കെ. പരമേശ്വരൻ പിള്ള
ഹരിപ്പാട്: 'നടന്നും സൈക്കിളിലും വള്ളത്തിലും യാത്രചെയ്തുമൊക്കെയാണ് അച്ഛൻ മാതൃഭൂമിപത്രം വരിക്കാർക്ക് എത്തിച്ചിരുന്നത്. കോഴിക്കോട്ടുനിന്നു പത്രമിറങ്ങുന്ന കാലംമുതൽ അച്ഛൻ ഏജന്റായിരുന്നു. പിന്നീട്, 1962-ൽ കൊച്ചിയിൽനിന്നു പ്രസീദ്ധീകരണം തുടങ്ങിയതോടെ കൂടുതൽ വരിക്കാരെ കണ്ടെത്തി. ഹരിപ്പാടിനൊപ്പം കരുവാറ്റയിലും ആയാപറമ്പിലും ചെറുതനയിലും കാർത്തികപ്പള്ളിയിലുമെല്ലാം മാതൃഭൂമിയുമായി എത്തിയിരുന്നു'- മാതൃഭൂമിയുടെ ഹരിപ്പാട്ടെ ആദ്യകാല ഏജന്റ് കെ. പരമേശ്വരൻപിള്ളയുടെ പ്രവർത്തനങ്ങളെപ്പറ്റി മകനും ഇപ്പോഴത്തെ ആയാപറമ്പ് ഏജന്റുമായ പി. കാർത്തികേയൻ ഓർക്കുന്നു.
കൊച്ചി ഓഫീസിൽ പോകുമ്പോൾ മക്കളെയും ഒപ്പംകൂട്ടുന്ന പതിവ് പരമേശ്വരൻപിള്ളയ്ക്കുണ്ടായിരുന്നു. ആൺമക്കൾ രണ്ടുപേരും പിന്നീട്, ഏജന്റുമാരായി മാതൃഭൂമിയോടുള്ള ആത്മബന്ധം ഊട്ടിയുറപ്പിച്ചത് അച്ഛനൊപ്പം മാതൃഭൂമിയുടെ ആദ്യകാല പ്രവർത്തകരുമായി തുടങ്ങിയ ബന്ധത്തിന്റെ കരുത്തിലാണെന്നും കാർത്തികേയൻ പറഞ്ഞു.

ചെറുതനഭാഗത്ത് ആറുകടന്നുവേണം പത്രം കൊടുക്കാൻ പോകേണ്ടിയിരുന്നത്. വള്ളമായിരുന്നു ആശ്രയം. കൊച്ചി എഡിഷൻ തുടങ്ങിയതോടെ രാവിലെ ഹരിപ്പാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ പത്രം എത്തിത്തുടങ്ങി. വായനക്കാർ കൂടിയതോടെ വിതരണത്തിന് ആളുകളെ ചുമതലപ്പെടുത്തേണ്ടിവന്നു. വിതരണക്കാരുണ്ടെങ്കിലും പരമേശ്വരൻപിള്ള നേരിട്ട് പത്രം തരണമെന്നു വാശിപിടിക്കുന്ന വരിക്കാരുണ്ടായിരുന്നെന്ന് കാർത്തികേയൻ ഓർക്കുന്നു.
വരിക്കാരുടെ വീടുകളിലെ ചടങ്ങുകളിലെല്ലാം പങ്കെടുക്കാൻ പരമേശ്വരൻപിള്ള ശ്രദ്ധിക്കാറുണ്ടായിരുന്നു. മരണവും ഉത്സവങ്ങളുടെ വാർത്തകളും നാട്ടിലെ പ്രധാന സംഭവങ്ങളും മാതൃഭൂമി ഓഫീസിൽ എത്തിച്ചിരുന്നു. വാർത്തകൾ എഴുതി തപാലിലാണ് അയച്ചിരുന്നത്. രണ്ടുമൂന്നുദിവസത്തിനു ശേഷമായിരിക്കും അച്ചടിച്ചുവരുക.
താമല്ലാക്കൽ വൈക്കത്തേത്തായിരുന്നു പരമേശ്വരൻപിള്ളയുടെ കുടുംബവീട്. പിന്നീട്, പത്രവിതരണത്തിന്റെ സൗകര്യത്തിനായി ഹരിപ്പാട് നഗരത്തിൽ താമസമാക്കി. 1999 ഡിസംബർ 21- ന് പരമേശ്വരൻപിള്ള അന്തരിച്ചു. 90 വയസ്സായിരുന്നു. തുടർന്ന് മാതൃഭൂമിയുടെ ഹരിപ്പാട്-കരുവാറ്റ ഏജൻസി ഭാര്യ കെ. ചെല്ലമ്മയുടെ പേരിലേക്കു മാറ്റി. പിന്നീട്, ഇളയമകൻ മുരളിയാണ് ഈ ഏജൻസി നടത്തുന്നത്. മൂത്തമകൻ പി. കാർത്തികേയന് ആയാപറമ്പ് എന്ന പേരിൽ മറ്റൊരു ഏജൻസിയാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..