കെ.ടി. കുഞ്ഞിരാമൻ നായർ
പേരാമ്പ്ര: ബ്രിട്ടീഷ് പട്ടാളക്കാർ തല്ലിച്ചതച്ചപ്പോഴും സ്വാതന്ത്ര്യസമരപോരാട്ടത്തിൽ തളരാത്ത ഇച്ഛാശക്തിയുമായി നിലയുറപ്പിച്ച പോരാളിയായിരുന്നു കെ.ടി. കുഞ്ഞിരാമൻ നായർ എന്ന മാതൃഭൂമി ലേഖകൻ.

ഒരുദിവസം സ്‌കൂളിനടുത്തുകൂടി ഗാന്ധിജിക്ക് ജയ് വിളിച്ച് കോൺഗ്രസിന്റെ ജാഥ പോകുകയായിരുന്നു. അത് കണ്ടപ്പോൾത്തന്നെ ക്ലാസിൽനിന്ന് ഇറങ്ങി പ്രകടനത്തിനൊപ്പം ചേർന്ന് കെ.ടി.യും നടന്നു നീങ്ങി. അധികം വൈകാതെ ദേശീയ സമരരംഗത്ത് സജീവമായി നിലയുറപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനികൾക്കെതിരേ നടപടികൾ ശക്തമാക്കിയപ്പോൾ 1930-ൽ കല്പത്തൂരിൽ നിന്നാണ് ആദ്യം അറസ്റ്റിലാകുന്നത്. ബൂട്ടിട്ട കാലുകൊണ്ട് ബ്രിട്ടീഷ് പട്ടാളം ചവിട്ടുകയും തലങ്ങും വിലങ്ങും മർദിക്കുകയും ചെയ്തിട്ടും പേടിച്ചുപിൻമാറാതെ നിലയുറപ്പിച്ചു. ഒടുവിൽ പട്ടാളക്കാർ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റിയത്. രണ്ട് വർഷത്തോളം ജയിൽവാസമനുഭവിച്ച ശേഷമായിരുന്നു മോചനം.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആവേശം അലയടിച്ച നാളുകളിൽ പേരാമ്പ്രയിലെ പൊതുയോഗത്തിൽ സംസാരിക്കുമ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് ബെല്ലാരിയിലെ ജയിലിലടച്ചു. അറസ്റ്റ് ചെയ്ത് കൊണ്ടുപോരുമ്പോൾ ജനങ്ങൾ നോക്കിനിൽക്കെ പട്ടാളക്കാർ ക്രൂരമായി മർദിച്ചു. മർദനമേറ്റതിന്റെ ശാരീരികപ്രശ്‌നങ്ങൾ മരണംവരെ അദ്ദേഹത്തെ പിന്തുടർന്നു.
പുഴുവരിക്കുന്ന കഞ്ഞിയാണ് അന്ന് തടവുകാർക്ക് ജയിലിൽ ലഭിച്ചിരുന്നത്. അതിനെതിരേ നാല് ദിവസം സെല്ലിനുള്ളിൽ പട്ടിണിസമരവും നടത്തി. 1944-ലാണ് ജയിൽമോചിതനായത്. രണ്ടുതവണകളായി അഞ്ചുവർഷത്തോളം നീണ്ടു ജയിൽവാസം.
സമരങ്ങൾ അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്ന് വിശ്വസിച്ചിരുന്ന മിതവാദിയായിരുന്നു അദ്ദേഹം. മലബാർ കോൺഗ്രസ് കമ്മിറ്റി ട്രഷറർ, എ.ഐ.സി.സി. അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച കെ.ടി.യുടെ പോരാട്ടവീര്യത്തിന് 1972-ൽ രാഷ്ട്രപതി താമ്രപത്രം നൽകി ആദരിച്ചു. പത്രപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായികണ്ട അദ്ദേഹം കൊയിലാണ്ടി താലൂക്കിലെ മാതൃഭൂമിയുടെ ആദ്യകാല ലേഖകനുമായിരുന്നു. അതിശയോക്തിയോ, ആലങ്കാരികപ്രയോഗങ്ങളോ ഇല്ലാത്ത സത്യസന്ധമായ റിപ്പോർട്ടിങ് രീതിയായിരുന്നു അദ്ദേഹത്തിന്റേത്.
1948-ൽ പേരാമ്പ്രയുടെ വിദ്യാഭ്യാസപുരോഗതിക്കായി ഹൈസ്‌കൂൾ സ്ഥാപിക്കാനും കെ.ടി. കുഞ്ഞിരാമൻ നായർ മുൻകൈയെടുത്തു. ഏറെക്കാലം പേരാമ്പ്ര ഹൈസ്‌കൂളിന്റെ മാനേജരായി തുടർന്നു. 1965-ലും 1967-ലും പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
1911 നവംബർ 16-ന് മേപ്പയ്യൂർ കല്പത്തൂരിലെ തുളിച്ചാ പുതിയടത്ത് വീട്ടിൽ ജനിച്ചു. 1987 മാർച്ച് 16-ന് ആവടുക്കയിലെ വീട്ടിലായിരുന്നു അന്ത്യം. പരേതയായ ജാനകി അമ്മയാണ് ഭാര്യ. മാതൃഭൂമി പേരാമ്പ്ര ലേഖകൻ കെ.ടി. ചന്ദ്രൻ, വസന്ത, സതി, പരേതനായ കെ.ടി. കൃഷ്ണദാസ് എന്നിവർ മക്കൾ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..