കൊച്ചുണ്ണി അച്ചൻ
പാലക്കാട്: പുലർച്ചെ മൂന്നുമണി. പുലരിവെളിച്ചം പരക്കുംമുമ്പേ ടോർച്ച് കൈയിലെടുത്ത്, തലയിൽ കമ്പിളിത്തുണി കെട്ടി മാണിക്യമേലിടം കൊച്ചുണ്ണി അച്ചൻ വീട്ടിൽനിന്നിറങ്ങും. രണ്ടു കിലോമീറ്റർ അകലെയുള്ള ഒലവക്കോട് റെയിൽവേസ്റ്റേഷൻ ലക്ഷ്യമിട്ടാവും യാത്ര. അവിടെയാണ് നാട്ടുകാർക്ക് കൈമാറാനുള്ള 'മാതൃഭൂമി' പത്രക്കെട്ടുകൾ കോഴിക്കോട്ടുനിന്ന് എത്തുന്നത്.
മഞ്ഞാണെങ്കിലും മഴയാണെങ്കിലും മെർക്കുറിവിളക്കിന്റെ അരണ്ട വെളിച്ചത്തിലൂടെ അദ്ദേഹം നടക്കും. തീവണ്ടിയിലെത്തിയ പത്രക്കെട്ടുകളെല്ലാം എണ്ണം തിരിച്ച് 'ന്യൂസ് പേപ്പർ ബോയി'മാരുടെ കൈയിൽ നൽകുമ്പോൾ, അദ്ദേഹം ഒരു കാര്യമേ അവരോട് പറയൂ- ''ഒരു കാരണവശാലും പത്രം വരിക്കാർക്കെത്തിക്കാൻ വൈകിക്കരുത്.''
1948 മുതൽ നാലുപതിറ്റാണ്ടിലധികം 'മാതൃഭൂമി'യുടെ സ്വന്തം ഏജന്റായിരുന്ന കൊച്ചുണ്ണിയച്ചനെപ്പറ്റി ഓർക്കുമ്പോൾ മൂത്തമകൻ എം. ബാലചന്ദ്രന്റെ ഓർമകളിൽ ഈ ചിത്രമാണ് തെളിയുന്നത്. പാലക്കാട്ട് 'മാതൃഭൂമി'യോടൊപ്പം നടന്ന ഏജന്റുമാരിലെ മൂത്ത കാരണവന്മാരിലൊരാളായ കൊച്ചുണ്ണിയച്ചൻ, അകത്തേത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ്.
അകത്തേത്തറ മാണിക്യമേലിടം അമ്മുനേത്യാരുടെയും എം. നാണുമേനോന്റെയും രണ്ടാമത്തെ മകനായാണ് ജനനം. മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായിരുന്ന കെ.പി. കേശവമേനോന്റെ സഹധർമ്മിണി ലക്ഷ്മി നേത്യാരമ്മയുടെ സഹോദരികൂടിയാണ് അമ്മു നേത്യാരമ്മ. പത്താംക്ലാസ് ജയിച്ച്, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങും പഠിച്ച് ജോലി തേടുന്നതിനിടെയാണ് കെ.പി. കേശവമേനോന്റെകൂടെ കൊച്ചുണ്ണിയച്ചൻ സിംഗപ്പൂരിലേക്ക് പോകുന്നത്.

ഇന്ന് 'മാതൃഭൂമി' ബുക് സ്റ്റാൾ പ്രവർത്തിക്കുന്ന സുൽത്താൻപേട്ടയിൽ 'മാർക്കോ'യെന്ന പേരിൽ ഒരു സ്റ്റേഷനറി- ഫാൻസി ഷോപ്പ് തുടങ്ങി. 'മാതൃഭൂമി' പത്രവിതരണ ഏജന്റാവുന്നതും ഇക്കാലത്താണ്.
''300 പത്രങ്ങളുമായായിരുന്നു അച്ഛന്റെ തുടക്കം. പാലക്കാട് താലൂക്കിലെ ഒട്ടുമിക്കയിടങ്ങളിലും പത്രമെത്തിക്കും. അദ്ദേഹത്തിനുകീഴിൽ എട്ടുപേരുണ്ടായിരുന്നു. ഇവരാണ് വീടുകളിലേക്ക് പത്രങ്ങളെത്തിക്കുക. 'പേപ്പർബോയ്‌സി'ന് നിർദേശങ്ങൾ നൽകാൻ, കടയോടുചേർന്ന് ഒരു ഓഫീസും പ്രവർത്തിച്ചിരുന്നു. ആദ്യകാലത്ത് കോഴിക്കോട്ടുനിന്നു പുലർച്ചെ തീവണ്ടിയിലും വാനിലുമെത്തിച്ചിരുന്ന പത്രങ്ങൾ അച്ഛൻ നേരിട്ടുപോയാണ് വാങ്ങുക. തിരിച്ച് വീട്ടിലേക്കുവരുമ്പോൾ രാവിലെ ഏഴുമണികഴിയും. പ്രായമായ കാലത്ത് സഹായിയായി രണ്ടാമത്തെ മകനായ, അടുത്തിടെ അന്തരിച്ച എം. രാജേന്ദ്രനെയും കൂടെക്കൂട്ടിയിരുന്നു. 86-ാം വയസ്സിൽ മരിക്കുന്നതിന് 10 വർഷംമുമ്പുവരെയും ഏജന്റായി സജീവമായിരുന്നു. 1800-ലധികം പത്രങ്ങൾ അക്കാലത്ത് വിതരണംചെയ്തിരുന്നു'' -ബാലചന്ദ്രൻ ഓർക്കുന്നു. എം. സുരേന്ദ്രൻ (റിട്ട. കാത്തലിക് സിറിയൻ ബാങ്ക് സീനിയർ മാനേജർ), പരേതനായ എം. നരേന്ദ്രൻ, എം. അമ്മുമേനോൻ, എം. മഹേന്ദ്രൻ എന്നിവരാണ് മറ്റു മക്കൾ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..