കനൽപ്പൂക്കൾകൊണ്ടൊരു ജീവിതവസന്തം


'മാതൃഭൂമി' മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിനൊപ്പം കെ.സേതുമാധവൻ നായർ (ഫയൽ ചിത്രം)

കെ. സേതുമാധവൻ നായർ

പാലക്കാട്: 'മാതൃഭൂമി'ക്കായി സമർപ്പിച്ച ജീവിതം-ഈയൊരു വാചകത്തിൽനിന്നല്ലാതെ കെ. സേതുമാധവൻ നായരെക്കുറിച്ച് ആർക്കും ഒന്നും പറഞ്ഞുതുടങ്ങാനാവില്ല. പാലക്കാട്ട് മാതൃഭൂമി ഓഫീസ് പ്രവർത്തനമാരംഭിച്ച 1957 മുതൽ 2014 സെപ്റ്റംബർ 22-ന് മരിക്കുംവരെ ഈ സ്ഥാപനത്തിനൊപ്പം സഞ്ചരിച്ചു. അറ്റൻഡറായി ജോലിയിൽ പ്രവേശിച്ച് അതേ സ്ഥാപനത്തിൽ യൂണിറ്റ് മാനേജരും പ്രിൻറർ ആൻഡ് പബ്ലിഷറുമായി ഉയർന്ന അപൂർവചരിത്രംകൂടി പാലക്കാട്ടുകാരുടെ സേതുവേട്ടൻ മാധ്യമരംഗത്ത് രചിച്ചു. ഔദ്യോഗികജീവിതത്തിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും 'മാതൃഭൂമി'യുടെ ആശയങ്ങൾക്കൊപ്പം നിന്ന്, സ്ഥാപനത്തിന്റെ യശസ്സിനായി ഉഴിഞ്ഞിട്ട ജീവിതം.

പട്ടിണിയും പ്രാരബ്ധവും കുട്ടിക്കാലത്തുതന്നെ തൊഴിലിടങ്ങളിലേക്ക് വീഴ്ത്തി. പിന്നിട്ട ആ കഠിനജീവിതത്തിന്റെ കരുവാളിപ്പ് സ്വതവേ പ്രസന്നമായ ആ മുഖത്തുണ്ടായിരുന്നു. താണ്ടിയ ജീവിതവഴികൾ 'കനൽവഴികൾ' എന്ന പുസ്തകത്തിൽ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

അകത്തേത്തറ ചേപ്പിലമുറി അണവങ്കോട് വീട്ടിൽ നാരായണൻ നായരുടെയും കോമ്പിശ്ശൻ വീട്ടിൽ വേശു അമ്മയുടെയും മൂത്ത മകനായി 1938 മേയ് ആറിനാണ് ജനനം. പന്ത്രണ്ടാം വയസ്സിൽ ജോലി ചെയ്തുതുടങ്ങി. മുംബൈയിൽ വീട്ടുജോലി, മലമ്പുഴ അണക്കെട്ടുനിർമാണത്തിൽ കോൺക്രീറ്റുകൂട്ട് ചുമക്കൽ, ചായക്കടയിലെ ജോലിക്കൊപ്പം പുലർച്ചെ 'മാതൃഭൂമി' പത്രവിതരണം... ഒന്നു ചെരിഞ്ഞാൽ നിലത്ത് മുട്ടുന്ന തോൾസഞ്ചിയിൽ പത്രം നിറച്ച്, നടന്നാണ് വിതരണം. പത്രവിതരണം കഴിഞ്ഞാൽ സേതുവെന്ന ബാലൻ വള്ളിട്രൗസറുമിട്ട് ബസ്സ്റ്റാൻഡിൽ ചുമടെടുക്കാനും നിൽക്കും. ഉച്ചതിരിഞ്ഞാൽ ചായക്കടജോലി. ജീവിതത്തിലൊരു ഉയർച്ച വേണമെന്ന മോഹമാണ് പത്രം ഏജന്റിലേക്കെത്തിച്ചത്. സബ് ഏജന്റാകാൻ നൂറുരൂപ സെക്യൂരിറ്റിനിക്ഷേപമായി നൽകണം. അതിന് പണമില്ല. ചായക്കടയുടമയോട് അമ്മ വിഷയം അവതരിപ്പിച്ചു. ''പണമില്ല, പ്രോനോട്ട് കൊടുക്കാം''-ചായക്കടയുടമ പറഞ്ഞു. അങ്ങനെ 25 കോപ്പിയുടെ ഏജന്റായി. 'കനൽവഴികളി'ൽ സേതുവേട്ടൻ കുറിച്ചു: ''ചായക്കടക്കാരൻ ഷണ്മുഖം ചെട്ടിയാർക്ക് ദൈവത്തിന്റെ മുഖമാണ്.''

