.
മലപ്പുറം: മാമാങ്കത്തിനുശേഷം തിരുനാവായ മണപ്പുറം കണ്ട ഏറ്റവും വലിയ പുരുഷാരമായിരുന്നു അത്. വിഭൂതിരൂപം പൂണ്ട മഹാത്മാവ് നിളയുടെ ഓളങ്ങളിലലിഞ്ഞുചേരുന്ന മുഹൂർത്തം. രാജ്യത്തെ പുണ്യതീർഥങ്ങളിലോരോന്നിലും നിമജ്ജനം ചെയ്ത ഗാന്ധിയുടെ ചിതാഭസ്മം അങ്ങനെ നിളയിലും ലയിച്ചു. മണപ്പുറത്ത് അതിനു സാക്ഷിയായത് പതിനായിരങ്ങളാണെങ്കിൽ അതിലുമേറെ പേർ അടുത്തദിവസം ആ വാർത്തകൾക്കായി കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ മുന്നിൽ ആവേശം ചോരാതെ നിമജ്ജനത്തിന്റെ വാങ്മയചിത്രമെത്തിച്ചത് 'മാതൃഭൂമി' പത്രമായിരുന്നു.
ഗാന്ധിജിയുടെ ചിതാഭസ്മം കന്യാകുമാരിയിൽ ഒഴുക്കാനായിരുന്നു ഡൽഹിയിൽനിന്നുള്ള തീരുമാനം. എന്നാൽ ത്രിമൂർത്തിസംഗമസ്ഥാനമായ തിരുനാവായയിൽ നിമജ്ജനം ചെയ്യണമെന്ന് കെ. കേളപ്പൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് 1948 ഫെബ്രുവരി 12-ന് ആ കലശം മലബാറിലെത്തുന്നത്. കോയമ്പത്തൂർ വിമാനത്താവളത്തിൽനിന്ന് റോഡ് വഴി കലശവാഹനം പുറപ്പെട്ടു. വഴിനീളെ ജനലക്ഷങ്ങൾ മഹാത്മാവിനെ കാത്തുനിന്നിരുന്നു. അവരുടെ പുഷ്പവൃഷ്ടിയേറ്റുവാങ്ങി കലശവാഹനം മുന്നോട്ടുനീങ്ങി. ഓരോ സ്വീകരണത്തിന്റെയും വിവരങ്ങൾ അടുത്തദിവസത്തെ 'മാതൃഭൂമി' പത്രം റിപ്പോർട്ട് ചെയ്തു. കലശംവെച്ച പല്ലക്ക് രൂപകല്പന ചെയ്തതും മനോഹരമായി അലങ്കരിച്ചതും 'മാതൃഭൂമി'യുടെ വർക്ഷോപ്പിലായിരുന്നു.
ചിതാഭസ്മം കാണാൻപതിനായിരങ്ങൾ...

കാസർകോട്, ഗൂഡല്ലൂർ, കൊച്ചി, തിരുവിതാംകൂർ ഭാഗങ്ങളിൽനിന്നെല്ലാം ആളുകൾ തിരുനാവായയിലെത്തിയിരുന്നു.

ആൽത്തറയിലേക്ക് എല്ലാവരും...
ആൽത്തറയ്ക്കുതാഴെ മണൽപ്പരപ്പിൽ കേളപ്പജിയെ കാത്ത് മറ്റൊരു പ്രശ്നമുണ്ടായിരുന്നു. ആയിരക്കണക്കിനു മുസ്ലിങ്ങളാണ് അവിടെ ചിതാഭസ്മം കാണാൻ നിന്നിരുന്നത്. ക്ഷേത്രപരിസരമായിരുന്നതിനാൽ അവിടേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിച്ചിരുന്നില്ല. 'ഈശ്വര് അല്ലാ തേരേനാം' പാടിയ മഹാത്മാവിന്റെ ചിതാഭസ്മമാണ് മുകളിൽ. ഇക്കാര്യമറിഞ്ഞ കേളപ്പജി വിളിച്ചുപറഞ്ഞു- 'നിങ്ങൾക്കും വരാം'... അങ്ങനെ അവരും വരിവരിയായി ആൽത്തറയിലേക്കു വന്ന് ചിതാഭസ്മം കണ്ടു വന്ദിച്ചു. 12 മണിക്കു മുൻപായി കളക്ടർ അരുണാചലവും കേളപ്പജിയും ആൽത്തറയിലെത്തി. നിമജ്ജനസമയത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുറച്ചുസമയം കേളപ്പജി സംസാരിച്ചു.
ചിതാഭസ്മവുമേന്തി കുളിച്ച് ഈറനായി കേളപ്പജിയെത്തി. ചിതാഭസ്മം പൊതിഞ്ഞിരുന്ന ഖാദി ചട്ട പൊളിച്ചു. അത് ഒരു ചെമ്പുമൊന്തയായിരുന്നു. ഇനി അന്നത്തെ മാതൃഭൂമിയുടെ റിപ്പോർട്ടിലേക്ക്-'ചിതാഭസ്മവും അസ്ഥികലശവുമടങ്ങിയ ചെമ്പുമൊന്ത ഇരുകൈകളിലും കൂട്ടിയെടുത്ത്, ആൽത്തറ പ്രദക്ഷിണംവെച്ച് കേളപ്പൻ താഴോട്ടിറങ്ങി. രഘുപതി രാഘവ രാജാറാം അടക്കമുള്ള കീർത്തനങ്ങൾ ഉയർന്നു. പോലീസിന്റെ തോക്കുകളിൽനിന്ന് 79 വെടി മുഴങ്ങിയതോടെ കേളപ്പൻ ആ പാത്രത്തോടെ പുഴയിൽ മുങ്ങി. പലതവണ പാത്രം വെള്ളത്തിൽ മുക്കി. ജഡാവശിഷ്ടങ്ങൾ മുഴുവൻ പുണ്യനദിക്ക് സമർപ്പിച്ചു. അവിടെ കൂടിയ അനേകായിരങ്ങളും അതേസമയം കണ്ണീരിലും പുഴയിലും ഒരുമിച്ചുമുങ്ങി'. അതുകൊണ്ടും തൃപ്തിവരാത്തവരെക്കുറിച്ച് മാതൃഭൂമി റിപ്പോർട്ട് പറയുന്നു- 'ആ അവശിഷ്ടങ്ങൾ ചേർന്ന നദീജലത്തിൽ മുങ്ങിയതുകൊണ്ടു തൃപ്തിപ്പെടാതെ ആളുകൾ നദീജലമെടുത്തു തീർഥമായി സേവിക്കുകയും ചിലർ കുപ്പിയിലും മറ്റും സംഭരിച്ച് സ്വന്തം ഗൃഹങ്ങളിലേക്കു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.'
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..