിയെയും വയലുകളെയും സ്‌നേഹിച്ച കർഷകൻകൂടിയായിരുന്നു അദ്ദേഹം. അവസാനംവരെയും കൃഷി ഉപേക്ഷിക്കാതെ കൊണ്ടുനടന്നു.
'രാജ്ദൂതി'ലേറിയൊരു യാത്ര

വാർത്തയായിമാറിയ ചെറുകുറിപ്പുകൾ
സ്‌കൂൾവിട്ടാൽ നേരെവരുന്നത് പാലക്കാട്ടേക്കാണ്. അന്ന് സുൽത്താൻപേട്ടയിലാണ് മാതൃഭൂമി ഓഫീസ്. സാമൂഹിക മാധ്യമങ്ങളും സാങ്കേതികവിദ്യയും വിദൂരതയിൽ നിന്നിരുന്ന അക്കാലത്ത് ഓഫീസിലെത്തിയാൽ കൈയിലെ ബാഗിൽനിന്നും കുറിപ്പുകളെടുത്ത് പെട്ടെന്ന് വാർത്തയെഴുതും. വളരെവേഗം എഴുതിത്തീർക്കുന്ന ശീലമായിരുന്നു മാഷിന്. സർവതലസ്പർശിയായ വാർത്തകൾ ഒരുകെട്ടാക്കി ഓഫീസിൽ നൽകും. കൃഷി, കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങി എല്ലാറ്റിലും നല്ല കൈവഴക്കം.
കോട്ടായി ചെമ്പൈസ്മാരകവും അവിടത്തെ കലാപരിപാടികളും മാതൃഭൂമിയിലൂടെ പ്രശസ്തമായതിൽ മാഷുടെ ജാഗ്രതയും പരിശ്രമവും ഉണ്ടായിരുന്നു.
പൊതുപ്രവർത്തനം ഇഷ്ടപ്പെട്ട അധ്യാപകൻ
കോട്ടായി പെരുംകുളങ്ങരയിലെ വീട്ടിൽ വാർത്തകൾ എഴുതാനും വായിക്കാനുമെല്ലാം പത്തായപ്പുരയിലെ സൗകര്യമാണ് ഉപയോഗിച്ചിരുന്നത്. നീളമുള്ള പലകയിൽ പേപ്പർവെച്ച് മാഷ് എഴുതിയിരുന്നത് ഇന്നും മനസ്സിലുണ്ടെന്ന് ഭാര്യ ഉമാറാണി പറയുന്നു. വിദ്യാർഥികളിൽ കലാകായിക കഴിവുകൾ വളർത്തിയെടുക്കുന്നതിനായി മാതൃഭൂമിയുടെ സ്റ്റഡിസർക്കിൾ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. കോട്ടായി സ്‌കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ചമാർക്ക് നേടിയവർക്ക് കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്നതിന് ആദ്യകാലത്ത് നേതൃത്വം നൽകിയതും സേതുമാഷായിരുന്നു.
ഭാര്യ ഉമാറാണി ചമ്പ്രകുളം സ്‌കൂളിൽ അധ്യാപികയായിരുന്നു. മകൾ സൗമ്യ ആലത്തൂരിൽ ഐ.സി.ഡി.എസ്. ഓഫീസറാണ്. മകൻ ശ്യാം ചെന്നൈ ഷെൻസൺ യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി. ചെയ്യുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..