1957 ഒക്ടോബർ രണ്ടിന് പാലക്കാട് ഓഫീസ് തുടങ്ങിയപ്പോൾ അറ്റൻഡർ തസ്തികയിലേക്ക് നിയമിക്കപ്പെട്ടതോടെ 'മാതൃഭൂമി'യിലെ ഔദ്യോഗികജീവിതത്തിനും തുടക്കമായി. സെയിൽസ് ഓർഗനൈസർ, ഏജൻസി സൂപ്പർവൈസർ, ഇൻസ്‌പെക്ടർ ഓഫ് ഏജൻസീസ് എന്നീ തസ്തികകളിൽ ജോലിചെയ്തശേഷം, പാലക്കാട് ബ്രാഞ്ച് ഓഫീസിന്റെ മാനേജരായി. 2004-ൽ പാലക്കാട് എഡിഷൻ തുടങ്ങിയപ്പോൾ യൂണിറ്റ് മാനേജരായി. എഡിഷന്റെ പ്രിന്ററും പബ്ലിഷറുമായിരുന്നു. മരണംവരെ ഈ പദവിയിൽ തുടർന്നു.

പാലക്കാട് മാതൃഭൂമി ഓഫീസ് തുടക്കംമുതലേ പൊതുമണ്ഡലത്തിലെ പ്രമുഖരുടെ സംഗമവേദിയായിരുന്നു. സേതുവേട്ടൻ അവിടെ നല്ല ആതിഥേയനായി. പി. ബാലൻ, കെ. ശങ്കരനാരായണൻ, സി.വി. രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വി.സി. കബീർ, കെ.എ. ചന്ദ്രൻ, കെ.പി. ഗംഗാധരമേനോൻ, മുണ്ടൂർ സേതുമാധവൻ, വി.എസ്. വിജയരാഘവൻ തുടങ്ങിയവർ സായാഹ്നങ്ങളിൽ നിത്യസന്ദർശകരായിരുന്നു. കവി പി. കുഞ്ഞിരാമൻ നായർ പാലക്കാട്ടെ അദ്ദേഹത്തിന്റെ 'മാതൃഭൂമി' സന്ദർശനം പലകുറി സ്മരിച്ചിട്ടുണ്ട്.

''എന്ത് കാര്യം പറഞ്ഞാലും സത്യസന്ധമായും ആത്മാർത്ഥമായും സേതു അത് ചെയ്തിരിക്കും''-'കനൽവഴികളു'ടെ അവതാരികയിൽ, മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ പ്രശംസാവാചകമുണ്ട്.

നന്മയുടെ വിളക്കുമരമായുള്ള സേതുവേട്ടന്റെ ജീവിതയാത്രയിൽ ഭാര്യ, നെന്മാറ രക്കരാത്തുപാറയിൽ കമലം, സ്‌നേഹബലമായി ഒപ്പം നിന്നു. അച്ഛന്റെ മരണം വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് മൂത്ത മകനും മാതൃഭൂമി സീനിയർ മാനേജരുമായ (മീഡിയ സൊല്യൂഷൻസ്-പ്രിന്റ്) ആർ.പി. മോഹൻദാസ് പറയുന്നു. അധ്യാപികയായിരുന്ന ഗീത, 'മാതൃഭൂമി' ജീവനക്കാരനായ രാമദാസ്, ഹേമ എന്നിവരാണ് മറ്റ് മക്കൾ.

തയ്യാറാക്കിയത്: അനിൽ വള്ളിക്കാട്

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented