മംഗലാട്ട് രാഘവൻ
ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. വെടിവെക്കുന്നെങ്കിൽ ആദ്യം ഈ മാറിലേക്ക് വെടിവെക്കൂ എന്ന് വെല്ലുവിളിച്ച് ഫ്രഞ്ച് പട്ടാളത്തിനുമുന്നിലേക്ക് നീങ്ങിയ വിപ്ലവകാരിയുടെ പേരാണ് മംഗലാട്ട് രാഘവൻ. അനീതിക്കെതിരേ പ്രതിഷേധമുയർത്തിയ വിപ്ലവസ്വരം. മാതൃഭൂമി ലേഖകനായി നാലുപതിറ്റാണ്ട് പത്രപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന മാധ്യമപ്രതിഭ.

ഗാന്ധിജിയുടെ ആശയങ്ങളിൽ സ്വാധീനിച്ച് ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായാണ് പൊതുരംഗത്തെത്തിയത്. മയ്യഴി ഗാന്ധി ഐ.കെ.കുമാരനൊപ്പം മയ്യഴി വിമോചനസമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചു. 1942-ൽ മയ്യഴിയിൽ മാതൃഭൂമി ലേഖകനായി പത്രപ്രവർത്തനജീവിതം തുടങ്ങി.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ചോമ്പാൽ റെയിൽ തീവെപ്പ് കേസിൽ അറസ്റ്റിലായി. ചോമ്പാൽ എ.എസ്.പി. ക്യാമ്പിലും വടകര പോലീസ് ക്യാമ്പിലും ക്രൂരമർദനത്തിനിരയായി. ഫ്രഞ്ച് സർക്കാർ 20 വർഷം തടവിന് ശിക്ഷിച്ചെങ്കിലും പിടികൂടാനായില്ല. 1954 ജൂലായ് 11-നും പിന്നീടും മയ്യഴിയുടെ ഭരണമാറ്റം സംബന്ധിച്ച ചർച്ചകളിൽ ഐ.കെ.കുമാരനൊപ്പം പങ്കെടുത്തു.
മയ്യഴിവിമോചനത്തിനുശേഷം ഐ.കെ.കുമാരൻ അഡ്മിനിസ്ട്രേറ്ററായ 15 അംഗ കൗൺസിലിലും ഒക്ടോബർ വിപ്ലവത്തെ തുടർന്ന് രൂപവത്കരിച്ച ഡിഫൻസ് കൗൺസിലിലും അംഗമായിരുന്നു. മയ്യഴി സ്വതന്ത്രമായശേഷം മുഴുവൻസമയ പത്രപ്രവർത്തകനായി. ഇന്ത്യൻ എക്‌സ്പ്രസിന്റെയും ഡെക്കാൻ ഹെറാൾഡിന്റെയും ലേഖകനായും പ്രവർത്തിച്ചിരുന്നു.
കെ.പി.കേശവമേനോൻ, കെ.കേളപ്പൻ എന്നിവരുടെ സഹപ്രവർത്തകനായി മാതൃഭൂമിയിൽ പ്രവർത്തിച്ചു. അക്കാലത്ത് എം.ആർ., ആർ.എം. എന്നീ പേരുകളിൽ സാമൂഹിക രാഷ്ട്രീയ ലേഖനങ്ങൾ എഴുതി. 1965 മുതൽ മാതൃഭൂമി പത്രാധിപസമിതിയംഗമായ അദ്ദേഹം മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫായിരിക്കെ 1981-ൽ വിരമിച്ചു.
സാഹിത്യത്തിലും
പത്രപ്രവർത്തനത്തിൽനിന്ന് വിരമിച്ചശേഷം സാഹിത്യത്തിൽ സജീവമായി. മയ്യഴി സെൻട്രൽ ഫ്രഞ്ച് സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ നേടിയ ഫ്രഞ്ച് ഭാഷാ സ്വാധീനം പിന്നീട് ഫ്രഞ്ച് സാഹിത്യകൃതികളുടെ വിവർത്തനത്തിന് സഹായകമായി. വിക്ടർ ഹ്യൂഗോ, ചാൾസ് ബോദലേർ എന്നിവരുടെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റി.
മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അവ വായനക്കാരിലെത്തി. ഫ്രഞ്ച് കവിതകൾ (1993), ഫ്രഞ്ച് പ്രണയഗീതങ്ങൾ (1999), വിക്ടർ ഹ്യൂഗോവിന്റെ കവിതകൾ (2002) എന്നിവയാണ് പ്രധാന കൃതികൾ. വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, അയ്യപ്പ പണിക്കർ പുരസ്‌കാരം, എം.എൻ.സത്യാർഥി പുരസ്‌കാരം, മയിൽപ്പീലി പുരസ്‌കാരം എന്നിവ ലഭിച്ചു.
ഫ്രഞ്ച് അധീന മയ്യഴിയിൽ ജനിച്ച മംഗലാട്ട് പിന്നീട് തലശ്ശേരിയുടെ ഭാഗമാകുകയായിരുന്നു. തലശ്ശേരി ചേറ്റംകുന്ന് ലത നികേതനിലായിരുന്നു താമസം. നൂറാംവയസ്സിൽ 2021 സെപ്റ്റംബർ നാലിന് അദ്ദേഹം ഓർമയായി.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..