ഓസ്ത്രേലിയൻ ക്രിക്കറ്റർ മൈക്കിൾ കാസ്പറോവിച്ചുമായി അഭിമുഖം നടത്തുന്ന കെ.ജി.മുരളീധരൻ (ഫയൽ ചിത്രം)
കോട്ടയം: ചെറുതായി തല കുലുക്കി ഒരു ചെറുപുഞ്ചിരി, ഒരു മൂളൽ. അതിനർഥം ഇഷ്ടപ്പെട്ടു എന്ന്. പുഞ്ചിരിക്കാതെ, മുഖം തരാതെ ഇരുത്തി മൂളിയാൽ അത് അനിഷ്ടമെന്നോർക്കുക. കെ.ജി.എം. എന്ന കെ.ജി. മുരളീധരൻ തന്റെ ജീവിതത്തിൽ രാഗദ്വേഷങ്ങളെ ഈ പരിധിക്കുള്ളിൽ നിർത്തി. അതേസമയം ആത്മാർഥതയിലും സമർപ്പണത്തിലും പരിമിതികളില്ലാത്തതായിരുന്നു, പത്രപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം കാത്തുവെച്ച ശൈലി.
കോട്ടയത്ത് മാതൃഭൂമിയുടെ ജില്ലാ ലേഖകൻ മുതൽ ഡെപ്യൂട്ടി എഡിറ്റർ വരെയുള്ള തസ്തികകളിൽ പ്രവർത്തിച്ച കെ.ജി. മുരളീധരൻ സഹപ്രവർത്തകർക്കും സമൂഹത്തിനും ഒരുപോലെ പ്രിയങ്കരനായത് അങ്ങനെയാണ്.
ഞാൻ രംഗത്ത് തുടരുന്നതിന് കാരണം മാതൃഭൂമിയും മുരളി സാറും
കോരൂത്തോട് ഞാൻ കുട്ടികൾക്ക് പരിശീലനം കൊടുത്തിരുന്ന സ്‌കൂളുകാർ എന്നോടും കായിക രംഗത്തോടും കാണിച്ച അവഗണനമൂലം '98-ൽ ഞാൻ കായികരംഗത്തുനിന്നു സലാം പറയേണ്ടതായിരുന്നു. കായിക കേരളത്തിന്റെ ഭാവി മുൻനിർത്തി നിലപാടെടുത്ത് മാതൃഭൂമി എനിക്കൊപ്പം നിന്നു. അതോടെ നാട്ടുകാരും സർക്കാരും എല്ലാം എനിക്കും കുട്ടികൾക്കും തുണയായിവന്നു. അതിന് നന്ദി പറയേണ്ടത് മുരളി സാറിനോടാണ്.
-കെ.പി. തോമസ് (കായിക പരിശീലകൻ)
തപാൽ വകുപ്പിലും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിലും ജോലിചെയ്തശേഷമാണ് 1982-ൽ കെ.ജി.എം. മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ പത്രപ്രവർത്തകനായി ചേർന്നത്. പത്രപ്രവർത്തനത്തോടും മാതൃഭൂമി ശൈലിയോടുമുള്ള അദ്ദേഹത്തിന്റെ താത്പര്യമായിരുന്നു, അതിന്റെ ആദ്യ കാരണം. സാമൂഹികപ്രശ്‌നങ്ങളിൽ മാതൃഭൂമി നടത്തുന്ന ഇടപെടലുകളിൽ തനിക്കും ഒരു പങ്കുവഹിക്കാൻ കഴിയുമല്ലോ എന്ന ആവേശമായിരുന്നു മറ്റൊരു കാരണം. 65-ാം വയസ്സിൽ ലോകത്തോട് വിടപറയുന്ന നാൾവരെ അദ്ദേഹം ആ താത്പര്യവും ആവേശവും നിലനിർത്തുകയുംചെയ്തു.
'വിഭ്രാന്തിയുടെ തുരുത്തിൽ അവർ ഒറ്റയ്ക്ക്' എന്ന തലക്കെട്ടോടെ അദ്ദേഹം ഒരിക്കലെഴുതിയ വാർത്ത കേരളത്തെ ഞെട്ടിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം മാനസിക വിഭ്രാന്തിയിലായതിനെക്കുറിച്ച്. വാർത്ത വന്നതോടെ ആ കുടുംബത്തെ സഹായിക്കാൻ ഏറെപ്പേർ മുന്നോട്ടുവന്നു. 1999 ഓഗസ്റ്റ് രണ്ടുമുതൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'സി.ബി.ഐ. എഴുതാത്ത ഡയറിക്കുറിപ്പുകൾ' സിസ്റ്റർ അഭയ വധക്കേസ് അന്വേഷണത്തിലെ അറിയപ്പെടാതെ പോയ സംഭവങ്ങളെക്കുറിച്ചായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള തോപ്പിൽ രവി അവാർഡ് ആക്കൊല്ലം ആ പരമ്പരക്കായിരുന്നു.

കായികരംഗമായിരുന്നു കെ.ജി.എമ്മിന് ഏറ്റവും ഇഷ്ടപ്പെട്ടമേഖല. സിഡ്‌നി ഒളിമ്പിക്‌സ്, സോൾ ഏഷ്യൻ ഗയിംസ്, റിലയൻസ് ലോകകപ്പ് ക്രിക്കറ്റ്, ഇൻഡിപ്പെൻഡൻസ് കപ്പ്, കൊളംബോ ഏഷ്യാക്കപ്പ്, സിംഗർ കപ്പ് ക്രിക്കറ്റ്, ഇംഫാൽ ദേശീയ ഗെയിംസ്, ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങിയവ അദ്ദേഹം മാതൃഭൂമിക്കായി റിപ്പോർട്ട് ചെയ്തു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, കേരള പ്രസ് അക്കാദമി വൈസ് ചെയർമാൻ, മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം എൻ.എസ്.എസ്. പബ്‌ളിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.കെഴുവങ്കുളം കുളത്തുങ്കൽ പരേതനായ മാതേട്ട് ഗോപാലൻനായരുടെ മകനായിരുന്നു
കറുകച്ചാൽ എൻ.എസ്.എസ്. ഹൈസ്‌കൂൾ മുൻ അധ്യാപികയും കടയനിക്കാട് കുളത്തുങ്കൽ കുടുംബാംഗവുമായ ഷീല സി.പിള്ളയാണ് ഭാര്യ. നന്ദഗോപാലും മീരയും മക്കളും.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..